-->
പ്രയാഗ്‌രാജ്: വ്യോമസേനയുടെ വിമാനം പരിശീലനപ്പറക്കലിനിടെ കുളത്തില്‍ തകര്‍ന്നുവീണു. ആളപായമില്ല. സെന്‍ട്രല്‍ എയര്‍കമാന്‍ഡിന്റെ ആസ്‌ഥാനമായ ബംറോളി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം പ്രയാഗ്‌രാജ് നഗരത്തിലെ ജനവാസകേന്ദ്രത്തിനടുത്താണ് തകര്‍ന്നുവീണത്. രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പതിവ് പരിശീലനപ്പറക്കലിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം നഗരത്തിലെ കെ.പി. കോളജിനു പിന്നിലുള്ള കുളത്തിലേക്കു വീഴുകയായിരുന്നു. വൃത്താകൃതിയില്‍ താഴ്‌ന്നു പറന്ന വിമാനം പെട്ടെന്നു വെള്ളത്തിലേക്കു വീഴുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭാഗികമായി മുങ്ങിയ വിമാനത്തില്‍നിന്ന് രണ്ടു പൈലറ്റുമാരെയും രക്ഷപ്പെടുത്തി. ഇവരുടെ നില തൃപ്‌തികരമാണെന്നു വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു.