-->
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിനു ശ്രമിച്ചതിന് ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകള്‍ പിന്‍വലിക്കുകയാണെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാര്‍ മലക്കം മറിയുമെന്ന് നാലാഴ്ചകള്‍ക്ക് മുന്‍പ് താന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അത് അക്ഷരംപ്രതി ശരിയായി.
ബി.ജെ.പി.-എന്‍.ഡി.എ. സഖ്യത്തിന്റെയും ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളുടെയും നിരന്തര സമ്മര്‍ദങ്ങളുടെ ഫലമായാണ് സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരുത്താന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇത് അയ്യപ്പഭക്തരോടുള്ള ബഹുമാനം കൊണ്ടല്ല, മറിച്ച് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഭയന്നുള്ള വെറും രാഷ്ട്രീയ നാടകം മാത്രമാണ്.
അധികാരത്തിന് വേണ്ടി കോണ്‍ഗ്രസും സി.പി.എമ്മും എന്തും ചെയ്യുമെന്ന് തെളിയിച്ചതാണ്. ആചാരങ്ങള്‍ ചവിട്ടിമെതിക്കുകയും ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ തന്നെ വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ ആഗോള അയ്യപ്പ സംഗമവും സംഘടിപ്പിച്ചു.
വിശ്വാസികളെ ദ്രോഹിക്കുന്ന കാര്യത്തിലും സി.പി.എമ്മും കോണ്‍ഗ്രസും രണ്ടല്ല, ഒന്നാണ്.എന്നാല്‍ 2018 മുതല്‍ ബി.ജെ.പി.-എന്‍.ഡി.എയുടേത് ഉറച്ച നിലപാടാണ്. ഞങ്ങള്‍ വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്താറില്ല.
ഒരു അയ്യപ്പഭക്തന്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങള്‍ക്കൊപ്പം ഞാനും ഉറച്ചുനില്‍ക്കും. വിശ്വാസത്തെ തകര്‍ക്കാന്‍ ഇടതുപക്ഷം കാട്ടിയ ക്രൂരതകളും വിശ്വാസികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കാതിരുന്ന കോണ്‍ഗ്രസിന്റെ കാപട്യവും ജനങ്ങള്‍ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. ശബരിമലയെ തകര്‍ക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.