Wednesday, March 11, 2026 Last Updated 26 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.31 PM

പകരച്ചുങ്കം വരും, തെറ്റ്‌ തിരുത്തിക്കും

ബ്രസല്‍സ്‌: ഗ്രീന്‍ലന്‍ഡ്‌ തര്‍ക്കത്തിന്റെ പേരില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ചുമത്തിയ തീരുവയ്‌ക്കെതിരേ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍(ഇ.യു.). യു.എസിനു പകരച്ചുങ്കം ഏര്‍പ്പെടുത്താന്‍ 27 രംഗങ്ങള്‍ അംഗമായ ഇ.യു. ചര്‍ച്ച തുടങ്ങി. യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ ഉപയോഗിക്കാത്ത സാമ്പത്തിക പ്രതിരോധ മാര്‍ഗ്ഗമായ 'ആന്റികോയര്‍ഷ്യന്‍ ഇന്‍സ്‌ട്രുമെന്റ്‌' നടപ്പാക്കണമെന്നാണ്‌ ആവശ്യം. ഇ.യുവിനു പുറത്തുള്ള രാജ്യങ്ങള്‍ക്കെതിരേ യൂറോപ്യന്‍ കമ്മിഷന്‌ നടപടി എടുക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്‌ഥയാണ്‌ 'ആന്റികോയര്‍ഷ്യന്‍ ഇന്‍സ്‌ട്രുമെന്റ്‌'. ഗ്രീന്‍ലന്‍ഡ്‌ വിഷയത്തില്‍ ഡെന്മാര്‍ക്ക്‌, സ്വീഡന്‍, ഫ്രാന്‍സ്‌, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്‌, ഫിന്‍ലാന്‍ഡ്‌ തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ബ്രിട്ടന്‍, നോര്‍വേ എന്നീ രാജ്യങ്ങളുമാണു ട്രംപിന്റെ തീരുവ ഭീഷണി നേരിടുന്നത്‌.
നിലവില്‍ 10% നും 15% നും ഇടയില്‍ യു.എസ്‌. താരിഫുകള്‍ക്ക്‌ വിധേയരായ എല്ലാ രാജ്യങ്ങളും ഗ്രീന്‍ലന്‍ഡിലേക്ക്‌ ചെറിയ സംഘം സൈനികരെ അയച്ചിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്റ്‌ സ്‌ഥാനം വഹിക്കുന്ന സൈപ്രസാണ്‌ അടിയന്തര യോഗത്തിനായി അംബാസഡര്‍മാരെ വിളിപ്പിച്ചത്‌. ഇ.യു. ചര്‍ച്ച ഏകോപിപ്പിക്കുന്നതിന്റെ ചുമതല ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണിനാണ്‌. യൂറോപ്യന്‍ യൂണിയന്റെ പൊതു ടെന്‍ഡറുകളില്‍നിന്ന്‌ യു.എസ്‌. സ്‌ഥാപനങ്ങളെ അകറ്റിനിര്‍ത്തുക, വ്യാപാര നിയന്ത്രണം കൊണ്ടുവരിക എന്നിവയാണു ചര്‍ച്ചയാകുന്നത്‌. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ വ്യാപാര കമ്മിറ്റിയുടെ ചെയര്‍മാനായ ബെര്‍ന്‍ഡ്‌ ലാന്‍ജ്‌(ജര്‍മനി), റിന്യൂ യൂറോപ്പ്‌ ഗ്രൂപ്പിന്റെ തലവന്‍ വലേറി ഹയര്‍ എന്നിവരും ജര്‍മ്മന്‍ എന്‍ജിനീയറിങ്‌ അസോസിയേഷനും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. സ്‌ഥിതി വഷളാക്കരുത്‌ എന്ന്‌ ആവശ്യപ്പെടുന്ന അംഗങ്ങളുമുണ്ട്‌.
ഇ.യു. നേതാക്കളില്‍ ട്രംപിനെ പിന്തുണയ്‌ക്കുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നടപടി തെറ്റാണെന്ന്‌ അവര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണു യു.എസും ഇ.യുവും വ്യാപാരകരാര്‍ ഒപ്പുവച്ചത്‌. ഈ കരാറിന്റെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റ്‌ നിര്‍ത്തിവച്ചേക്കും. ഈ മാസം 26, 27 തീയതികളിലാണു യൂറോപ്യന്‍ പാര്‍ലമെന്റ്‌ യോഗം ചേരുന്നത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ കരാര്‍ തുടരേണ്ടതില്ലെന്ന്‌ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഗ്രൂപ്പായ യൂറോപ്യന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ തലവന്‍ മാന്‍ഫ്രഡ്‌ വെബര്‍ വ്യക്‌തമാക്കി. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാര്‍, ദക്ഷിണ അമേരിക്കന്‍ കൂട്ടായ്‌മയായ മെര്‍കോസുറുമായി പാരഗ്വേയില്‍ ഒപ്പുവയ്‌ക്കുന്ന വേളയിലാണ്‌ ട്രംപിന്റെ ഭീഷണി വന്നത്‌. ഈ കരാര്‍ ലോകത്തിന്‌ ശക്‌തമായ സന്ദേശം നല്‍കുമെന്ന്‌ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്‌ വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു.

Ads by Google
Sunday 18 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW