Wednesday, March 11, 2026 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.37 PM

സിക്‌സറുകളുടെ എണ്ണത്തിലും റെക്കോഡിട്ടു

uploads/news/2026/03/829517/sp1.jpg

കഴിഞ്ഞ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സിക്‌സറുകളുടെ എണ്ണത്തിലും റെക്കോഡിട്ടു. 780 സിക്‌സറുകളാണ്‌ ഇന്ത്യയും ശ്രീലങ്കയിലുമായി നടന്ന ലോകകപ്പില്‍ പിറന്നത്‌. 2024 ലെ വെസ്‌റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ആകെ 517 സിക്‌സറുകളാണു പറന്നത്‌. 50.87 ശതമാനം വര്‍ധനയാണു രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ പട്ടിക പ്രകാരമുണ്ടായത്‌.
പന്തും സിക്‌സറും തമ്മിലുള്ള അനുപാതത്തില്‍ (15.52) ഈ ലോകകപ്പ്‌ മുന്നിലാണ്‌. ഇന്ത്യയില്‍ നടന്ന 35 മത്സരങ്ങളിലായി 600 സിക്‌സറുകളും ശ്രീലങ്കയില്‍ നടന്ന ശേഷിച്ച മത്സരങ്ങളിലായി 180 സിക്‌സറുകളുമാണുണ്ടായത്‌. കെനിയയ്‌ക്കെതിരേ 2007 ല്‍ ശ്രീലങ്ക നേടിയ ആറിന്‌ 260 എന്ന സ്‌കോറാണ്‌ ട്വന്റി20 യില്‍ ഇപ്പോഴും ഏറ്റവും ഉയര്‍ന്നത്‌. അതിനു മാറ്റമുണ്ടായില്ലെങ്കിലും ഈ ലോകകപ്പില്‍ ആറ്‌ ടീമുകള്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തി. ഇന്ത്യ മൂന്നുവട്ടം ലങ്കയുടെ റെക്കോഡിന്‌ അടുത്തെത്തി. ലങ്ക റെക്കോഡിട്ട ശേഷം 363 മത്സരങ്ങള്‍ കഴിഞ്ഞെന്ന കൗതുകവുമുണ്ട്‌.
ചാമ്പ്യന്‍മാരായെങ്കിലും ഇന്ത്യക്ക്‌ ഒരു മോശം റെക്കോഡുണ്ട്‌. 15 ക്യാച്ചുകളാണ്‌ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്‌. മറ്റൊരു ടീമും പത്ത്‌ ക്യാച്ചുകളില്‍ കൂടുതല്‍ വിട്ടില്ല. 2022 ലോകകപ്പില്‍ 14 ക്യാച്ചുകള്‍ കളഞ്ഞ അയര്‍ലന്‍ഡിന്റെ റെക്കോഡാണ്‌ ഇന്ത്യ ''സ്വന്തമാക്കി''യത്‌. 383 റണ്ണെടുത്ത പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാനാണ്‌ ലോകകപ്പിലെ ടോപ്‌ സ്‌കോറര്‍. ഒരു ട്വന്റി20 ലോകകപ്പില്‍ രണ്ട്‌ സെഞ്ചുറികളടിക്കുന്ന ആദ്യ താരവും ഫര്‍ഹാനാണ്‌.
പാകിസ്‌താന്‍ നേടിയ റണ്ണിന്റെ 37.3 ശതമാനം ഫര്‍ഹാന്റെ ബാറ്റില്‍ നിന്നായിരുന്നു. ടീമിന്റെ അഞ്ച്‌ 50 റണ്‍ കൂട്ടുകെട്ടിലും ഫര്‍ഹാനുണ്ടായിരുന്നു. 780 സിക്‌സറുകള്‍ പിറന്ന ടൂര്‍ണമെന്റില്‍ 106 എണ്ണമാണ്‌ ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്‌. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറടിക്കുന്ന ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍ പിറന്ന (499) ഇന്ത്യ-ഇംഗ്ലണ്ട്‌ സെമി ഫൈനല്‍ മത്സരത്തിലും ബാറ്റര്‍മാര്‍ സിക്‌സറുകള്‍ കൊണ്ട്‌ ആറാടി.

ഈ മത്സരത്തില്‍ ആകെ പിറന്നത്‌ 34 സിക്‌സറുകള്‍. 19 എണ്ണം ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തു (സഞ്‌ജു സാംസണ്‍ - ഏഴ്‌, ശിവം ദുബെ- നാല്‌, തിലക്‌ വര്‍മ -മൂന്ന്‌, ഇഷാന്‍ കിഷന്‍-രണ്ട്‌, ഹാര്‍ദിക്‌ പാണ്ഡ്യ-രണ്ട്‌, സൂര്യകുമാര്‍ യാദവ്‌-ഒന്ന്‌) 15 സിക്‌സറുകള്‍ ഇംഗ്ലണ്ട്‌ താരങ്ങളും (ജേകബ്‌ ബെതല്‍ -ഏഴ്‌, ജോഫ്രാ ആര്‍ച്ചര്‍-മൂന്ന്‌, വില്‍ ജാക്‌സ്‌-രണ്ട്‌, ടോം ബാന്റണ്‍-രണ്ട്‌, ജോസ്‌ ബട്‌ലര്‍-ഒന്ന്‌) അടിച്ചിട്ടു. ഒരു ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറെന്ന റെക്കോഡ്‌ ഫൈനല്‍ മത്സരത്തോടെ സഞ്‌ജു സാംസണ്‍ സ്വന്തമാക്കി. അഞ്ച്‌ കളികളില്‍നിന്ന്‌ 24 സിക്‌സറുകളാണു സഞ്‌ജു അടിച്ചെടുത്തത്‌. 2014 ലോകകപ്പില്‍ വെസ്‌റ്റിന്‍ഡീസിന്റെ നികോളാസ്‌ പൂരാന്‍ കുറിച്ച 17 സിക്‌സറുകളുടെ ടൂര്‍ണമെന്റ്‌ തുടങ്ങി വൈകാതെ തിരുത്തി.
സാഹിബ്‌സാദ ഫര്‍ഹാനാണ്‌ (18) ആദ്യം റെക്കോഡിന്‌ അവകാശിയായത്‌. പിന്നാലെ വെസ്‌റ്റിന്‍ഡീസിന്റെ ഷിംറോണ്‍ ഹിറ്റ്‌മീര്‍ (19), ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ (20) എന്നിവരും റെക്കോഡ്‌ തിരുത്തി. പിന്നാലെയാണു സഞ്‌ജുവിന്റെ പ്രകടനം വരുന്നത്‌.

Ads by Google
Tuesday 10 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW