-->
കൊച്ചി: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്കുള്ള ഫീസ് കുറച്ചു സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം 14 നു ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പായില്ല.
ഉത്തരവിനുശേഷം ഇതുവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പുതിയ ഫീസ് നിരക്ക് അപ്‌ലോഡ് ചെയ്യാത്തതാണു കാരണം. ഉദ്യോഗസ്‌ഥ അനാസ്‌ഥ മൂലം സാധാരണക്കാരായ ഓട്ടോ, ടാക്‌സി ഉടമകളും പ്രതിസന്ധിയിലാണ്.
ഉത്തരവിനുശേഷം നിരവധി വാഹനങ്ങള്‍ ഫിറ്റ്‌നസിനു വിധേയമായിട്ടുണ്ട്. ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ പിരിച്ച തുക റീഫണ്ട് ചെയ്‌തു കിട്ടുമോ എന്ന ആശയക്കുഴപ്പത്തിലാണു വാഹനമുടമകള്‍. 2025-ല്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച ഫീസാണു സംസ്‌ഥാനം കുറവുവരുത്തി ക്രമീകരിച്ചത്. 15- 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്‌റ്റ് തുക 50 ശതമാനം നിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ പഴക്കം അനുസരിച്ചു മൂന്നുവിഭാഗങ്ങളായി തിരിച്ചാണു ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെ, 15 മുതല്‍ 20 വര്‍ഷം വരെ, 20 വര്‍ഷത്തിലധികം പഴക്കമുള്ളത് എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്. കാലപ്പഴക്കം അടിസ്‌ഥാനമാക്കിയുള്ള ഈ ഉയര്‍ന്ന നിരക്കില്‍ എല്ലാ വാഹനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ക്വാഡ്രിസൈക്കിളുകള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ (എല്‍.എം.വി.), ഇടത്തരം-ഹെവി ഗുഡ്‌സ്/ പാസഞ്ചര്‍ തുടങ്ങി എല്ലാ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പുതുക്കുന്നതിന് അവയുടെ പഴക്കം അടിസ്‌ഥാനമാക്കിയുള്ള പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക.
ഏറ്റവും ഉയര്‍ന്ന വര്‍ധന നേരിടേണ്ടി വരുന്നതു ഹെവി വാഹനങ്ങള്‍ക്കാണ്. 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്‌ക്കായി 12,500 രൂപ നല്‍കേണ്ടി വരും. നേരത്തെ, കേന്ദ്രനിര്‍ദേശപ്രകാരം ഇത് 25,000 ആയിരുന്നു. അതിനുമുമ്പേ 2,500 രൂപയായിരുന്നു. ഇതേ കാലപ്പഴക്കമുള്ള ഇടത്തരം വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍ ഫീസ് 18,000-ത്തില്‍ നിന്ന് 10,000 ആയി കുറച്ചിട്ടുണ്ട്. 20 വര്‍ഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് 15,000 രൂപയില്‍നിന്ന് 7,500 ആയി കുറഞ്ഞു.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍ ഫീസ് 2,000 രൂപയില്‍ നിന്ന് 1,000 രൂപയായി കുറയും. മുച്ചക്ര വാഹനങ്ങള്‍ക്ക് 3,000 രൂപ ഫീസ് അടയ്‌ക്കണം.
15 വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങളുടെ ഫീസിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേരത്തെ, 15 വര്‍ഷം കഴിഞ്ഞ പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ 50 ശതമാനം നികുതികൂട്ടിയതും വാഹന ഉടമകള്‍ക്കു തലവേദനയായിരുന്നു. ഇതിന് പിന്നാലെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടിയായി വര്‍ധിപ്പിച്ചതും തിരിച്ചടിയായി.
ജെബി പോള്‍