Wednesday, March 11, 2026 Last Updated 34 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.31 PM

ഷിന്‍സോ ആബെ വധക്കേസ്‌: പ്രതിക്ക്‌ ജീവപര്യന്തം

ടോക്കിയോ: ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വധിച്ച കേസില്‍ പ്രതിയായ ടെറ്റ്‌സുയ യമാഗമി(45)ക്ക്‌ ജീവപര്യന്തം തടവ്‌. 2022ല്‍ നാര നഗരത്തില്‍ ഒരു റാലിയില്‍വച്ചാണു യമാഗമി മുന്‍ പ്രധാനമന്ത്രിയെ വെടിവച്ചു കൊന്നത്‌. മൂന്നര വര്‍ഷത്തിനു ശേഷമാണ്‌ വിധി.
കഴിഞ്ഞ വര്‍ഷം വിചാരണയുടെ തുടക്കത്തില്‍ യമാഗമി കൊലപാതകക്കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ എന്തായിരിക്കണം എന്ന കാര്യത്തില്‍ ജപ്പാനില്‍ വ്യാപക ചര്‍ച്ച നടന്നു. ഒരു വിഭാഗം യമാഗമിയെ ക്രൂരനായ കൊലയാളിയായി കണ്ടപ്പോള്‍ മറ്റു ചിലര്‍ അദ്ദേഹത്തിന്റെ ദുരിതപൂര്‍ണമായ ബാല്യകാലത്തോട്‌ സഹതാപം അറിയിച്ചു.
ജപ്പാനില്‍ തോക്ക്‌ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ അപൂര്‍വമാണ്‌. അതുകൊണ്ട്‌ തന്നെ ആബെയുടെ വധം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
യൂണിഫിക്കേഷന്‍ ചര്‍ച്ചുമായി ആബേക്കുള്ള ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 'യൂണിഫിക്കേഷന്‍ ചര്‍ച്ചി'നോടുള്ള അമിതമായ ഭക്‌തി യമാഗമിയുടെ കുടുംബത്തെ പാപ്പരാക്കിയത്രേ. കോടതി നടപടികള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ ഏകദേശം 700 ആളുകളാണു കോടതിക്ക്‌ പുറത്ത്‌ ക്യൂ നിന്നത്‌.
ആബെയുടെ മരണം 'യൂണിഫിക്കേഷന്‍ ചര്‍ച്ചി'നെതിരായ അന്വേഷണത്തില്‍ കലാശിച്ചു. ആ സഭയുമായുള്ള ബന്ധത്തിന്റെ പേരില്‍ നിരവധി കാബിനറ്റ്‌ മന്ത്രിമാര്‍ക്കു രാജി വയ്‌ക്കേണ്ടിവന്നു.
രണ്ട്‌ ലോഹക്കുഴലുകളും ഡക്‌റ്റ്‌ ടേപ്പും ഉപയോഗിച്ച്‌ വീട്ടിലുണ്ടാക്കിയ തോക്ക്‌ ഉപയോഗിച്ചാണ്‌ അയാള്‍ 2022 ജൂലൈ 8ന്‌ നാര നഗരത്തിലെ ഒരു രാഷ്‌ട്രീയ പ്രചരണ പരിപാടിക്കിടെ ആബെയ്‌ക്ക്‌ നേരെ രണ്ട്‌ തവണ വെടിയുതിര്‍ത്തത്‌. ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്‌തിയാണ്‌ ആബെ.

Ads by Google
Wednesday 21 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW