-->
ദാവോസ്: അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ അംഗീകാരം തടഞ്ഞുവയ്‌ക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ തീരുമാനം. ഗ്രീന്‍ലന്‍ഡിന്റെ പേരിലുള്ള യു.എസ്.- ഇ.യു(യൂറോപ്യന്‍ യൂണിയന്‍) തര്‍ക്കങ്ങള്‍ക്കിടയിലാണു തീരുമാനം. 27 രാജ്യങ്ങളാണ് ഇ.യുവിലുള്ളത്. യു.എസിനെതിരായ കൂടുതല്‍ നടപടികള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.
ഇ.യുവിനോട് രൂക്ഷമായ ഭാഷയിലാണു ട്രംപ് പ്രതികരിച്ചത്. ഗ്രീന്‍ലന്‍ഡിനെ 'നമ്മുടെ പ്രദേശം' എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയ്‌ക്ക് ഗ്രീന്‍ലന്‍ഡ് ലഭിച്ചേ തീരൂ.
എന്നാല്‍, അത് സ്വന്തമാക്കാന്‍ ബലം പ്രയോഗിക്കില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തന്റെ തീരുമാനം അംഗീകരിക്കാം. അങ്ങനെ ചെയ്‌താല്‍ യു.എസ്. കൃതജ്‌ഞതയുള്ളവരായിരിക്കും. എതിര്‍ത്താല്‍ അത് എന്നും ഓര്‍മയിലുണ്ടാകും- ട്രംപ് പറഞ്ഞു. ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ അമേരിക്കക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനി ഗ്രീന്‍ലന്‍ഡ് പിടിച്ചെടുത്തത് അദ്ദേഹം അനുസ്‌മരിച്ചു. ആറു മണിക്കൂര്‍ കൊണ്ടാണ് അന്നു ഡെന്മാര്‍ക്കിനു ഗ്രീന്‍ലന്‍ഡ് നഷ്‌ടമായത്. യുദ്ധത്തിനുശേഷം ഡെന്മാര്‍ക്കിന് തിരികെ നല്‍കിയത് 'വിഡ്‌ഢിത്തമായിരുന്നു'. അതിന് പകരം നന്ദികേടാണു ലഭിച്ചതെന്നും ട്രംപ് വിലപിച്ചു.
എന്നാല്‍, ദാവോസില്‍ ട്രംപിന്റെ ഭീഷണികളെ അവഗണിക്കുകയാണു ഇ.യു. നേതാക്കള്‍ ചെയ്‌തത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അവര്‍ ജൂലൈയില്‍ ട്രംപുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയ്. അന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്‌പന്നങ്ങള്‍ക്ക് യു.എസ്. 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയുടെ ഗ്രീന്‍ലന്‍ഡിനെതിരായ ഭീഷണികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കള്‍ ഇന്ന് വൈകിട്ട് ബ്രസല്‍സില്‍ അടിയന്തര ഉച്ചകോടി നടത്തുന്നുണ്ട്.ട്രംപ് പിന്മാറിയില്ലെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെ വ്യാപാര കരാര്‍ നിര്‍ത്തിവയ്‌ക്കുകയും അമേരിക്കക്ക് 10800 കോടി ഡോളര്‍ താരിഫ് ചുമത്തുകയും ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നുണ്ട്.