Friday, March 13, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

രണ്ട്‌ വര്‍ഷത്തിനകം 7,900 കി.മീ. പാത നവീകരിക്കാന്‍ റെയില്‍വേ

ന്യൂഡല്‍ഹി: 2026-27 സാമ്പത്തികവര്‍ഷത്തില്‍ 7,900 കിലോമീറ്റര്‍ റെയില്‍ പാത നവീകരിക്കാന്‍ ലക്ഷ്യമിട്ട്‌ കേന്ദ്ര റെയില്‍വേ മന്ത്രാലയം. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) 6851 കിലോമീറ്റര്‍ പാത നവീകരിച്ചു. ഈ സാമ്പത്തികവര്‍ഷത്തില്‍ (2025-26) 7500 കിലോമീറ്റര്‍ നവീകരണം പുരോഗമിക്കുന്നതായും മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.
പാതനവീകരണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ സുഗമസഞ്ചാരത്തിനും യാത്രക്കാരുടെ സുരക്ഷയ്‌ക്കുമാണ്‌ റെയില്‍വേ മുന്‍ഗണന നല്‍കുന്നത്‌. കഴിഞ്ഞ സാമ്പത്തികവര്‍ഷം ട്രാക്ക്‌ മാറ്റത്തിനാവശ്യമായ 7161 തിക്‌ വെബ്‌ സ്വിച്ചുകളും 1704 വെല്‍ഡബിള്‍ സി.എം.എസ്‌. ക്രോസിങ്ങുകളും സ്‌ഥാപിച്ചു. ഈ സാമ്പത്തികവര്‍ഷം ഇത്‌ യഥാക്രമം എണ്ണായിരവും മൂവായിരവുമാണ്‌. 2014 മുതല്‍ ട്രാക്ക്‌ മെഷീന്‍ ഫ്‌ളീറ്റ്‌ 1100 യൂണിറ്റ്‌ വര്‍ധിപ്പിച്ചു.
ട്രാക്കില്‍ കന്നുകാലികള്‍ ഉള്‍പ്പെടെ പ്രവേശിക്കുന്നതും കടന്നുകയറ്റങ്ങളും തടയാന്‍ വേലിക്കെട്ടുകള്‍ സ്‌ഥാപിച്ചുവരുന്നു. ഇതുവരെ 15,000 കി.മീ. വേലി സ്‌ഥാപിച്ചു. ട്രെയിനുകള്‍ 110 കിലോമീറ്ററില്‍ കൂടുതല്‍ വേഗം കൈവരിക്കുന്ന മേഖലകളിലാണ്‌ ഇത്തരം വേലിക്കെട്ടുകള്‍ക്കു മുന്‍ഗണന. 110 കിലോമീറ്ററില്‍ കൂടുതല്‍ വേഗം അനുവദിക്കുന്ന പാതയുടെ ദൈര്‍ഘ്യം 2014-ല്‍ 31,445 കി.മീ. ആയിരുന്നത്‌ നിലവില്‍ 84,244 കിലോമീറ്ററായി. രാജ്യമെമ്പാടും കൂടുതല്‍ വേഗത്തിലുള്ള ട്രെയിന്‍ യാത്ര ലക്ഷ്യമിട്ടാണ്‌ പാതനവീകരണം നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്‌തമാക്കി.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW