-->
വാഷിങ്‌ടണ്‍/ദാവോസ്/കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസിന്റെ ഭാഗാമയി ഗ്രീന്‍ലന്‍ഡിനെ അവതരിപ്പിക്കുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. ബലം പ്രയോഗിച്ച് ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കുന്ന സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ നേതാക്കള്‍ ശ്രമിക്കുമ്പോഴും ട്രംപ് സഖ്യകക്ഷികള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും എ.ഐ(നിര്‍മിത ബുദ്ധി) ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളിലൂടെയുമാണു ട്രംപ് നയം വ്യക്‌തമാക്കിയത്.
നാറ്റോ അംഗമായ ഡെന്‍മാര്‍ക്കില്‍നിന്ന് ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ മോഹം, പതിറ്റാണ്ടുകളായി പാശ്‌ചാത്യ സുരക്ഷയ്‌ക്ക് അടിത്തറ നല്‍കുന്ന നാറ്റോ സഖ്യത്തെ തന്നെ തകര്‍ക്കാന്‍ സാധ്യതയുണ്ട്.
'ഞാന്‍ എല്ലാവരോടും വളരെ വ്യക്‌തമായി പറഞ്ഞതുപോലെ യു.എസിന്റെയും ലോകത്തിന്റെയും സുരക്ഷയ്‌ക്ക് ഗ്രീന്‍ലന്‍ഡ് അനിവാര്യമാണ്. അതില്‍ പിന്നോട്ടില്ല'- നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായുള്ള ചര്‍ച്ചയ്‌ക്കുശേഷം ട്രംപ് പറഞ്ഞു.
നിലപാട് കൂടുതല്‍ വ്യക്‌തമാക്കാന്‍, ഗ്രീന്‍ലന്‍ഡില്‍ നില്‍ക്കുന്ന തന്റെ ഒരു എഐ ചിത്രം ട്രംപ് പോസ്‌റ്റ് ചെയ്‌തു. അതിലൊരെണ്ണത്തില്‍ അദ്ദേഹം കാനഡയും ഗ്രീന്‍ലന്‍ഡും അമേരിക്കയുടെ ഭാഗമായി കാണിക്കുന്ന ഒരു ഭൂപടത്തിനരികില്‍ നേതാക്കളുമായി സംസാരിക്കുന്നു.
ട്രംപിന്റെ ഗ്രീന്‍ലന്‍ഡ് നീക്കത്തെ ചെറുക്കാനുള്ള ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരേ അദ്ദേഹം തീരുവ ഭീഷണി മുഴക്കി. ഫ്രഞ്ച് വൈനുകള്‍ക്കും ഷാംപെയ്‌നിനും 200% തീരുവ ഏര്‍പ്പെടുത്തുമെന്നാണു മുന്നറിയിപ്പ്. ഗ്രീന്‍ലന്‍ഡ് സംബന്ധിച്ച മാക്രോണിന്റെ സന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടു.
അതേ സമയം, തീരുവയുദ്ധത്തിനു തയാറാണെന്ന സൂചന യൂറോപ്യന്‍ യൂണിയന്‍(ഇ.യു.) നല്‍കിയിട്ടുണ്ട്. ഏകദേശം 10,900 ഡോളറിന്റെ അമേരിക്കന്‍ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് ഇ.യുവിന്റെ പരിഗണനയിലാണ്. ഇത് ഫെബ്രുവരി 6 മുതല്‍ സ്വയമേവ പ്രാബല്യത്തില്‍ വന്നേക്കാം.
'ആന്റികൊയര്‍ഷ്യന്‍ ഇന്‍സ്‌ട്രുമെന്റ്' എന്ന മറ്റൊരു സാധ്യതയും ഇ.യു. പരിഗണിക്കുന്നുണ്ട്. ആ നിയന്ത്രണം ഇത് ഇതുവരെ ഉപയോഗിച്ചിട്ടില്ല. അത് പൊതു ടെന്‍ഡറുകളിലേക്കുള്ള പ്രവേശനം, നിക്ഷേപം, ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിമിതപ്പെടുത്തുകയോ അല്ലെങ്കില്‍ ളുടെ വ്യാപാരം നിയന്ത്രിക്കുകയോ ചെയ്യാം. അമേരിക്കയ്‌ക്ക് യൂറോപ്യന്‍ യൂണിയനുമായി നല്ല വ്യാപാര പങ്കാളിത്തമുള്ള മേഖലയാണിത്.
ചിലര്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ്. അതുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ ഞങ്ങള്‍ എല്ലാ സാധ്യതകളും പരിഗണിക്കും' - ഡെന്‍മാര്‍ക്കിന്റെ സാമ്പത്തിക മന്ത്രി സ്‌റ്റെഫാനി ലോസ് പറഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തിന്റെ പശ്‌ചാത്തലത്തില്‍, അമേരിക്കയ്‌ക്കും യൂറോപ്പിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്ന ഒരു പരിഹാരം കണ്ടെത്തുമെന്നു യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു. 'ശാന്തമായിരിക്കുക, വിശ്രമിക്കുക. പ്രശ്‌നം എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ അവസാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' - അദ്ദേഹം പറഞ്ഞു.
എന്നാല്‍, സമീപകാല സംഭവങ്ങള്‍ പുതിയ സ്വതന്ത്ര യൂറോപ്പ് കെട്ടിപ്പടുക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നു യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലേയന്‍ പറഞ്ഞു.
ഈ ആഴ്‌ച ട്രംപ് ദാവോസില്‍ നടക്കുന്ന ലോക രാഷ്‌ട്രീയ, ബിസിനസ് ഉന്നതരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അവിടെ ട്രംപ് വിരുദ്ധ പ്രകടനത്തിനു സാധ്യതയുണ്ട്.
അതേ സമയം, യു.എസും യൂറോപ്പും തമ്മിലുള്ള ഭിന്നതയുടെ പേരില്‍ റഷ്യ സന്താഷത്തിലാണ്. പ്രകൃതിദത്തമായി ഡെന്‍മാര്‍ക്കിന്റെ ഭാഗമല്ല ഗ്രീന്‍ലന്‍ഡെന്നു റഷ്യ വിദേശകാര്യ മന്ത്രി സെര്‍ജി ലാറോവ് പറഞ്ഞു. തീരുവ യുദ്ധം വീണ്ടും രൂക്ഷമാകുമെന്ന ഭയത്താല്‍ യൂറോപ്യന്‍ ഓഹരി വിപണി ഒരു ശതമാനത്തില്‍ അധികം ഇടിഞ്ഞു. അമേരിക്കന്‍ ഓഹരി വിപണിയിലും സമാന പ്രതികരണമുണ്ടായി. ഡോളറിന്റെ മൂല്യവും ഇടിഞ്ഞു.