-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക പാളി കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയിലില്‍ നിന്നും വെളിയില്‍ ഇറങ്ങാനാകില്ല. കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പോറ്റി ജയിലില്‍ തുടരും.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്. കേരളം വിട്ട് പോകരുത്, അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെ ഒന്‍പത് ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിന് കോടതി നിര്‍ദേശിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. അന്വേഷണം പൂര്‍ത്തിയാകാത്തതിനാലാണ് കുറ്റപത്രം വൈകുന്നത് എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. 90 ദിവസത്തിന് മുന്‍പ് തന്നെ ബാഹ്യമായ കുറ്റപത്രമെങ്കിലും സമര്‍പ്പിക്കേണ്ടതായിരുന്നു.
എന്നാല്‍ അത് ഇതുവരെ സമര്‍പ്പിക്കാന്‍ അന്വേഷണം സംഘത്തിന് സാധിച്ചിരുന്നില്ല. സുപ്രീംകോടതി നിയമം അനുസരിച്ച് 90 ദിവസം ആവുമ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍ സ്വാഭാവിക നീതിക്ക് പ്രതികള്‍ അര്‍ഹരാണ്. കോടതിയില്‍ ഇക്കാര്യമാണ് പ്രതിഭാഗം അഭിഭാഷകന്‍ പ്രധാനമായി ഉയര്‍ത്തിയത്. എന്നാല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ മറുപടി.