-->
കാബൂള്‍: അഫ്‌ഗാന്‍ തലസ്‌ഥാനത്തുണ്ടായ സ്‌ഫോടനത്തില്‍ ഏഴു മരണം. ഷഹ്‌റെ നാവ് പ്രദേശത്തെ ചൈനീസ് റെസേ്‌റ്റാറന്റിന് പുറത്തായിരുന്നു സ്‌ഫോടനം. തിങ്കളാഴ്‌ച ഉച്ചയോടെ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കുമുണ്ട്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിദേശികളുടെ താമസസ്‌ഥലവും നയതന്ത്ര സ്‌ഥാപനങ്ങളും സ്‌ഥിതി ചെയ്യുന്ന പ്രദേശമാണിത്. അഫ്‌ഗാന്‍ തലസ്‌ഥാനത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗങ്ങളിലൊന്നായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്.
ചൈനീസ് റെസേ്‌റ്റാറന്റിന് സമീപമുണ്ടായ സ്‌ഫോടനം ചൈനീസ് ഉദ്യോഗസ്‌ഥരുമായി യാത്രചെയ്‌തിരുന്ന വാഹനം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും, താലിബാനിലെ എതിര്‍ വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും അഫ്‌ഗാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.
അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
2021ല്‍ യു.എസ് പിന്‍വാങ്ങിയ ശേഷം, അഫ്‌ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിരുന്നു. താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം കാബൂളിലും അഫ്‌ഗാനിസ്‌ഥാനിലെ മറ്റ് ഭാഗങ്ങളിലും ആക്രമണങ്ങള്‍ കുത്തനെ ഇടിഞ്ഞിരുന്നു.
2025-ല്‍ അഫ്‌ഗാനിസ്‌ഥാന്‍ രണ്ടു ചാവേറാക്രമണങ്ങള്‍ക്ക് സാക്ഷിയായി. ഫെബ്രുവരിയില്‍, കാബൂളിലെ നഗരവികസന, ഭവന നിര്‍മ്മാണ മന്ത്രാലയത്തിലേക്ക് പ്രവേശിക്കാന്‍ ഒരു ആക്രമണകാരി ശ്രമിച്ചപ്പോള്‍ ഒരാള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
അതേ ആഴ്‌ച, വടക്കുകിഴക്കന്‍ അഫ്‌ഗാനിലെ ഒരു ബാങ്കിന് പുറത്ത് നടന്ന ചാവേറാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.