Wednesday, March 11, 2026 Last Updated 37 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.33 PM

അഞ്ച്‌ വയസുകാരനും കസ്‌റ്റഡിയില്‍

uploads/news/2026/01/822268/int1.jpg

വാഷിങ്‌ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരായ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ കടുത്ത നടപടികള്‍ക്കിടെ, മിനസോട്ടയിലെ പ്രീസ്‌കൂളില്‍നിന്നു വീട്ടിലേക്ക്‌ മടങ്ങിയ അഞ്ച്‌ വയസുകാരനായ ഇക്വഡോറിയന്‍ ബാലനെ ഇമിഗ്രേഷന്‍ ആന്‍ഡ്‌ കസ്‌റ്റംസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ (ഐ.സി.ഇ) ഏജന്റുമാര്‍ കസ്‌റ്റഡിയിലെടുത്തു. 17 വയസുള്ള രണ്ട്‌ കുട്ടികളും 10 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ്‌ ലിയാം കൊനെജോ റാമോസ്‌ എന്ന അഞ്ചുവയസുകാരനൊപ്പം കസ്‌റ്റഡിയിലാതെന്ന്‌ കൊളംബിയ ഹൈറ്റ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ ഡിസ്‌ട്രിക്‌സ്‌ സൂപ്രണ്ട്‌ സെന സെ്‌റ്റന്‍വിക്‌ പറഞ്ഞു.
അഭയത്തിന്‌ അപേക്ഷിച്ച്‌ യു.എസില്‍ നിയമപരമായി തുടരുന്നവരാണ്‌ റാമോസിന്റെ കുടുംബം. കുട്ടിയെയും പിതാവിനെയും ടെക്‌സസിലെ ഡില്ലിയിലുള്ള കുടുംബ തടങ്കല്‍ കേന്ദ്രത്തിലേക്ക്‌ കൊണ്ടുപോയതായി ഇവരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നീല തൊപ്പിയും സ്‌പൈഡര്‍മാന്‍ ബാക്ക്‌പാക്കും ധരിച്ച അഞ്ച്‌ വയസുകാരനെ ആയുധധാരികളായ ഫെഡറല്‍ ഉദ്യോഗസ്‌ഥര്‍ പിടികൂടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കുട്ടിയെയും പിതാവിനെയും കസ്‌റ്റഡിയിലെടുത്ത ഏജന്റുമാര്‍ കുട്ടിയെ വച്ച്‌ അമ്മയെ വീട്ടില്‍നിന്ന്‌ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി അയല്‍വാസികള്‍ പറഞ്ഞു. അകത്തു തന്നെ തുടരാന്‍ ലിയാമിന്റെ പിതാവ്‌ ഭാര്യയോട്‌ പറഞ്ഞു. അവരെ തടങ്കലില്‍ വയ്‌ക്കുന്നത്‌ ഒഴിവാക്കാനായിരുന്നു ഇതെന്ന്‌ കൊളംബിയ ഹൈറ്റ്‌സ്‌ സ്‌കൂള്‍ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ മേരി ഗ്രാന്‍ലണ്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
സ്‌കൂള്‍ അധികൃതരും റാമോസ്‌ കുടുംബത്തിലെ മുതിര്‍ന്നവരും അയല്‍ക്കാരും കുട്ടിയെ കൊണ്ടുപോകാന്‍ സന്നദ്ധരായെങ്കിലും ഐ.സി.ഇ ഉദ്യോഗസ്‌ഥര്‍ തയാറായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഐ.സി.ഇ ഏജന്റുമാര്‍ കുട്ടിയെ ഉന്നമിട്ടെന്ന ആരോപണം ഹോംലാന്‍ഡ്‌ സെക്യൂരിറ്റി വകുപ്പ്‌ (ഡി.എച്ച്‌.എസ്‌) തള്ളിക്കളഞ്ഞു. ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കസ്‌റ്റഡിയിലെടുത്തപ്പോള്‍ മകനെ ഉപേക്ഷിച്ച്‌ ലിയാമിന്റെ പിതാവ്‌ ഓടി. കുട്ടിയുടെ സുരക്ഷാര്‍ഥം ഐ.സി.ഇ ഓഫീസര്‍മാരില്‍ ഒരാള്‍ കുട്ടിയോടൊപ്പം തുടര്‍ന്നു. മറ്റ്‌ ഉദ്യോഗസ്‌ഥര്‍ പിതാവിനെ പിടികൂടി. മകന്‍ തന്നോടൊപ്പം തന്നെ പോരട്ടെയെന്ന്‌ ലിയാം നിര്‍ബന്ധിച്ചതുകൊണ്ടാണ്‌ ടെക്‌സസിലെ തടങ്കല്‍ ലോക്കപ്പിലേക്ക്‌ ഇരുവരെയും കൊണ്ടുപോയതെന്നും ഡി.എച്ച്‌.എസ്‌ വക്‌താവ്‌ ട്രീഷ്യ മക്‌ലോഫ്‌ലിന്‍ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ജെഡി വാന്‍സും ഡി.എച്ച്‌.എസ്‌. പ്രസ്‌താവന ആവര്‍ത്തിച്ചു.

Ads by Google
Friday 23 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW