Wednesday, March 11, 2026 Last Updated 58 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.31 PM

ട്രംപ്‌ വഞ്ചിച്ചന്ന്‌ ഇറാനിലെ പ്രതിഷേധക്കാര്‍

ടെഹ്‌റാന്‍: ഇറാനില്‍ ഉടന്‍ സൈനികനടപടിക്കില്ലെന്ന യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇറാനിലെ പ്രതിഷേധക്കാര്‍ക്ക്‌ അമര്‍ഷം. ട്രംപ്‌ വഞ്ചിച്ചെന്നാണു പരാതി. ട്രംപിന്റെ അവകാശവാദങ്ങളും പ്രവൃത്തികളും തമ്മില്‍ പൊരുത്തമില്ലെന്നും അവര്‍ പറഞ്ഞു.
ഇറാനിലെ ഖമനേയി ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്കു ട്രംപ്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ നേരിടുമെന്നും ട്രംപ്‌ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ യു.എസ്‌. സൈനികമായി ഇടപെടുമെന്ന്‌ ഇതോടെ പ്രതിഷേധക്കാര്‍ പ്രതീക്ഷിച്ചു. പ്രതിഷേധം ശക്‌തമായതോടെ ഭരണകൂടം കര്‍ശനമായി അടിച്ചമര്‍ത്തല്‍ നടപടികളും സ്വീകരിച്ചു.
എന്നാല്‍, ട്രംപ്‌ പിന്നീട്‌ പിന്നോട്ടുപോകുന്ന നിലപാടാണു സ്വീകരിച്ചത്‌. കൊലപാതകങ്ങളും വധശിക്ഷകളും നിര്‍ത്തുമെന്ന്‌ ഇറാന്‍ നേതൃത്വം തനിക്ക്‌ ഉറപ്പ്‌ നല്‍കിയതായി ട്രംപ്‌ അറിയിച്ചു. സൈനിക നടപടിയുമായി യു.എസ്‌. ഇപ്പോള്‍ മുന്നോട്ട്‌ പോകില്ലെന്നും അദ്ദേഹം സൂചന നല്‍കി. യു.എസ്‌. ഇടപെടുമെന്നു പ്രതീക്ഷിച്ച്‌ ജീവന്‍ പണയപ്പെടുത്തി തെരുവിലിറങ്ങിയവര്‍ക്ക്‌ ഇത്‌ ഇരുട്ടടിയായി.
'ഈ 15,000 പേരുടെ മരണത്തിന്‌ ട്രംപ്‌ ഉത്തരവാദിയാണ്‌. യു.എസ്‌. തയാറാണെന്ന അദ്ദേഹത്തിന്റെ പോസ്‌റ്റ്‌ കണ്ടാണു നിരവധിപ്പേര്‍ തെരുവിലറിങ്ങിയത്‌. ഇറാന്‍കാരെ ഇതുപോലെ ഒറ്റിക്കൊടുക്കാന്‍ ഇറാനിലെ ഇസ്ലാമിക്‌ റിപ്പബ്ലിക്കുമായി യു.എസ്‌. കരാര്‍ ഉണ്ടാക്കിയിരിക്കണം.'- ടെഹ്‌റാനിലെ ഒരു ബിസിനസുകാരന്‍ ടൈം മാസികയോട്‌ പറഞ്ഞു.

Ads by Google
Sunday 18 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW