-->
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ താരമാകാന്‍ പോകുന്നത് ഒരു പ്രത്യേകയിനം ഒട്ടകമാണ്. ബാക്ട്രിയന്‍ ഒട്ടകം. ലഡാക്കില്‍ സേനാവിഭാഗങ്ങള്‍ക്കു സഞ്ചാരത്തിനും സാമഗ്രികള്‍ നീക്കുന്നതിനും വലിയ സഹായമാണ് ഈ ഒട്ടകങ്ങള്‍. ഒട്ടകം എന്നു കേള്‍ക്കുമ്പോള്‍ മുതുകില്‍ ഒരു മലപോലെ പൂഞ്ഞയുള്ള ഡ്രോമെഡറി ഇനം ഒട്ടകമാണ് നമ്മുടെ മനസ്സിലെത്തുക. എന്നാല്‍ ബാക്ട്രിയന്‍ ഒട്ടകത്തിന് 2 പൂഞ്ഞയാണുള്ളത്.
മധ്യേഷ്യയിലെ കഠിനമായ പുല്‍മേടുകളിലെയും മരുഭൂമികളിലെയും ഒരു വലിയ സസ്തനിയാണ് ഇത്. വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത പഞ്ഞനാളുകളില്‍ ഊര്‍ജവും ജലവുമാക്കി മാറ്റാന്‍ കഴിയുന്ന കൊഴുപ്പാണ് ഈ കൂഞ്ഞകളില്‍ സംഭരിക്കുന്നത്. ഇണക്കി വളര്‍ത്തുന്ന ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ മംഗോളിയ, ചൈന, കസഖ്സ്ഥാന്‍, പശ്ചിമേഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നു. ഇവയുടെ എണ്ണം ഇരുപത് ലക്ഷത്തിലധികമാണ്.
കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളതിനാല്‍ ശൈത്യകാലത്ത് 30 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും വേനല്‍ക്കാലത്ത് 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുകയും ചെയ്യുന്ന താപനിലാ വ്യതിയാനവും ഇവ അതിജീവിക്കും. കൊടുംതണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കട്ടിയുള്ള രോമക്കുപ്പായം വസന്തകാലത്ത് വലിയ പാളികളായി പൊഴിഞ്ഞുപോകും. വീശിയടിക്കുന്ന മണല്‍ക്കാറ്റില്‍ നിന്നും പൊടിയില്‍ നിന്നും കണ്ണുകളെയും മൂക്കിനെയും സംരക്ഷിക്കാന്‍ ഇരട്ടനിരയുള്ള കണ്‍പീലികളും അടയ്ക്കാന്‍ കഴിയുന്ന നാസാദ്വാരങ്ങളുമുണ്ട് ബാക്ട്രിയന്‍ ഒട്ടകത്തിന്. മൃദുവായ മണലിലോ മഞ്ഞിലോ താഴ്ന്നുപോകാതെ സഹായിക്കുന്ന പരന്ന പാദങ്ങളാണ് ഇവയുടേത്.