Wednesday, March 11, 2026 Last Updated 47 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.31 PM

യു.എസ്‌. പ്രസിഡന്റ്‌ സ്‌ഥാനം ഒഴിഞ്ഞാലും ട്രംപിനു തുടരാം

വാഷിങ്‌ടണ്‍: ഗാസയുടെ പുനര്‍നിര്‍മാണം നിരീക്ഷിക്കാന്‍ വേണ്ടി രൂപീകരിച്ച 'ബോര്‍ഡ്‌ ഓഫ്‌ പീസ്‌' എന്ന സംഘടനയുടെ പേരില്‍ ലോകരാജ്യങ്ങള്‍ക്ക്‌ ആശയക്കുഴപ്പം. യു.എസ്‌. പ്രസിഡന്റ്‌ സ്‌ഥാനം ഒഴിഞ്ഞാലും ട്രംപിന്‌ 'ബോര്‍ഡ്‌ ഓഫ്‌ പീസ്‌' അധ്യക്ഷനായി തുടരാനാകുമെന്നാണു പ്രധാന പ്രതിസന്ധി. കൂടാതെ അമേരിക്കയുടെ പ്രതിനിധിയായും അദ്ദേഹത്തിനു തുടരാനാകും. സ്വയം രാജിവയ്‌ക്കുംവരെ അദ്ദേഹത്തിനു പദവിയില്‍ തുടരാനാകും.
പക്ഷേ, ഭാവിയിലെ യു.എസ്‌. പ്രസിഡന്റിന്‌ ഒരു യു.എസ്‌ .പ്രതിനിധിയെക്കൂടി നിയമിക്കാന്‍ വ്യവസ്‌ഥയുണ്ടെന്നു മാത്രം.
ബോര്‍ഡിന്റെ ചാര്‍ട്ടര്‍ അനുസരിച്ച്‌, 'ബോര്‍ഡ്‌ ഓഫ്‌ പീസിന്റെ ദൗത്യം നിറവേറ്റുന്നതിന്‌ ആവശ്യമായതോ ഉചിതമായതോ ആയ അനുബന്ധ സ്‌ഥാപനങ്ങള്‍ രൂപീകരിക്കാനും, പരിഷ്‌കരിക്കാനും, പിരിച്ചുവിടാനുമുള്ള പ്രത്യേക അധികാരം ട്രംപിന്‌ ഉണ്ടായിരിക്കും. ലോകമെമ്പാടും നേതാക്കളെ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡിലേക്ക്‌ അദ്ദേഹം നിയമിക്കും. അവര്‍ 'രണ്ട്‌ വര്‍ഷത്തെ കാലാവധിയില്‍ സേവനമനുഷ്‌ഠിക്കും, അദ്ധ്യക്ഷന്‌ അവരെ എപ്പോള്‍ വേണമെങ്കിലും മാറ്റാം'.
സ്വമേധയാ രാജിവയ്‌ക്കുകയോ കഴിവില്ലാതാവുകയോ ചെയ്‌താല്‍' മാത്രമേ അദ്ധ്യക്ഷനെ മാറ്റാന്‍ സാധിക്കൂ.
ബോര്‍ഡില്‍ സ്‌ഥിരാംഗത്വത്തിന്‌ 100 കോടി ഡോളര്‍ നല്‍കണം. എന്നാല്‍, ഈ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പാലസ്‌തീന്‍ പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണോ എന്ന്‌ വ്യക്‌തമല്ല.
പദ്ധതിയുടെ ലക്ഷ്യമെന്താണ്‌, ആരൊക്കെയാണ്‌ പങ്കാളികള്‍ എന്നതിനെക്കുറിച്ച്‌ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്‌. ഈ സാഹചര്യത്തിലാണു ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിനെക്കുറിച്ചു പല ലോക രാജ്യങ്ങളും തീരുമാനമെടുക്കാന്‍ വൈകുന്നത്‌.
പക്ഷേ, മൂന്ന്‌ രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ ബോര്‍ഡിനു പ്രവര്‍ത്തിക്കാം. ആ അംഗീകാരം ഇപ്പോള്‍തന്നെയുണ്ട്‌. അംഗരാജ്യങ്ങളെ യു.എസ്‌. പ്രസിഡന്റ്‌ ക്ഷണിക്കേണ്ടി വരും, അവരെ അവരുടെ രാഷ്‌ട്രത്തലവനോ ഭരണാധികാരിയോ പ്രതിനിധീകരിക്കും. ഭരണകാലം കഴിഞ്ഞാലും ലോകനേതാക്കളെ ട്രംപ്‌ 'ഭരിക്കുന്ന'കാലവും ബോര്‍ഡിലൂടെ ഉണ്ടാകും.
വിഷയത്തെക്കുറിച്ച്‌ പഠിച്ചുവരികയാണെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.
ബോര്‍ഡിനെ ചൈന തള്ളിക്കളഞ്ഞിട്ടുണ്ട്‌. ഫ്രാന്‍സും യു.കെയും ബോര്‍ഡുമായി സഹകരിക്കില്ലെന്നു വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇരുരാജ്യങ്ങളും അതിനാല്‍ ട്രംപിന്റെ തീരുവ ഭീഷണിയിലാണ്‌.
ഡസന്‍ കണക്കിന്‌ രാജ്യങ്ങളും നേതാക്കളുമാണ്‌ ട്രംപിന്റെ ക്ഷണക്കത്ത്‌ ലഭിച്ചതായി അറിയിച്ചിരിക്കുന്നത്‌. ഇതില്‍ യു.എസ്‌. സഖ്യകക്ഷികളും ശത്രുക്കളും ഉള്‍പ്പെടുന്നു.
ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്‌ടര്‍ ഓര്‍ബന്‍, ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, അസര്‍ബൈജാന്‍ പ്രസിഡന്റ്‌ ഇല്‍ഹാം അലിയേവ്‌ എന്നിവരും യു.എ.ഇ, പാകിസ്‌താന്‍, വിയറ്റ്‌നാം, കസാക്കിസ്‌ഥാന്‍, ഹംഗറി, അര്‍ജന്റീന, അര്‍മേനിയ, ബെലാറസ്‌ എന്നീ രാജ്യങ്ങളും ട്രംപിന്റെ പദ്ധതിക്കൊപ്പം ഉണ്ടാകുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ബോര്‍ഡില്‍ ചേരുമെന്നും സ്‌ഥിരം അംഗത്വത്തിനായി 100 കോടി ഡോളര്‍ നല്‍കില്ലെന്നും കാനഡയുടെ മാര്‍ക്ക്‌ കാര്‍ണി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 21 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW