Wednesday, March 11, 2026 Last Updated 56 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.33 PM

നോയ്‌ഡയിലെ ടെക്കിയുടെ മരണം: കെട്ടിടനിര്‍മാണക്കമ്പനി ഉടമ അറസ്‌റ്റില്‍

നോയ്‌ഡ: റോഡരികിലെ നിര്‍മാണസ്‌ഥലത്തെ വെള്ളംനിറഞ്ഞ കുഴിയിലേക്കു കാര്‍മറിഞ്ഞ്‌ യുവാവ്‌ മരിച്ച സംഭവത്തില്‍ കെട്ടിടനിര്‍മാണക്കമ്പനി ഉടമ അറസ്‌റ്റില്‍. വിഷ്‌ടൗണ്‍ പ്ലാനേഴ്‌സ് ൈപ്രവറ്റ്‌ ലിമിറ്റഡിന്റെ ഉടമകളില്‍ ഒരാളായ അഭയ്‌ കുമാര്‍ ആണ്‌ അറസ്‌റ്റിലായത്‌. സ്‌ഥാപനത്തിന്റെ സഹഉടമയായ മനീഷ്‌ കുമാറിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി നോയിഡ പോലീസ്‌ അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞില്‍ കാഴ്‌ച മങ്ങിയതോടെ കാര്‍ നിയന്ത്രണം വിട്ട്‌ വെള്ളക്കെട്ടിലേക്കു മറിഞ്ഞാണ്‌ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ യുവരാജ്‌ മേത്ത(27)മരിച്ചത്‌. കഴിഞ്ഞ 16 നു രാത്രി നോയ്‌ സെക്‌ടര്‍ 150-നു സമീപമായിരുന്നു അപകടമുണ്ടായത്‌.
ഇന്നലെയാണു യുവരാജിന്റെ മൃതദേഹം പുറത്തെടുക്കാനായത്‌. യുവരാജിന്റെ പിതാവ്‌ രാജ്‌കുമാര്‍ മേത്തയുടെ പരാതിയിലാണ്‌ നിര്‍മാണക്കമ്പനികളായ എം.ജെ. വിഷ്‌ടൗണ്‍ പ്ലാനര്‍ ലിമിറ്റഡ്‌, ലോട്ടസ്‌ ഗ്രീന്‍ കണ്‍സ്‌ട്രക്ഷന്‍ ൈപ്രവറ്റ്‌ ലിമിറ്റഡ്‌ എന്നീ സ്‌ഥാപനങ്ങള്‍ക്കെതിരേ നോളജ്‌ പാര്‍ക്ക്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
2021 ല്‍ ഒരു മാളിന്റെ ബേസ്‌മെന്റ്‌ ഏരിയയുടെ നിര്‍മാണത്തിനായി നോയിഡയിലെ സെക്‌ടര്‍ 150-ല്‍ 20 അടി ആഴമുള്ള കുഴിയെടുത്തിരുന്നു. എന്നാല്‍, അതിനുശേഷം കുഴി മൂടാത്തതിനാല്‍ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. നോയിഡ അതോറിറ്റിയുടെ അംഗീകാരത്തോടെ 2019-2020 ല്‍ പദ്ധതി വിഷ്‌ടൗണ്‍ പ്ലാനേഴ്‌സിനും ഗൃഹപ്രസാവേഷ്‌ ഗ്രൂപ്പിനും വിറ്റതായി ലോട്ടസ്‌ ഗ്രീന്‍സ്‌ നിര്‍മാണക്കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്‌.
സംഭവം വിവാദമായതോടെ നോയ്‌ഡ അതോറിറ്റി സി.ഇ.ഒ: എം. ലോകേഷിനെ കഴിഞ്ഞ ദിവസം യു.പി. സര്‍ക്കാര്‍ തല്‍സ്‌ഥാനത്തുനിന്ന്‌ നീക്കിയിരുന്നു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ(എസ്‌.ഐ.ടി)യും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിയോഗിച്ചു. വിശദമായി അന്വേഷണം നടത്തി അഞ്ചു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു നിര്‍ദേശം.
സെക്‌ടര്‍ 150ന്റെ ചുമതലയുള്ള ജൂനിയര്‍ എന്‍ജിനീയറെ നോയ്‌ഡ അതോറിറ്റി സി.ഇ.ഒ: എം. ലോകേഷ്‌ സസ്‌പെന്‍ഡ്‌ ചെയ്യുകയും റോഡ്‌, ഗതാഗത സംബന്ധമായ ജോലികള്‍ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്വമുള്ള മറ്റ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ ലോകേഷിനെ ചുമതലയില്‍നിന്നു നീക്കിയത്‌.
കനത്ത മൂടല്‍മഞ്ഞ്‌ കാഴ്‌ചമറച്ചതോടെ യുവരാജ്‌ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട്‌ മതിലില്‍ ഇടിച്ചശേഷം 70 അടിയിലേറെ താഴ്‌ചയുള്ള വെള്ളക്കെട്ടിലേക്കു മറിയുകയായിരുന്നു. ഗുരുഗ്രാം ആസ്‌ഥാനമായുള്ള കമ്പനിയിലെ ജോലി കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുംവഴിയാണ്‌ അപകടമുണ്ടായത്‌.
അപകടത്തിനു പിന്നാലെ യുവരാജ്‌ പിതാവ്‌ രാജ്‌കുമാര്‍ മേത്തയെ ഫോണില്‍ വിളിച്ച്‌ രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചിരുന്നു. യുവാവിന്റെ നിലവിളി കേട്ട്‌ ചിലര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെ സ്‌ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. അഞ്ചു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ കാര്‍ വെള്ളക്കെട്ടില്‍നിന്ന്‌ ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത്‌.
സര്‍വീസ്‌ റോഡില്‍ അധികൃതര്‍ റിഫ്‌ളക്‌ടറുകള്‍ സ്‌ഥാപിക്കുകയോ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്‌തിരുന്നില്ലെന്നു യുവരാജിന്റെ കുടുംബം ആരോപിച്ചിരുന്നു. നാട്ടുകാരുടെയും യുവാവിന്റെ ബന്ധുക്കളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന്‌ സംഭവസ്‌ഥലത്ത്‌ നോയ്‌ഡ അതോറിറ്റി ബാരിക്കേഡുകള്‍ സ്‌ഥാപിച്ചു. എന്നാല്‍, ബാരിക്കേഡുകള്‍ അപര്യാപ്‌തമാണെന്നും റിഫ്‌ളക്‌ടറുകള്‍ സ്‌ഥാപിക്കണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Tuesday 20 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW