-->
കീവ്: ഇസ്രയേലിനും ഹമാസിനും ഇടയില്‍ യു.എസ്. മധ്യസ്‌ഥതയില്‍ രൂപീകരിച്ച 'സമാധാന ബോര്‍ഡില്‍' ചേരാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയും ക്ഷണിച്ചിട്ടുണ്ടെന്ന് യുൈക്രന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. പക്ഷേ, റഷ്യയ്‌ക്കും യുൈക്രനും ഈ കൗണ്‍സിലില്‍ എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ കൂടി പ്രയാസമെന്നും സെലെന്‍സ്‌കി പറഞ്ഞു.
'ഞങ്ങള്‍ക്ക് ക്ഷണം ലഭിച്ചു; ഞങ്ങളുടെ നയതന്ത്രജ്‌ഞര്‍ അതില്‍ പ്രവര്‍ത്തിക്കുന്നു. എന്നാലും ഞങ്ങളുമായി യുദ്ധത്തിലുള്ള റഷ്യയുമായി എങ്ങനെ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നതാണ് പ്രശ്‌നം.- സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു.
സമാധാന ബോര്‍ഡില്‍ ചേരാന്‍ റഷ്യയെ ക്ഷണിച്ചിട്ടുണ്ടെന്ന് ക്രെംലിന്‍ തിങ്കളാഴ്‌ച സ്‌ഥിരീകരിച്ചു. റഷ്യ- യുൈക്രന്‍ യുദ്ധം തുടങ്ങി അഞ്ച് വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് ഈ വിരോധാഭാസം. യുദ്ധം ഇരു രാജ്യങ്ങളില്‍നിന്നുമായി 15,000 സാധാരണക്കാരെയും ലക്ഷക്കണക്കിന് സൈനികരെയും കൊന്നൊടുക്കി.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, യുൈക്രന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ക്കൊക്കെ ഗാസ സമാധാന ബോര്‍ഡില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കും ചൈനയ്‌ക്കും ക്ഷണം ലഭിച്ചിരുന്നു.