-->
ലോകത്തെ ഏറ്റവും വലിയ ഹിമശൈലമായിരുന്ന എ23എ (A23a) അതിന്റെ അന്ത്യത്തിലെത്തി. പതിറ്റാണ്ടുകളോളം അന്റാര്‍ട്ടിക്കന്‍ കടലില്‍ പ്രതാപത്തോടെ നിലകൊണ്ട ഈ ഭീമന്‍ മഞ്ഞുപാളി ഇപ്പോള്‍ അതിവേഗം വിഘടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൈനീസ് ഉപഗ്രഹമായ ഫെങ്യുന്‍-3 കണ്ടെത്തി. 2023 മുതല്‍ ഉപഗ്രഹം ഹിമശൈലത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
1986ല്‍ അന്റാര്‍ട്ടിക്കയിലെ ഫില്‍ക്‌നര്‍ ഹിമപാളിയില്‍ (Flichner Ice Shelf)നിന്ന് വേര്‍പെടുമ്പോള്‍ എ23എയ്ക്ക് ഏകദേശം 4170 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളനുസരിച്ച് ഇതിന്റെ വിസ്തീര്‍ണം വെറും 506 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. അതായത് ആദ്യ വലുപ്പത്തിന്റെ എട്ടിലൊന്നായി ഈ മഞ്ഞുമല മാറി. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഘടിക്കുന്നതിന്റെ വേഗം വര്‍ധിച്ചതായി നാഷണല്‍ സാറ്റലൈറ്റ് മെറ്റീരിയോളജിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞരും കണ്ടെത്തി.
ചൂട് ഉയരുന്നതുമൂലം മഞ്ഞുപാളിയില്‍നിന്ന് ഒഴുകുന്ന ജലം വിള്ളലുകളിലൂടെ നങ്ങിച്ചെന്ന് വലിയ മര്‍ദം ചെലുത്തുന്നതിലൂടെ മഞ്ഞുപാളികള്‍ പൊട്ടിപ്പിളരുന്നു. ദക്ഷിണാര്‍ധഗോളത്തിലെ നിലവിലെ വേനല്‍ക്കാല സാഹചര്യവും മൂന്ന് ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള കടല്‍വെള്ളത്തിലെ ചൂടും മഞ്ഞുപാളിയെ വേഗത്തില്‍ ഉരുക്കും. വരും ആഴ്ചകളില്‍ത്തന്നെ എ23എ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തില്‍ അതിപ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ ഗവേഷകര്‍ കാണുന്നത്.