-->
ദുബായ്: ഇന്ത്യയുടെ ഓപ്പണര്‍ സ്‌മൃതി മന്ദാന വനിതകളുടെ ഏകദിന ക്രിക്കറ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി.
ഇന്ത്യന്‍ ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍ എട്ടാം സ്‌ഥാനവും നിലനിര്‍ത്തി. ജെമീമ റോഡ്രിഗഡ് ഒരു സ്‌ഥാനം ഇറങ്ങി 12 ലെത്തി. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പര 3-0 ത്തിന് കൈവിട്ടതോടെയാണ് റോഡ്രിഗഡിനു സ്‌ഥാന ചലനമുണ്ടായത്. ന്യൂസിലന്‍ഡ് താരങ്ങള്‍ പുതുക്കിയ റാങ്കിങ്ങില്‍ മുന്നേറി. സിംബാബ്‌വേയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പര 2-0 ത്തിനു സ്വന്തമാക്കിയതാണ് അവര്‍ക്കു ഗുണമായത്.
നായികയും ഓള്‍റൗണ്ടറുമായ അമേലിയ കെറായിരുന്നു പരമ്പര നേട്ടത്തിനു മുന്നില്‍ നിന്നത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ അഞ്ച് സ്‌ഥാനങ്ങള്‍ കയറിയ കെര്‍ 11 ലെത്തി. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒരു സ്‌ഥാനം കയറി അഞ്ചിലുമെത്തി. ബ്രൂക് ഹാലിഡെ 11-ാം സ്‌ഥാനത്തും മാഡി ഗ്രീന്‍ 22-ാം സ്‌ഥാനത്തുമെത്തി. ഹാലിഡെ ആദ്യ മത്സരത്തില്‍ 157 റണ്ണെടുത്തിരുന്നു. ഗ്രീന്‍ അതേ മത്സരത്തില്‍ 67 റണ്ണെടുത്തു.