Wednesday, March 11, 2026 Last Updated 33 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.41 AM

ഇന്ത്യയ്‌ക്കെതിരായ 25% തീരുവ പിന്‍വലിക്കാനൊരുങ്ങി യു.എസ്‌.

ദാവോസ്‌: റഷ്യയില്‍നിന്ന്‌ എണ്ണ വാങ്ങുന്നതു ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, ഇന്ത്യയ്‌ക്കുമേല്‍ ഏര്‍പ്പെടുത്തിയ 25% അധികത്തീരുവ അവസാനിപ്പിച്ചേക്കുമെന്നു യു.എസ്‌. ധനകാര്യ സെക്രട്ടറി സ്‌കോട്ട്‌ ബെസെന്ത്‌. അധികത്തീരുവ ഏര്‍പ്പെടുത്തിയ നടപടി വന്‍വിജയമായിരുന്നെന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
യു.എസ്‌. തീരുവയേത്തുടര്‍ന്ന്‌ റഷ്യയില്‍നിന്നുള്ള ഇന്ത്യന്‍ റിഫൈനറികളുടെ എണ്ണ ഇടപാട്‌ തകര്‍ന്നതായി ബെസെന്ത്‌ അവകാശപ്പെട്ടു. ഇന്ത്യ മറ്റ്‌ ഊര്‍ജസ്രോതസുകള്‍ തേടുകയാണ്‌. ഇത്‌ അമേരിക്കന്‍ സാമ്പത്തികമേഖലയ്‌ക്കു ഗുണകരമാണ്‌. അതുകൊണ്ടുതന്നെ തീരുവ പിന്‍വലിക്കാനാണ്‌ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍നിന്ന്‌ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 500% തീരുവ ചുമത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ യു.എസ്‌. കോണ്‍ഗ്രസില്‍ നടക്കുന്നതിനിടെയാണ്‌ ബെസെന്തിന്റെ പ്രതികരണം. ജനങ്ങള്‍ക്കു താങ്ങാനാകുന്ന വിധത്തില്‍ ഊര്‍ജം കണ്ടെത്തുകയെന്ന നയമാണ്‌ പിന്തുടരുന്നതെന്ന്‌ ഇന്ത്യ നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഊര്‍ജനയത്തിന്റെ കാര്യത്തില്‍ രാജ്യതാത്‌പര്യത്തിനാണ്‌ പ്രഥമപരിഗണന. 500% അധികത്തീരുവ ചുമത്താനുള്ള യു.എസ്‌. നീക്കം നിരീക്ഷിച്ചുവരുകയാണെന്നും വിദേശകാര്യവക്‌താവ്‌ രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്‌തമാക്കി.
റഷ്യയില്‍നിന്ന്‌ എണ്ണ വാങ്ങുന്നതിലുടെ ഇന്ത്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്റെ യുദ്ധക്കൊതിക്ക്‌ ഇന്ധനം പകരുകയാണെന്നാണ്‌ യു.എസ്‌. ആരോപണം. ഇന്ത്യയില്‍നിന്ന്‌ സംസ്‌കരിച്ച റഷ്യന്‍ എണ്ണ വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരായ യുദ്ധത്തിനു സാമ്പത്തികസഹായം നല്‍കുകയാണെന്നും ബെസെന്ത്‌ കുറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിരോധാഭാസവും വിഡ്‌ഢിത്തവുമെന്നാണ്‌ യു.എസ്‌. ധനകാര്യ സെക്രട്ടറി വിശേഷിപ്പിച്ചത്‌. ഇന്ത്യ-യൂറോപ്പ്‌ സ്വതന്ത്ര
വ്യാപാരക്കരാര്‍
നിര്‍ണായകം

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇ.യു) തമ്മില്‍ നടക്കുന്ന സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ചകളെയും ബെസെന്ത്‌ വിമര്‍ശിച്ചു. 200 കോടി ജനങ്ങളെയും ആഗോള ജി.ഡി.പിയുടെ 25 ശതമാനത്തെയും ഉള്‍ക്കൊള്ളുന്ന നിര്‍ദിഷ്‌ട കരാറിനെ, 'എല്ലാ കരാറുകളുടെയും മാതാവ്‌' എന്നാണ്‌ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്‌ ഉര്‍സുല വോണ്‍ ഡെര്‍ ലിയെന്‍ വിശേഷിപ്പിച്ചത്‌. ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന 16-ാം ഇ.യു-ഇന്ത്യ ഉച്ചകോടിയില്‍ കരാറിനു രൂപരേഖയാകുമെന്നാണ്‌ സൂചന. അതിനായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്‌ അടുത്തയാഴ്‌ച ന്യൂഡല്‍ഹിയിലെത്തും. റഷ്യന്‍ എണ്ണ വിവാദങ്ങള്‍ക്കുമപ്പുറം, ഇന്ത്യയെ തന്ത്രപ്രധാന സാമ്പത്തികപങ്കാളിയായാണ്‌ യൂറോപ്പ്‌ കണക്കാക്കുന്നത്‌.

Ads by Google
Sunday 25 Jan 2026 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW