-->
കരാക്കാസ്: വെനസ്വേലയിലെ യു.എസ്. ഇടപെടല്‍ സംബന്ധിച്ച് ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സംഭാഷണം പുറത്ത്. യു.എസ്. ആക്രമണം നടക്കുമ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു അവര്‍. നിക്കോളാസ് മഡുറോയുടെ അറസ്‌റ്റിന് ശേഷം നടന്ന യോഗത്തിനെ സംഭാഷണങ്ങളാണു ചോര്‍ന്നത്. 'ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ 15 മിനിറ്റ് സമയം തന്നു, അനുസരിച്ചില്ലെങ്കില്‍ വധിക്കുമെന്നും അവര്‍ പറഞ്ഞു'- യോഗത്തില്‍ ഡെല്‍സി പറഞ്ഞു.
ആറ് മിനിറ്റ് നീണ്ട സംഭാഷണമാണു പുറത്തുവന്നത്. അമേരിക്കന്‍ സൈനികര്‍ മഡുറോയെയും ഭാര്യയെയും തടവിലാക്കി എന്ന റിപ്പോര്‍ട്ടല്ല ഡെല്‍സിക്കു ലഭിച്ചത്. ഇരുവരും കൊല്ലപ്പെട്ടെന്നാണ് യു.എസ്. അവരെ അറിയിച്ചത്. താനും സഹോദരനും 'അതേ വിധി പങ്കിടാന്‍ തയാറായിരുന്നു' എന്നും അവര്‍ പറയുന്നു.
'ഈ സാഹചര്യങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത് വേദനാജനകമാണ്. അവര്‍ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ ആദ്യ നിമിഷം മുതല്‍ ഭീഷണികള്‍ ആരംഭിച്ചു. ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ 15 മിനിറ്റ് സമയം തന്നു, അല്ലെങ്കില്‍ അവരെന്നെ കൊല്ലുമെന്ന് പറഞ്ഞു. ഡിയോസ്‌ഡാഡോയും (ആഭ്യന്തര മന്ത്രി), ജോര്‍ജും (ഡെല്‍സിയുടെ സഹോദരനും കോണ്‍ഗ്രസ് പ്രസിഡന്റും) ഞാനും പ്രതികരിക്കാന്‍ തയാറായിരുന്നു. മഡുറോയും ഭാര്യയും വധിക്കപ്പെട്ടതായി അമേരിക്കന്‍ സൈനികര്‍ ഞങ്ങളോട് പറഞ്ഞു. ഞാന്‍ നിങ്ങളോട് പറയുന്നു, ഈ നിമിഷം വരെ ഞങ്ങള്‍ ആ പ്രസ്‌താവനയ്‌ക്ക് ഉറച്ചുനില്‍ക്കുന്നു, കാരണം ഭീഷണികളും ബ്ലാക്ക്‌മെയിലും നിരന്തരമാണ്, അതിനാല്‍ നമ്മള്‍ ക്ഷമയോടെയും തന്ത്രപരമായ ജാഗ്രതയോടെയും വളരെ വ്യക്‌തമായ ലക്ഷ്യങ്ങളോടെയും മുന്നോട്ട് പോകണം'- അവര്‍ പറഞ്ഞു.
ഡെല്‍സി മൈക്രോഫോണ്‍ ഏറ്റെടുക്കുന്നതിന് മുമ്പ്, കമ്യൂണിക്കേഷന്‍ മന്ത്രി ഫ്രെഡി നാഞ്ചസ് അവരെ പിന്തുണച്ചുകൊണ്ടു പ്രസംഗിച്ചിരുന്നു. 'വെനസ്വേലയെ അവഹേളിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ഗോസിപ്പുകള്‍, കിംവദന്തികള്‍, ഗൂഢാലോചനകള്‍, ശ്രമങ്ങള്‍' എന്നിവ അവസാനിപ്പിക്കണ'മെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
2025 നവംബറിലാണ് യു.എസ്. ഉദ്യോഗസ്‌ഥര്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായുള്ള രഹസ്യ ആശയവിനിമയം ആരംഭിച്ചത്. ആ സമയത്താണ് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനസ്വേലന്‍ പ്രസിഡന്റ് മഡുറോയോട് രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടത്, എന്നാല്‍ അദ്ദേഹം അതിന് വിസമ്മതിച്ചു. മഡുറോയെ പിടികൂടിയ ദിവസം, ഡെല്‍സി മോസ്‌കോയിലേക്ക് പലായനം ചെയ്‌തു എന്ന കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ സംഭവങ്ങള്‍ വികസിക്കുന്നതിനായി മാര്‍ഗരിറ്റ ദ്വീപില്‍ കാത്തിരിക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.
ജനുവരി 5 ന്, അവര്‍ കാരക്കാസില്‍ മടങ്ങിയെത്തി, മഡുറോയ്‌ക്ക് ശേഷം ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്‌ഞ ചെയ്‌തു. ദേശീയ അസംബ്ലിയുടെ മേധാവിയായ അവരുടെ സഹോദരന്‍ ജോര്‍ജ് റോഡ്രിഗസും മാസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്‌ത പരിവര്‍ത്തന ചട്ടക്കൂടിന് അനുസൃതമായി ഒരു പ്രധാന പങ്ക് വഹിച്ചു.
മഡുറോയുടെ അറസ്‌റ്റിന് ശേഷം ഡെല്‍സിയുമായുള്ള രഹസ്യ ചര്‍ച്ചകളെക്കുറിച്ചു ട്രംപും സംസാരിച്ചിട്ടുണ്ട്.
'ഞങ്ങള്‍ അവരുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.