Saturday, March 14, 2026 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.09 AM

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്‌ കര്‍ണാടക നിയമസഭയിലും രണ്ടുവരിയില്‍ പ്രസംഗം അവസാനിപ്പിച്ച്‌ കര്‍ണാടക ഗവര്‍ണര്‍

ബംഗളുരു: കര്‍ണാടക നിയമസഭയുടെ സംയുക്‌ത സമ്മേളനത്തെ വെറും രണ്ടു വരികളില്‍ അഭിസംബോധന ചെയ്‌തശേഷം ഗവര്‍ണര്‍ താവര്‍ചന്ദ്‌ ഗെഹ്‌ലോട്ട്‌ സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. കര്‍ണാടക സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്നുതിനിടെയാണ്‌ ഗവര്‍ണറുടെ നടപടി.
'സംസ്‌ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. ജയ്‌ ഹിന്ദ്‌, ജയ്‌ കര്‍ണാടക.'-ഹിന്ദിയില്‍ ഇത്രയും പ്രസംഗിച്ചശേഷം ഗവര്‍ണര്‍ ഇറങ്ങിപ്പോയി.
ബി.ജെ.പി. ഇതര പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണ്‌ കര്‍ണാടകയിലും കാണുന്നത്‌. ഏതാനും ദിവസം മുമ്പ്‌ തമിഴ്‌നാട്‌ ഗവര്‍ണര്‍ ആര്‍.എന്‍. രവി ദേശീയ ഗാനം ആദ്യം ആലപിച്ചില്ലെന്നു പറഞ്ഞു നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങളുണ്ടായിരുന്നു. ഇതാണ്‌ ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണെന്നും സുപ്രീം കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 'എല്ലാ പുതുവര്‍ഷത്തിലും ഗവര്‍ണര്‍ നിയമസഭയുടെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യണം. മന്ത്രിസഭയാണ്‌ പ്രസംഗം തയാറാക്കേണ്ടത്‌. ഇത്‌ ഭരണഘടനാപരമായ ആവശ്യകതയാണ്‌. മന്ത്രിസഭ തയാറാക്കിയ പ്രസംഗം വായിക്കുന്നതിനുപകരം, ഗവര്‍ണര്‍ സ്വയം തയാറാക്കിയ പ്രസംഗം വായിച്ചു. ഇത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണ്‌. ഭരണഘടനയനുസരിച്ചുള്ള തന്റെ കടമകള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടില്ല. സുപ്രീം കോടതിയെ സമീപിക്കണോ വേണ്ടയോ എന്ന്‌ ഞങ്ങള്‍ പരിശോധിക്കുകയാണ്‌.'-സിദ്ധരാമയ്യ പറഞ്ഞു.
ഗവര്‍ണര്‍മാര്‍ രാഷ്‌ട്രീയ ഏജന്റുമാരെപ്പോലെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നമുക്ക്‌ ഈ പ്രസംഗം ആവശ്യമുണ്ടോയെന്ന്‌ മന്ത്രി ദിനേശ്‌ ഗുണ്ടുറാവു ചോദിച്ചു.

Ads by Google
Friday 23 Jan 2026 09.09 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW