-->
വാഷിങ്‌ടണ്‍: ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ഇടഞ്ഞതിനു പിന്നാലെ പ്രതിരോധ തന്ത്രത്തില്‍ മാറ്റം വരുത്തി യു.എസ്. സഖ്യകക്ഷികള്‍ക്ക് ഇനി 'പരിമിതമായ' പിന്തുണയാകും നല്‍കുകയെന്നു പെന്റഗണ്‍ അറിയിച്ചു. പെന്റഗണിന്റെ പ്രഥമ പരിഗണന ഇനി അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്‌ക്കായിരിക്കും.
ചൈനയേക്കാള്‍ പ്രാധാന്യവും ആഭ്യന്തര സുരക്ഷയ്‌ക്കു ലഭിക്കും. നേരത്തെ പ്രതിരോധ മുന്‍ഗണനകളില്‍ ചൈനീസ് ഭീഷണിക്ക് ഒന്നാം സ്‌ഥാനമായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനയുമായുള്ള ബന്ധം 'ഏറ്റുമുട്ടലുകളിലൂടെയല്ല, ഘടനാപരമായ മാറ്റങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകും.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കനുസരിച്ചാണു പുതിയ പ്രതിരോധ തന്ത്രം തയാറാക്കിയിരിക്കുന്നത്. റഷ്യയുടെയും ഉത്തരകൊറിയയുടെയും ഭീഷണികളെ നേരിടുന്നതില്‍ സഖ്യകക്ഷികള്‍ കൂടുതല്‍ 'ഭാരം പങ്കിടാന്‍' തയാറാകണമെന്നു യു.എസ്. ആവശ്യപ്പെടുന്നു. 34 പേജുള്ള പുതിയ റിപ്പോര്‍ട്ട്, കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അമേരിക്കയുടെ ദേശീയ സുരക്ഷാ തന്ത്രത്തെ പിന്തുടരുന്നു.
അതില്‍ യൂറോപ്പ് 'നാഗരികമായ തകര്‍ച്ചയെ' അഭിമുഖീകരിക്കുന്നുവെന്നും റഷ്യയെ അമേരിക്കയ്‌ക്ക് ഭീഷണിയായി കണക്കാക്കുന്നില്ലെന്നും പറഞ്ഞിരുന്നു. 2018ല്‍ പെന്റഗണ്‍ ചൈനയെയും റഷ്യയെയും പോലുള്ള ശക്‌തികളെ അമേരിക്കയുടെ സുരക്ഷയ്‌ക്ക് 'കേന്ദ്രീകൃതമായ വെല്ലുവിളിയായി' വിശേഷിപ്പിച്ചിരുന്നു. പുതിയ തന്ത്രം അമേരിക്കന്‍ സഖ്യകക്ഷികളോട് കൂടുതല്‍ സജീവമാകാന്‍ ആവശ്യപ്പെടുന്നു. മുന്‍ കാല ഭരണകൂടങ്ങള്‍ അമേരിക്കക്കാരുടെ 'പ്രത്യക്ഷ താല്‍പ്പര്യങ്ങളെ' അവഗണിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങളെ 'ലോകത്തിലെ മറ്റുള്ളവരുടേതുമായി കൂട്ടിക്കലര്‍ത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല. ലോകത്തിന്റെ മറുവശത്തുള്ള ഒരാള്‍ നേരിടുന്ന ഭീഷണി അമേരിക്കക്കാരന്‍ നേരിടുന്നതിന് തുല്യമല്ല.' പകരം, സഖ്യകക്ഷികള്‍, പ്രത്യേകിച്ച് യൂറോപ്പ്, ഗുരുതരമായ ഭീഷണികള്‍ക്കെതിരേ രംഗത്തിറങ്ങണം. ഏതാണ്ട് നാല് വര്‍ഷം മുമ്പ് യുൈക്രനില്‍ അധിനിവേശം ആരംഭിച്ച റഷ്യയെ 'നാറ്റോയുടെ അംഗങ്ങള്‍ക്ക് സ്‌ഥിരമായതും എന്നാല്‍ നിയന്ത്രിക്കാവുന്നതുമായ ഭീഷണിയായി' റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നു. മുമ്പത്തെ തന്ത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചൈന അവകാശവാദം ഉന്നയിക്കുന്ന സ്വയംഭരണ ദ്വീപായ തായ്‌വാനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എങ്കിലും, 'ചൈന ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്ക് ആധിപത്യം സ്‌ഥാപിക്കാന്‍ കഴിയാത്ത അവസ്‌ഥ ഉറപ്പാക്കുക' എന്നതാണ് ലക്ഷ്യമെന്ന് രേഖ പറയുന്നു.
കഴിഞ്ഞ വര്‍ഷാവസാനം, തായ്‌വാനു 1100 കോടി ഡോളറിന്റെ വലിയ ആയുധ വില്‍പ്പന അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൈന ദ്വീപിന് ചുറ്റും സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഉത്തരകൊറിയയോടുള്ള അമേരിക്കയുടെ നിലപാടിലും മാറ്റമുണ്ട്. പ്രതിരോധത്തിനു ദക്ഷിണ കൊറിയ കൂടുതല്‍ പങ്കുവഹിക്കണം.
പനാമ കനാല്‍, ഗള്‍ഫ് ഓഫ് അമേരിക്ക, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ അമേരിക്കയുടെ സൈനിക, വാണിജ്യ പ്രവേശനം പെന്റഗണ്‍ ഉറപ്പാക്കും. അമേരിക്ക നാറ്റോയില്‍നിന്ന് 'ഒന്നും നേടിയിട്ടില്ല' എന്നാണു ട്രംപിന്റെ നിലപാട്.