-->
ദോഹ: മടപ്പള്ളി ഗവൺമെന്റ് കോളേജ് പൂർവവിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ ജിമാഖ് (JIMAC Qatar) ഫെബ്രുവരി 13ന് അൽ വക്റയിലെ ഡി.പി.എസ് ഇന്ത്യൻ സ്കൂളിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ലോഞ്ചിംഗ് ചടങ്ങിനോടനുബന്ധിച്ച് മടപ്പള്ളി കോളേജ് പൂർവവിദ്യാർത്ഥിയും വ്യാപാര, വാണിജ്യ, സാംസ്കാരിക, സിനിമാ രംഗങ്ങളിലെ പ്രമുഖനുമായ ഡോ. ഗോകുലം ഗോപാലനെ ആദരിക്കും.
വൈവിധ്യമാർന്ന മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും. മടപ്പള്ളി ഗവൺമെന്റ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ഡോ. ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നു. ഹോട്ടൽ വ്യവസായം അടക്കം നിരവധി സംരംഭങ്ങളിലൂടെ പന്ത്രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന ഗ്രൂപ്പാണ് ഗോകുലം ഗ്രൂപ്പ്. പഴശ്ശിരാജ, എമ്പുരാൻ എന്നിവ ഉൾപ്പെടെ നിരവധി ജനപ്രിയ മലയാള സിനിമകളുടെ നിർമ്മാതാവായ അദ്ദേഹം, അഭിനേതാവായും ഏതാനും ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ലോഞ്ചിങ്ചടങ്ങിനോടനുബന്ധിച്ച് വിജേഷ് ഗോപാൽ, ചിത്ര അരുണ്‍, വിഷ്ണു വർദ്ധൻ, കൃതിക, ഫാരിഷ് ഹുസൈൻ, സുധൻ കൈവേലി എന്നിവർ നയിക്കുന്ന ഗാനമേളയും കോമഡി ഷോയും അരങ്ങേറും.സംഘാടക സമിതി ചെയർമാനായിആഷിഖ് അഹമ്മദ്,ജനറൽ കൺവീനറായി
ശ്രീനാഥ് എന്നിവരെ തിരഞ്ഞെടുത്തു.
ഷഫീക്ക് അറക്കൽ