-->
മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനു വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. 131 കോടി രൂപയാണ് ലോകകപ്പ് നേടിയ ടീമിന് ബോര്‍ഡ് വക സമ്മാനം.
ബി.സി.സി.ഐ. ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും വലിയ പാരിതോഷികമാണ്. 2024 ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. കിരീടം നിലനിര്‍ത്തിയതോടെയാണു സമ്മാനത്തുക വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ. 51 കോടി രൂപ പാരിതോഷികം നല്‍കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ആറാം തവണയും കിരീടം നേടിയ ടീമിന് അവര്‍ 7.5 കോടി രൂപയാണു നല്‍കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്‌്്. മൂന്ന് തവണ ട്വന്റി20 ലോകകപ്പ് നേടുന്ന ആദ്യ ടീമാണ് ഇന്ത്യ.
ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നെന്ന സ്‌ഥാനം കൂടുതല്‍ ഉറപ്പിച്ചു. ജേതാക്കളായതോടെ ഇന്ത്യക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വക മൂന്ന് ദശലക്ഷം ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ലഭിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളിലും സൂപ്പര്‍ 8 ലും ജയിച്ച ഓരോ മത്സരങ്ങള്‍ക്കും 28.6 ലക്ഷം രൂപ വീതം ബോണസായും ലഭിച്ചു. രണ്ടാം സ്‌ഥാനക്കാരായ ന്യൂസിലന്‍ഡിന് 1.6 ദശലക്ഷം ഡോളര്‍ (14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ടൂര്‍ണമെന്റിലെ വിവിധ ഘട്ടങ്ങളിലായി ആകെ 120 കോടി രൂപയാണ് സമ്മാനത്തുകയായി ടീമുകള്‍ക്ക് ഐ.സി.സി. നല്‍കിയത്. മുന്‍ പതിപ്പിനേക്കാള്‍ 20 ശതമാനം വര്‍ധനയാണു സമ്മാനത്തുകയില്‍ വരുത്തിയത്.