-->
വാഷിങ്‌ടണ്‍: ബഹിരാകാശ യാത്രിക സുനിത വില്യംസ് 27 വര്‍ഷത്തെ സേവനത്തിനു ശേഷം നാസയില്‍നിന്ന് വിരമിച്ചു. അവരുടെ വിരമിക്കല്‍ കഴിഞ്ഞ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വന്നതായി നാസ അറിയിച്ചു.
60 വയസുള്ള സുനിത, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്.) മൂന്ന് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. ആകെ 608 ദിവസംഅവിടെ ചെലവിട്ടിട്ടുണ്ട്. ബഹിരാകാശ യാത്രകളില്‍ നിരവധി റെക്കോഡുകള്‍ ഇന്ത്യന്‍ വംശജയായ സുനിതയുടെ പേരിലുണ്ട്. സര്‍വീസില്‍നിന്നു വിരമിച്ച അവരെ നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്‌മാന്‍ വില്യംസിനെ 'മനുഷ്യരാശിയുടെ ബഹിരാകാശ യാത്രകളിലെ വഴിത്തിരിവായി' വിശേഷിപ്പിച്ചു. ബഹിരാകാശ നിലയത്തിലെ അവരുടെ നേതൃത്വം പര്യവേക്ഷണങ്ങളുടെയും വാണിജ്യ ദൗത്യങ്ങളുടെയും ഭാവി രൂപപ്പെടുത്താന്‍ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില്യംസ് 608 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. ഇത് ഒരു നാസ യാത്രികന്റെ രണ്ടാമത്തെ ഉയര്‍ന്ന സമയമാണ്. ഒറ്റ യാത്രയില്‍ ബഹിരാകാശത്ത് കൂടുതല്‍ സമയം ചെലവഴിച്ച അമേരിക്കക്കാരില്‍ ആറാമത്തെ വ്യക്‌തിയാണ് അവര്‍. ബോയിങ്ങിന്റെ ബഹിരാകാശ ദൗത്യത്തിനായി ബട്ട് വില്‍മോറിനൊപ്പം ഐ.എസ്.എസിലെത്തിയ അവര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 286 ദിവസം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.
സുനിത വില്യംസ് 62 മണിക്കൂറും 6 മിനിറ്റും നീണ്ടുനിന്ന ഒമ്പത് സ്‌പേസ് വാക്ക് പൂര്‍ത്തിയാക്കി. നാസയുടെ കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ സ്‌പേസ് വാക്കിങ് സമയം പൂര്‍ത്തിയാക്കിയ വനിതയാണ് അവര്‍. ബഹിരാകാശത്ത് മാരത്തണ്‍ ഓടിയ ആദ്യത്തെ വ്യക്‌തിയും അവരായിരുന്നു.
2006ല്‍ സ്‌പേസ് ഷട്ടില്‍ ഡിസ്‌കവറിയില്‍ ആദ്യമായി ബഹിരാകാശത്തേക്ക് പോയ സുനിത, പിന്നീട് അറ്റ്‌ലാന്റിസിലും യാത്ര ചെയ്‌തു. എക്‌സ്‌പെഡിഷന്‍സ് 14, 15 എന്നിവയില്‍ ഫൈ്ലറ്റ് എന്‍ജിനിയറായി സേവനമനുഷ്‌ഠിച്ച അവര്‍, അന്ന് റെക്കോഡ് സൃഷ്‌ടിച്ച നാല് സ്‌പേസ് വാക്ക് പൂര്‍ത്തിയാക്കി.
2012ല്‍, എക്‌സ്‌പെഡിഷന്‍സ് 32, 33 എന്നിവയുടെ ഭാഗമായി ഐ.എസ്.എസിലേക്ക് മടങ്ങിയെത്തി. ഈ സമയത്ത് അവര്‍ ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായും പ്രവര്‍ത്തിച്ചു. നിര്‍ണായക അറ്റകുറ്റപ്പണികള്‍ക്കുള്ള സ്‌പേസ് വാക്ക് നടത്തുകയും ചെയ്‌തു.
അവരുടെ ഏറ്റവും ചര്‍ച്ചയായ ദൗത്യം 2024 ജൂണിലായിരുന്നു. വില്യംസും വില്‍മോറും ബോയിങ്ങിന്റെ സ്‌റ്റാര്‍ലൈനര്‍ വിക്ഷേപിച്ച ആദ്യത്തെ ടെസ്‌റ്റ് ഫൈ്ലറ്റില്‍ പങ്കെടുത്തു. യഥാര്‍ത്ഥത്തില്‍ ചെറിയ ദൗത്യമായിരുന്ന അത്. ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ദൗത്യം ഒമ്പത് മാസത്തിലേറെ നീണ്ടു. പിന്നീട് 2025 മാര്‍ച്ചില്‍ സ്‌പേസ്‌എക്‌സിന്റെ ക്രൂ9 ദൗത്യത്തിലൂടെ ഇരുവരും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ വംശജയായ സുനിത, ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പലപ്പോഴും ആവേശത്തോടെ സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം 'ഹോംകമിങ്' ആയി അവര്‍ കണക്കാക്കി.
ഡല്‍ഹി സന്ദര്‍ശനത്തിനിടെ, ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണുന്നത് ആളുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ചെറുതാക്കി കാണിക്കുന്നു എന്നും 'നമ്മളെല്ലാം ഒന്നാണെന്ന് ഇത് ശരിക്കും തോന്നിപ്പിക്കുന്നു' എന്നും അവര്‍ പറഞ്ഞു.തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കവേ ബഹിരാകാശം 'ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌ഥലമായിരുന്നു' എന്ന് അവര്‍ പറഞ്ഞു.
' നാസയും അതിന്റെ പങ്കാളികളും അടുത്ത ചുവടുകള്‍ എടുക്കുമ്പോള്‍ ഞാന്‍ വളരെ ആവേശത്തിലാണ്'- വിടവാങ്ങല്‍ സന്ദേശത്തില്‍ സുനിത പറഞ്ഞു.