-->
ന്യൂയോര്‍ക്ക്: രാജ്യാന്തരസംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ വിവിധ രാജ്യങ്ങളെ ഉള്‍പ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിക്കുന്ന സമാധാനസമിതിയുടെ (ബോര്‍ഡ് ഓഫ് പീസ്) ആദ്യഘട്ടം പ്രഖ്യാപിച്ചു. 100 കോടി ഡോളറാണ് സമിതിയില്‍ സ്‌ഥിരാംഗത്വത്തിനുള്ള ഫീസ്! ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മാണത്തിനും ഭരണസ്‌ഥിരതയ്‌ക്കുമായി പ്രഖ്യാപിച്ച രാജ്യാന്തരസേനയാണ് ആഗോളസംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ സമാധാനസമിതിയായി മാറിയത്. ഐക്യരാഷ്‌ട്രസംഘടനയ്‌ക്ക് (യു.എന്‍) ബദല്‍ രൂപീകരിക്കാനാണ് ട്രംപിന്റെ ശ്രമമെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ട്രംപ് സമാധാനസമിതിയുടെ പ്രാഥമികരൂപം പ്രഖ്യാപിച്ചത്. അര്‍ജന്റീന, ഇന്തോനീഷ്യ, പരാഗ്വേ, ഉസ്‌ബെക്കിസ്‌ഥാന്‍, അര്‍മേനിയ, അസര്‍ബെയ്‌ജാന്‍ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളുടെ പ്രസിഡന്റുമാരോ പ്രധാനമന്ത്രിമാരോ ഉന്നത നയതന്ത്രജ്‌ഞരോ നിലവില്‍ ട്രംപിന്റെ സമാധാനസമിതിയുടെ ഭാഗമാണ്. പാകിസ്‌താന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫും ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ട്രംപിന്റെ ക്ഷണമുണ്ടെങ്കിലും സമിതിയില്‍ അംഗമാകുന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. സമാധാനസമിതിയില്‍ അംഗമാകാന്‍ എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്നും യു.എന്‍. ഉള്‍പ്പെടെ 'മറ്റുള്ളവുമായുള്ള' സഹകരണം തുടരുമെന്നും ട്രംപ് പറഞ്ഞു.
ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍
ഹമാസിന്റെ അന്ത്യം: ട്രംപ്
സമാധാനസമിതിയുടെ ആദ്യപരിഗണന ഗാസയ്‌ക്കാണെന്നും തുടര്‍ന്ന് ആഗോളതലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമിതി രൂപീകരണം പൂര്‍ണമായാല്‍ ഒട്ടേറെ മറ്റ് കാര്യങ്ങള്‍ മികവോടെ ചെയ്യാനാകും.
ഗാസ യുദ്ധം ഉടന്‍ അവസാനിക്കും. എന്നാല്‍, ചില പടക്കങ്ങള്‍ കൂടി പൊട്ടിത്തീരാനുണ്ട്. ആയുധം ഉപേക്ഷിക്കാന്‍ ഹമാസ് തയാറായില്ലെങ്കില്‍ അവരുടെ അവസാനമായിരിക്കും. ബന്ദികളുടെ മൃതദേഹങ്ങളില്‍ അവസാനത്തേത്തും ഇസ്രയേലിനു കൈമാറണം.
കൈയില്‍ തോക്കുമായാണ് ഹമാസ് പിറന്നത്. എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച ട്രംപ്, റഷ്യ-യുക്രെയ്‌ന്‍ യുദ്ധവും അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചു.
പാകിസ്‌താനെ കൂട്ടുന്നതില്‍
ഇസ്രയേലിന് എതിര്‍പ്പ്
ഗാസ സമാധാനസമിതിയില്‍ പാകിസ്‌താനെ അംഗമാക്കുന്നതില്‍ ഇസ്രയേല്‍ എതിര്‍പ്പ് അറിയിച്ചു.
ഹമാസും പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയ്‌ബ പോലുള്ള ഭീകര സംഘടനകളുമാണ് എതിര്‍പ്പിനു പിന്നിലെന്നു ഇന്ത്യയിലെ ഇസ്രായേല്‍ സ്‌ഥാനപതി റുവന്‍ അസര്‍ പറഞ്ഞു. ഗാസയുടെ സ്‌ഥിരത ഉറപ്പാക്കാനുള്ള ഏതൊരു സംവിധാനത്തിലും പാകിസ്‌താനെ വിശ്വസനീയമോ അംഗീകാര്യമായതോ ആയ പങ്കാളിയായി ഇസ്രായേല്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.