-->
വാഷിങ്‌ടന്‍: ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) യില്‍നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം പൂര്‍ണം. ഒരുവര്‍ഷത്തോളം മുമ്പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച ഉത്തരവ് പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായെന്ന് യു.എസ്. ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറും വിദേശകാര്യം സെക്രട്ടറി മാര്‍ക്കോ റൂബിയോയും സംയുക്‌ത പ്രസ്‌താവനയില്‍ അറിയിച്ചതോടെയാണിത്. 1948-ല്‍ രൂപീകൃതമായശേഷം ലോകാരോഗ്യ സംഘടനയില്‍ ഇതാദ്യമായി അമേരിക്ക അംഗമല്ലെന്ന് ഇരുവരും വ്യക്‌തമാക്കി.
കോവിഡ് മഹാമാരി കൈകാര്യം ചെയ്‌ത വിഷയത്തില്‍ സംഘടനയ്‌ക്കു വീഴ്‌ചയുണ്ടായെന്നുകാട്ടി 2020-ല്‍ പ്രസിഡന്റ്‌പദത്തിലെ തന്റെ ആദ്യ അവസരത്തില്‍ത്തന്നെ അംഗത്വം ഉപേക്ഷിക്കുന്നതു പരിഗണനയിലുണ്ടെന്നു ഡോണള്‍ഡ് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കന്‍ ജനതയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ഡബ്ല്യു.എച്ച്.ഒയുമായുള്ള ബന്ധത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നു പ്രസ്‌താവനയില്‍ കെന്നഡി ജൂനിയറും റൂബിയോയും പറഞ്ഞു. നിഷ്‌കര്‍ഷിക്കപ്പെട്ട ദൗത്യം നിറവേറ്റുന്നതില്‍ സംഘടന പരാജയപ്പെടുകയും വ്യതിചലിക്കുകയും ചെയ്‌തു. സുതാര്യത ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്കു വിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ഇതരരാജ്യങ്ങളേക്കാള്‍ കൂടുതല്‍ ഫണ്ട് കൈമാറിയിട്ടും ഡയറക്‌ടര്‍ ജനറല്‍ പദവിയില്‍ ഇതുവരെ ഒരു അമേരിക്കക്കാരനെ പരിഗണിക്കാന്‍ തയാറായില്ല എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുയര്‍ത്തിയാണു പിന്മാറ്റം. അംഗത്വം ഉപേക്ഷിക്കുകയോ പിന്മാറുകയോ ചെയ്യണമെങ്കില്‍ കക്ഷികള്‍ ഒരുവര്‍ഷം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ഡബ്ല്യു.എച്ച്.ഒ. വ്യവസ്‌ഥ. ഇതുപാലിക്കാനാണ് യു.എസ്. കാത്തിരുന്നതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ യു.എസ്. പങ്കാളിയായിരിക്കില്ലെന്ന് ഐക്യരാഷ്‌ട്ര സംഘടനാ വക്‌താവ് സ്‌റ്റെഫാന്‍ ദുജാറിക് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോടു വ്യക്‌തമാക്കിയിരുന്നു.