-->
ദോഹ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾ വ്യക്തിപരമായതാണെന്നും അതിൽ അഭിപ്രായം പറയേണ്ടതില്ലെന്നും യു .ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. വെള്ളാപള്ളിയുടെ വിമർശനത്തിന്മറുപടി പറയേണ്ടത് വി.ഡി. സതീശൻ തന്നെയാണെന്നും, യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ ഐക്യം ഉറപ്പാക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കി. ഹ്രസ്വസന്ദർശനത്തിനായി ദോഹയിൽഎത്തിയഅടൂർ പ്രകാശ് എം.പി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
കേരളത്തിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിനെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും വ്യക്തിപരമായ ശത്രുതകളും പരസ്പരവിമർശനങ്ങളും ഒഴിവാക്കി എല്ലാവരെയും ഒരുമിപ്പിച്ചാകും മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) മുന്നണിയിൽ തിരിച്ചെത്തുന്ന കാര്യം നിലവിൽ അടഞ്ഞ അധ്യായമാണെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം യു.ഡി.എഫിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും, എന്നാൽ ആരെയും പിന്തുടർന്ന് ക്ഷണിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്ന സമീപനം മുന്നണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുൻപ് തന്നെ യു.ഡി.എഫ് വ്യക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മുസ്ലിം ലീഗ് യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണെന്നും, കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനുള്ള അവകാശം അവർക്കുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി ആശയവിനിമയം നടത്തി, ചർച്ചകളിലൂടെ തന്നെയാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യകക്ഷിയായ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ സ്ഥിരമായ ആശയവിനിമയം നിലനിൽക്കുന്നുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയുടെ മുന്നേറ്റമെന്നും അടൂർ പ്രകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓഫീസിൽ
നടന്നവാർത്താസമ്മേളനത്തിൽ രാജ്യസഭാ അംഗം ഹാരിസ് ബീരാൻ, ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ എന്നിവരും പങ്കെടുത്തു.
ഷഫീക് അറക്കൽ