-->
വാഷിങ്‌ടണ്‍: ഹ്രസ്വ വീഡിയോ ആപ്പായ ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി അമേരിക്കന്‍ ഉടമസ്‌ഥരുടെ നിയന്ത്രണത്തിലുള്ള സംയുക്‌ത സംരംഭത്തിനു കീഴില്‍. തങ്ങളുടെ ആഗോള ബിസിനസില്‍നിന്നു മാറി യു.എസില്‍ മറ്റൊരു കമ്പനിയായി പ്രവര്‍ത്തിക്കാമെന്ന കരാറിനു ടിക്‌ടോക് സമ്മതിച്ചതോടെ യു.എസില്‍ ടിക്‌ടോക് തുടരമെന്നും ഉറപ്പായി.
വര്‍ഷങ്ങള്‍ നീണ്ട അനിശ്‌ചിത്വത്തിനൊടുവിലാണ് ധാരണയിലെത്തിയത്. ടിക്‌ടോക്കിനെ താന്‍ രക്ഷിച്ചെന്ന പ്രഖ്യാപനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. ചൈനീസ് കമ്പനിയായ 'ബൈറ്റ് ഡാന്‍സാ'ണ് ടിക്‌ടോക്കിന്റെ ഉടമകള്‍. യു.എസ്. പൗരന്‍മാരുടെ ഡേറ്റ ചൈനീസ് സര്‍ക്കാര്‍ ചോര്‍ത്തുമെന്ന് ആരോപിച്ച് നേരത്തെതന്നെ യു.എസ്. സര്‍ക്കാര്‍ ടിക്‌ടോക്കിനെതിരേ രംഗത്തുവന്നിരുന്നു. ട്രംപിന്റെ ആദ്യഭരണകാലത്ത് ടിക്‌ടോക്കിനെ നിരോധിക്കാന്‍ നീക്കം നടന്നെങ്കിലും വിജയിച്ചില്ല. ബൈഡന്‍ ഭരണകൂടവും നിയന്ത്രണങ്ങള്‍ മുന്നോട്ടുവച്ചു. അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുടെ ഉടമസ്‌ഥാവകാശം യു.എസിലുള്ള നിക്ഷേപകര്‍ക്കു വിറ്റില്ലെങ്കില്‍ ടിക്‌ടോക് നിരോധിക്കുമെന്ന നിലവിലെ യു.എസ്. സര്‍ക്കാരും ഭീഷണി മുഴക്കിയിരുന്നു.
'ടിക്‌ടോക് യുഎസ്‌ഡിഎസ് ജോയിന്റ്‌് വെഞ്ച്വര്‍ എല്‍എല്‍സി' എന്ന പുതിയ കമ്പനിയുടെ കീഴിലാകും അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍. കമ്പനിയുടെ ഏഴംഗ ഡയറക്‌ടര്‍ ബോര്‍ഡില്‍ കൂടുതലും അമേരിക്കക്കാരാണ്. വാര്‍ണര്‍ മീഡിയയില്‍ മുമ്പ് അംഗമായിരുന്ന ആദം പ്രസറിനെ സംയുക്‌ത സംരംഭത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ചു.
ട്രംപിനോട് അടുപ്പമുള്ള ലാറി എല്ലിസണിന്റെ ഉടമസ്‌ഥതയിലുള്ള ഒറാക്കിള്‍, യു.എസ്. ടെക് നിക്ഷേപസ്‌ഥാപനമായ സില്‍വര്‍ ലേക്ക്, എ.ഐയിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുന്ന യു.എ.ഇയിലെ എം.ജി.എക്‌സ്. എന്നിവയ്‌ക്കു കമ്പനിയില്‍ 15 ശതമാനം വീതം നിക്ഷേപമുണ്ടാകും. യു.എസ്. ഉപയോക്‌താക്കള്‍ക്കായുള്ള ഡേറ്റാ സുരക്ഷ, ഉള്ളടക്ക നിയന്ത്രണം തുടങ്ങിയവയുടെ ചുമതല ഒറാക്കിളിനായിരിക്കും. ബിസിനസില്‍ ബൈറ്റ്‌ഡാന്‍സ് 19.9% ഓഹരികള്‍ നിലനിര്‍ത്തും.
ശേഷിക്കുന്ന 35.1% ഓഹരികള്‍ ട്രംപിനെ പിന്തുണയ്‌ക്കുന്ന ടെക് എക്‌സിക്യൂട്ടീവ് മൈക്കല്‍ ഡെല്ലിന്റെ കമ്പനി ഉള്‍പ്പെടെ ഏതാനും സ്‌ഥാപനങ്ങളുടെ ഉടമസ്‌ഥതയിലാകും. ടിക് ടോക്കിന്റെ ആഗോള മേധാവി ഷൗ സി ച്യൂ, ഒറാക്കിള്‍, സില്‍വര്‍ ലേക്ക്, എംജിഎക്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവുകള്‍ എന്നിവരും ബോര്‍ഡില്‍ ഉള്‍പ്പെടും.