-->
ദോഹ: ഹ്രസ്വസന്ദർശനത്തിനായി ഖത്തറിൽ എത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കാതോലിക്കയായ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഖത്തറിലെ പ്രവാസി സമൂഹം ഭക്തിപൂർവവും വർണാഭവുമായ സ്വീകരണം നൽകി. ദോഹയിലെ
സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ, കോപ്റ്റിക്, എത്യോപ്യൻ ഉൾപ്പെടെയുള്ള വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും ഗ്രീക്ക്, കത്തോലിക്കാ സഭയുടേയും മറ്റ് ക്രൈസ്തവ സഭകളുടെയും സഹകരണത്തോടെയും ഖത്തറിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെയുമാണ് സ്വീകരണം സംഘടിപ്പിച്ചത്.അബുഹമൂറിലെ കോപ്റ്റിക് ചർച്ച് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലേക്ക് കാതോലിക്ക ബാവയെ ഭക്തിസാന്ദ്രമായ ഘോഷയാത്രയിലൂടെ ആനയിച്ചു. മാലാഖമാരായി വേഷമണിഞ്ഞ സൺഡേ സ്കൂൾ കുട്ടികൾ, വിശ്വാസികൾ, വൈദികർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. വർണാഭമായ കുടകൾ, തെളിയിച്ച മെഴുകുതിരികൾ, പതാകകൾ, ബാൻഡ് മേളം, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയായി.
സ്വീകരണയോഗത്തിൽ വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വിശ്വാസികളും, ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ APEX BODY പ്രതിനിധികൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ നേതാക്കളും പങ്കെടുത്തു. യാക്കോബായ സുറിയാനി സഭയുടെ അഭിവന്ദ്യ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെന്റ് ജെയിംസ് പള്ളിയുടെ വികാരി റവ. ഫാ. ഫെവിൻ ജോൺ സ്വാഗതം ആശംസിച്ചു.ഖത്തറിലെ ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള ഐക്യവും സഹോദര്യവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കാതോലിക്ക ബാവ ഊന്നിപ്പറഞ്ഞു. വിദേശികൾക്ക് ആരാധനാ സ്വാതന്ത്ര്യവും സമാധാനപരവും സുരക്ഷിതവുമായ ജീവിതവും ഉറപ്പാക്കുന്ന ഖത്തർ രാജ്യത്തിന്റെ നേതൃത്വത്തോടുള്ള നന്ദിയും ആദരവും അദ്ദേഹം രേഖപ്പെടുത്തി. ദോഹയിലെ സെന്റ് ജെയിംസ് പള്ളി സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച അനുഭവങ്ങൾ അനുസ്മരിച്ച അദ്ദേഹം, ഖത്തറിലെ ക്രൈസ്തവ സമൂഹങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു.
സെക്രട്ടറി ജനറലിന്റെ ഓഫീസ് ഫോർ സർവീസസ് അഫയേഴ്‌സിലെ അസിസ്റ്റന്റ് ഡയറക്ടർ ഹർ എക്സലൻസി മറിയം നാസർ അൽ ഹെയിൽ പ്രവാസികളുടെ സംഭാവനകൾ പ്രശംസിക്കുകയും ഖത്തർ നാഷണൽ വിഷൻ 2030 വിജയകരമായി സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ അംബാസഡർ വിപുൽ ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹ്യ സേവനങ്ങളെ അഭിനന്ദിച്ച് ഇന്ത്യൻ എംബസിയുടെ പൂർണ പിന്തുണ ഉറപ്പുനൽകി.ഗ്രീക്ക് ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് എമിനൻസ് അരിസ്റ്റോവുലോസ്, കോപ്റ്റിക് സഭയിലെ ഫാ. ബൗലോസ് നസർ, ഐ സി സി പ്രസിഡന്റ് എ. പി. മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി. പ്രസിഡന്റ് ഇ. പി. അബ്ദുറഹ്മാൻ, അബ്ദുൽ സത്താർ, സി. വി. റപ്പായി, ബോബി തോമസ് എന്നിവർ കാതോലിക്ക ബാവയെ ആദരിച്ചു.ഫാ. റൊസാരിയോ കോളാക്കോ, ഫാ. ടി. എസ്. അലക്സാണ്ടർ, ഫാ. മോസസ് എന്നിവർ സാന്നിധ്യം വഹിച്ചു. സെന്റ് ജെയിംസ് പള്ളി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ജിപ്സൺ ജേക്കബ് നന്ദിപറഞ്ഞു.പള്ളി ട്രസ്റ്റി ജോസഫ് ജോർജ്, വൈസ് പ്രസിഡന്റ് ജീൻ പോൾ, മറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ