Wednesday, March 11, 2026 Last Updated 33 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.33 PM

ഇന്ത്യ- ഇ.യു. വ്യാപാര കരാര്‍ ഉടന്‍

ദാവോസ്‌: ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍(ഇ.യു) വ്യാപാര കരാര്‍ ഉടന്‍. ഗ്രീന്‍ലന്‍ഡിന്റെ പേരില്‍ ഇ.യുവും യു.എസും ഇടഞ്ഞ സാഹചര്യത്തിലാണു ഇന്ത്യയുമായുള്ള കരാര്‍ വേഗത്തിലാക്കാനുള്ള നീക്കം. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക്‌ അടുക്കുകയാണെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്‌ ഉര്‍സുല വോന്‍ ഡെര്‍ ലേയന്‍ വ്യക്‌തമാക്കി. 27 രാജ്യങ്ങളാണു ഇ.യുവിലുള്ളത്‌. നികുതികള്‍ക്ക്‌ പകരം ന്യായമായ വ്യാപാരം, ഒറ്റപ്പെടലിന്‌ പകരം പങ്കാളിത്തം, ചൂഷണത്തിന്‌ പകരം സുസ്‌ഥിരത എന്നിവയെ താന്‍ പിന്തുണയ്‌ക്കുന്നതായി യു.എസിനെ പരോക്ഷമായി വിമര്‍ശിച്ച അവര്‍ പറഞ്ഞു. ലോകത്തിലെ പ്രധാന വളര്‍ച്ചാ കേന്ദ്രങ്ങളുമായുള്ള ബന്ധം ദൃഢീകരിക്കുന്നതിലൂടെ തങ്ങളുടെ സമ്പദ്‌വ്യവസ്‌ഥയുടെ അപകടസാധ്യത കുറയ്‌ക്കാനും വിതരണ ശൃംഖലകളെ വൈവിധ്യവല്‍ക്കരിക്കാനും യൂറോപ്യന്‍ യൂണിയന്‍ പ്രതിജ്‌ഞാബദ്ധമാണെന്ന്‌ അവര്‍ പറഞ്ഞു.
'ദാവോസിന്‌ ശേഷം, അടുത്ത വാരാന്ത്യത്തില്‍ ഞാന്‍ ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യും. ഇനിയും ജോലികള്‍ ബാക്കിയുണ്ട്‌, പക്ഷേ ഞങ്ങള്‍ ഒരു ചരിത്രപരമായ വ്യാപാര കരാറിന്റെ വക്കിലാണ്‌. ചിലര്‍ അതിനെ എല്ലാ ഇടപാടുകളുടെയും മാതാവ്‌ എന്ന്‌ വിളിക്കുന്നു.' -അവര്‍ പറഞ്ഞു.
കരാര്‍ ഏകദേശം 200 കോടി ജനസംഖ്യയുള്ള സംയോജിത വിപണി സൃഷ്‌ടിക്കുകയും ലോക ജി.ഡി.പിയുടെ ഏകദേശം കാല്‍ ഭാഗം സംഭാവന ചെയ്യുകയും ചെയ്യും. ഇത്‌ ലോകത്തിലെ അതിവേഗം വളരുന്ന ഒരു മേഖലയില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക്‌ നിര്‍ണായകമായ പ്രയോജനം നല്‍കും.
ഇന്‍ഡോ- പസഫിക്‌ മേഖലയെ 'ഈ നൂറ്റാണ്ടിലെ പ്രധാന സാമ്പത്തിക ശക്‌തി കേന്ദ്രങ്ങളില്‍' ഒന്നായി അവര്‍ വിശേഷിപ്പിച്ചു. 'യൂറോപ്പ്‌ ഇന്നത്തെ വളര്‍ച്ചാ കേന്ദ്രങ്ങളുമായും ഈ നൂറ്റാണ്ടിലെ സാമ്പത്തിക ശക്‌തി കേന്ദ്രങ്ങളുമായും, ലാറ്റിന്‍ അമേരിക്ക മുതല്‍ ഇന്‍ഡോ- പസഫിക്‌ വരെയും അതിനപ്പുറത്തേക്കും ബിസിനസ്സ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നു' അവര്‍ വ്യക്‌തമാക്കി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവന അനുസരിച്ച്‌, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ അന്റോണിയോ ലൂയിസ്‌ സാന്റോസ്‌ ഡ കോസ്‌റ്റയും പ്രസിഡന്റ്‌ വോന്‍ ഡെര്‍ ലേയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ച്‌ 25 മുതല്‍ 27 വരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. ഇരു നേതാക്കളും ഇന്ത്യയുടെ 77ാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായിരിക്കും.

Ads by Google
Tuesday 20 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW