-->
വാഷിങ്‌ടണ്‍: ആഗോളസമാധാനത്തിനായി രാജ്യാന്തരസമിതി (ബോര്‍ഡ് ഓഫ് പീസ്) രൂപീകരിച്ചതിനു തൊട്ടുപിന്നാലെ, ഇറാനെതിരേ യുദ്ധഭീഷണി മുഴക്കി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്! അറബിക്കടലിലെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്ക് വിമാനവാഹിനി പടക്കപ്പലായ 'യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍' നീങ്ങിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനെതിരായ നീക്കമെന്ന പേരിലാണ് ഇറാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള യു.എസ്. പടനീക്കം. ദക്ഷിണ ചൈനാക്കടലിലായിരുന്ന യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍, ട്രംപിന്റെ ഉത്തരവിനേത്തുടര്‍ന്ന് പടിഞ്ഞാറോട്ടുള്ള യാത്രയ്‌ക്കിടെ ഇന്ത്യന്‍ മഹാസമുദ്രമേഖലയിലാണ് ഒടുവില്‍ കാണപ്പെട്ടത്.
എന്നാല്‍, എതിരാളികളുടെ നിരീക്ഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായ മുന്‍കരുതലിനേത്തുടര്‍ന്ന് നിലവില്‍ കപ്പലിന്റെ സ്‌ഥാനം വ്യക്‌തമല്ല. മിസൈല്‍ വേധ സംവിധാനങ്ങളായ താഡ്, പേട്രിയട്ട് എന്നിവയും പശ്‌ചിമേഷ്യയില്‍, പ്രത്യേകിച്ച് യു.എസ്. സഖ്യകക്ഷികളായ ഇസ്രയേലിലും ഖത്തറിലും വിന്യസിച്ചതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തേത്തുടര്‍ന്ന് 2427 സാധാരണക്കാര്‍ ഉള്‍പ്പെടെ 3117 പേര്‍ കൊല്ലപ്പെട്ടതായാണ് 'അല്‍ ജസീറ' റിപ്പോര്‍ട്ട്. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ 20,000 കവിയുമെന്ന് രാജ്യാന്തര മനുഷ്യാവകാശസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതു തുടര്‍ന്നാല്‍ ഇറാനെതിരേ സൈനികനടപടി സ്വീകരിക്കുമെന്നു ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ ഇടപെടലിനേത്തുടര്‍ന്ന്, 840 പ്രക്ഷോഭകരെ തൂക്കിക്കൊല്ലാനുള്ള തീരുമാനത്തില്‍നിന്ന് ഇറാന്‍ സര്‍ക്കാര്‍ പിന്മാറിയതായും ട്രംപ് അവകാശപ്പെട്ടു.