-->
ദാവോസ്: ഗ്രീന്‍ലാന്‍ഡില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ സംവിധാനത്തോടുള്ള കാനഡയുടെ എതിര്‍പ്പിനെ നിശിതമായി വിമര്‍ശിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം സുരക്ഷ ദുര്‍ബലപ്പെടുത്തി ഒട്ടാവ ചൈനയുമായുള്ള ബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്തുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. വിശാലമായ മിസൈല്‍ കവചം കാനഡയെ സംരക്ഷിക്കക്കുമെന്നു ട്രൂത്ത് സോഷ്യലിലെ പോസ്‌റ്റില്‍ ട്രംപ് അവകാശപ്പെട്ടു. എന്നിട്ടും ഗ്രീന്‍ലാന്‍ഡിന് മുകളില്‍ ഗോള്‍ഡന്‍ ഡോം നിര്‍മിക്കുന്നതിനെ അവര്‍ എതിര്‍ക്കുകയാണ്. എന്നിട്ട് ചൈനയുമായി ബിസിനസ് കൂട്ടുകെട്ട് ശക്‌തമാക്കാന്‍ അവര്‍ തുനിയുന്നു. അങ്ങനെവന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ ചൈന അവരെ വിഴുങ്ങും- ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്ക കഴിഞ്ഞാല്‍ കാനഡയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനയുമായുള്ള സാമ്പത്തിക ബന്ധം പുനഃസ്‌ഥാപിക്കാനുള്ള ലക്ഷ്യത്തോടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അടുത്തിടെ ബീജിങ് സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് സ്വരം കടുപ്പിക്കുന്നത്.
കാര്‍ണിയുടെ സന്ദര്‍ശനത്തില്‍ കനേഡിയന്‍ കാര്‍ഷിക കയറ്റുമതികളുടെ താരിഫ് കുറയ്‌ക്കാനും കാനഡയിലേക്ക് പ്രവേശിക്കുന്ന ചൈനീസ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ക്വാട്ടകള്‍ സ്‌ഥാപിക്കാനമുള്ള കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. യു.എസുമായുള്ള ബന്ധത്തില്‍നിന്ന് കാനഡയ്‌ക്ക് ആനുപാതികമല്ലാത്ത നേട്ടങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ട്രംപിന്റെ വാദം. അതുകൊണ്ട് അവര്‍ നന്ദി കാട്ടണം. കാനഡയുടെ സുരക്ഷ പൂര്‍ണമായും വാഷിങ്‌ടണിനെ ആശ്രയിച്ചിരിക്കുന്നു. കാനഡ കഴിയുന്നത് അമേരിക്ക കാരണമാണെന്നും ട്രംപ് പറയുന്നു. എന്നാല്‍, കാനഡ അഭിവൃദ്ധിപ്പെടുന്നത് നമ്മള്‍ കാനഡക്കാരായതുകൊണ്ടാണ് എന്ന് കാര്‍ണി തിരുത്തി.