-->
നോയ്‌ഡ: കനത്ത മൂടല്‍മഞ്ഞില്‍ കാര്‍ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായ യുവരാജ് മേത്ത(27)യാണു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി നോയ് സെക്‌ടര്‍ 150-നു സമീപമായിരുന്നു അപകടമുണ്ടായത്. കനത്ത മൂടല്‍മഞ്ഞ് കാഴ്‌ചമറച്ചതോടെ യുവരാജ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചശേഷം 70 അടിയിലേറെ താഴ്‌ചയുള്ള വെള്ളക്കെട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിനു പിന്നാലെ യുവരാജ് പിതാവ് രാജ്‌കുമാര്‍ മെഹ്‌തയെ ഫോണില്‍ വിളിച്ച് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചു.
'അച്‌ഛാ, ഞാന്‍ വെള്ളംനിറഞ്ഞ കുഴിയില്‍ വീണ് മുങ്ങിത്താഴുകയാണ്. ദയവായി എന്നെ രക്ഷിക്കൂ, എനിക്കു മരിക്കാന്‍ ആഗ്രഹമില്ല പപ്പാ' എന്നാണ് യുവരാജ് പിതാവിനോടു പറഞ്ഞത്. ഇതിനു പിന്നാലെ രാജ്‌കുമാര്‍ മെഹ്‌ത പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചശേഷം സംഭവസ്‌ഥലത്തേക്കു പാഞ്ഞു.
ഇതിനിടെ യുവാവിന്റെ നിലവിളി കേട്ട് ചിലര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെ സ്‌ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. അഞ്ചു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാര്‍ വെള്ളക്കെട്ടില്‍നിന്ന് ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ യുവരാജിന്റെ പിതാവ് രാജ്‌കുമാറും സ്‌ഥലത്തുണ്ടായിരുന്നു.
സര്‍വീസ് റോഡില്‍ അധികൃതര്‍ റിഫ്‌ളക്‌ടറുകള്‍ സ്‌ഥാപിക്കുകയോ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്‌തിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി യുവരാജിന്റെ കുടുംബം പരാതി നല്‍കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. യുവരാജിന്റെ പരാതിയില്‍ എം.ജെ. വിഷ്‌ടൗണ്‍ പ്ലാനര്‍ ലിമിറ്റഡ്, ലോട്ടസ് ഗ്രീന്‍ കണ്‍സ്‌ട്രക്‌ഷന്‍ ൈപ്രവറ്റ് ലിമിറ്റഡ് എന്നീ സ്‌ഥാപനങ്ങള്‍ക്കെതിരേ നോളജ് പാര്‍ക്ക് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.