-->
കൊല്‍ക്കത്ത: വോട്ടര്‍ പട്ടിക പരിഷ്‌കരണത്തേക്കുറിച്ചുള്ള (എസ്.ഐ.ആര്‍) ആശങ്ക മൂലം പശ്‌ചിമബംഗാളില്‍ ദിവസേന മൂന്നോ നാലോ പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ മരണങ്ങളുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഏറ്റെടുക്കണമെന്നു മമത ആവശ്യപ്പെട്ടു. റെഡ് റോഡില്‍ നേതാജി സുഭാഷ്‌ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷികപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എസ്.ഐ.ആര്‍. ആശങ്ക മൂലം ഇതുവരെ 110 പേര്‍ മരിച്ചു. ദിവസേന 3-4 ആത്മഹത്യകള്‍ നടക്കുന്നു. നാല്‍പ്പത്തഞ്ചോളം പേര്‍ ആശുപത്രികളില്‍ ജീവനുവേണ്ടി മല്ലിടുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും നമ്മള്‍ ഈ രാജ്യത്തെ പൗരന്‍മാരാണോയെന്ന് തെളിയിക്കേണ്ടിവരുന്നു. ബംഗാളിനെതിരേ ബി.ജെ.പി. ഗൂഢാലോചന നടത്തുകയാണെന്നും മമത ആരോപിച്ചു.
മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, നേതാജി, ബി.ആര്‍. അംബേദ്‌കര്‍, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയ രാഷ്‌ട്രശില്‍പ്പികളെ ബി.ജെ.പി. അപമാനിക്കുന്നു. ഇന്ത്യയുടെ ചരിത്രം അട്ടിമറിക്കാനാണ് നീക്കം. നേതാജിയുടെ സങ്കല്‍പ്പമായ ആസൂത്രണ കമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കി. പകരം നിതി ആയോഗ് കൊണ്ടുവന്നു. നേതാജിയുടെ ജന്മദിനം പൊതുഅവധിയാക്കാത്തതു നിര്‍ഭാഗ്യകരമാണ്. കാവിപ്പടയുടെ ചരിത്രപാഠം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അതിന് ഇന്ത്യന്‍ ചരിത്രവുമായി ബന്ധമില്ല. നേതാജി ജീവിച്ചിരുന്നെങ്കില്‍ എസ്.ഐ.ആറിന്റെ പേരില്‍ പൗരത്വം തെളിയിക്കാന്‍ അദ്ദേഹത്തെയും വിളിച്ചുവരുത്തുമായിരുന്നെന്ന് മമത പരിഹസിച്ചു.
പേരിന്റെ പേരിലും നോട്ടീസ്!
പേരിലെ വ്യത്യാസം കൊണ്ടുപോലും ആളുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുകയാണെന്നു മമത ആരോപിച്ചു. ബംഗാളികള്‍ സ്‌ഥാനപ്പേര് വ്യത്യസ്‌തമായി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, തന്റെ പേരിനൊപ്പമുള്ള ബാനര്‍ജി എന്നത് ബന്ദോപാധ്യായ എന്നും ഉച്ചരിക്കാറുണ്ട്.
എസ്.ഐ.ആര്‍. നടപ്പാക്കുന്നവര്‍ക്ക് അതുപോലും അറിയില്ല. പേരിലെ ഇത്തരം വ്യത്യാസങ്ങളുടെ പേരില്‍ 1.38 കോടി ആളുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രായാധിക്യമുള്ളവരെപ്പോലും ഹിയറിങ്ങിനായി വിളിച്ചുവരുത്തുന്നു. നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിനു നോട്ടീസ് നല്‍കിയതും മമത ചൂണ്ടിക്കാട്ടി.