Saturday, March 14, 2026 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.34 PM

ബി.എം.സി. തെരഞ്ഞെടുപ്പ്‌: എല്ലാവര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്‌ (എന്‍.സി.പി. ഒഴികെ)

മുംബൈ: മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ വിജയം നേടിയെങ്കിലും മറ്റ്‌ പാര്‍ട്ടികള്‍ക്ക്‌ 'ന്യായീകരണത്തിന്‌' അവസരം ഉറപ്പാക്കി. പൂര്‍ണമായ തിരിച്ചടി എന്‍.സി.പിക്ക്‌ മാത്രം. ശരദ്‌ പവാറിന്റെയും അജിത്‌ പവാറിന്റെയും എന്‍.സി.പികള്‍, ഒരുമിച്ചു മത്സരിച്ചിട്ടും തങ്ങളുടെ പഴയ ശക്‌തികേന്ദ്രങ്ങളായിരുന്ന പൂനെയിലടക്കം തറപറ്റി.
ബി.ജെ.പി

തെരഞ്ഞെടുപ്പ്‌ ഫലത്തിലൂടെ അംഗീകരിക്കപ്പെട്ടത്‌ ബി.ജെ.പിയുടെ മേല്‍ക്കോയ്‌മയാണ്‌. മുംബൈയില്‍ ആദ്യമായി ഒരു ബി.ജെ.പി. മേയര്‍ വരാന്‍ സാധ്യത തെളിഞ്ഞു. സീറ്റുകളുടെ കണക്കെടുത്താല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി ഉയര്‍ന്നുവന്നിരിക്കുന്നു. 2,869 വാര്‍ഡുകളില്‍ 1,425 എണ്ണത്തിലും അവര്‍ വിജയിച്ചു. ശിവസേന(ഏക്‌നാഥ്‌ ഷിന്‍ഡെ)യേക്കാള്‍ 1,000ല്‍ അധികം സീറ്റുകളാണു ബി.ജെ.പി. നേടിയത്‌. പുനെയിലും പിംപ്രിക്കൊ ചിഞ്ച്‌വാഡിലും ബി.ജെ.പി. നേടിയ വിജയമാണു വലിയ നേട്ടം.
പാര്‍ട്ടിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സ്വാധീനം ഇനിയും വര്‍ധിക്കും.
ശിവസേന (യു.ബി.ടി) -
എം.എന്‍.എസ്‌.

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടെങ്കിലും, ഉദ്ധവ്‌ താക്കറെക്ക്‌ മുംബൈയില്‍ ശിവസേനയുടെ പൈതൃകം തന്റെ കൈവശമാണെന്നു തെളിയിക്കാന്‍ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സഹായിച്ചിട്ടുണ്ട്‌. പാര്‍ട്ടിയുടെ പിളര്‍പ്പ്‌, കൂറുമാറ്റങ്ങള്‍, ബി.ജെ.പി യുടെ വലിയ തെരഞ്ഞെടുപ്പ്‌ സംവിധാനം എന്നിവയ്‌ക്കെതിരേ പോരാടിയ ഉദ്ധവ്‌ താക്കറെയുടെ ശിവസേന (യു.ബി.ടി) 65 വാര്‍ഡുകളില്‍ വിജയിച്ചു. ഇത്‌ ഏക്‌നാഥ്‌ ഷിന്‍ഡെ വിഭാഗം നേടിയ 29 സീറ്റുകളുടെ ഇരട്ടിയാണ്‌. കൂടാതെ, ഏക്‌നാഥ്‌ ഷിന്‍ഡെ വിഭാഗം താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തനിച്ച്‌ ഭൂരിപക്ഷം നേടിയപ്പോള്‍, ഷിന്‍ഡെയുടെ വീട്‌ സ്‌ഥിതി ചെയ്യുന്ന വാര്‍ഡില്‍ (വാര്‍ഡ്‌ 13എ) വിജയം നേടാന്‍ ശിവസേന (യു.ബി.ടി)ക്ക്‌ സാധിച്ചു.
രാജ താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്‌) പോലും സ്വാധീനം നിലനിര്‍ത്തി. സഹോദരന്‍ ഉദ്ധവ്‌ താക്കറെയുമായുള്ള സഖ്യം കാരണം ബി.എം.സിയില്‍ 2017ല്‍ നേടിയ 7 സീറ്റുകളില്‍നിന്ന്‌ ഒരു സീറ്റ്‌ മാത്രം കുറച്ച്‌ 6 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.
കോണ്‍ഗ്രസ്‌

സഖ്യകക്ഷികളായ ശിവസേന (യു.ബി.ടി), ശരദ്‌ പവാറിന്റെ എന്‍.സി.പി എന്നിവയുമായി കൂട്ടുകൂടാതെ തന്നെ കോണ്‍ഗ്രസിന്‌ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിച്ചു. സംസ്‌ഥാനത്തുടനീളം 324 വാര്‍ഡുകളില്‍ വിജയിക്കുകയും മൂന്നാമത്തെ വലിയ കക്ഷിയായി മാറുകയും ചെയ്‌തു.
മുസ്ലിം വോട്ടുകളുടെ വിഭജനം ഒരു ആശങ്കയായി തുടരുമെങ്കിലും, തങ്ങളുടെ ശക്‌തികേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തും അവര്‍ക്ക്‌ സ്‌ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞു. ശിവസേന- ബി.ജെ.പി സഖ്യത്തിനും താക്കറെ സഹോദരങ്ങളുടെ കൂട്ടായ്‌മയ്‌ക്കും എതിരെ മത്സരിച്ചിട്ടും ബി.എം.സിയില്‍ 25 വാര്‍ഡുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത്‌ കോണ്‍ഗ്രസിന്‌ വലിയ ആത്മവിശ്വാസം നല്‍കും.
ശിവസേന (ഷിന്‍ഡെ)

ഏക്‌നാഥ്‌ ഷിന്‍ഡെ നയിക്കുന്ന ശിവസേന വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം മുംബൈയില്‍ ശിവസേന (യു.ബി.ടി) യെ മറികടക്കുക എന്നതായിരുന്നു, ഇത്‌ അവര്‍ക്ക്‌ സാധിച്ചില്ല. എന്നാല്‍ ബി.എം.സിയില്‍ ഏകദേശം 30 സീറ്റുകള്‍ നേടിയ ഷിന്‍ഡെ ഒരു രാഷ്‌ട്രീയ പോരാളിയാണെന്ന്‌ തെളിയിച്ചു. കൂടാതെ, ബി.ജെ.പിക്ക്‌ കോര്‍പ്പറേഷനില്‍ തനിച്ച്‌ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍, ബി.ജെ.പിക്ക്‌ മേയര്‍ സ്‌ഥാനത്തേക്ക്‌ ഒരു സ്വാധീനം ചെലുത്താന്‍ ഷിന്‍ഡെക്ക്‌ കഴിയും. ഷിന്‍ഡെ വിഭാഗം മേയര്‍ സ്‌ഥാനത്തെക്കുറിച്ച്‌ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. തങ്ങളുടെ ശക്‌തികേന്ദ്രമായ താനെയിലെ വലിയ വിജയം ഷിന്‍ഡെയ്‌ക്ക് കൂടുതല്‍ മേല്‍ക്കൈ നല്‍കും.
എ.ഐ.എം.ഐ.എം.

അസദുദ്ദീന്‍ ഉവൈസി നയിക്കുന്ന പാര്‍ട്ടിയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പോക്കറ്റുകളില്‍ ആധിപത്യം കാട്ടി. 29 കോര്‍പ്പറേഷനുകളിലായി അവര്‍ 95 സീറ്റുകള്‍ നേടി. മഹാരാഷ്‌ട്രയിലെ മുസിം വോട്ടര്‍മാര്‍ സമാജ്‌വാദി പാര്‍ട്ടിയേക്കാള്‍ എ.ഐ.എം.ഐ.എം. നെയാണ്‌ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. 24 സീറ്റുകളുമായി ഛത്രപതി സംഭജിനഗറില്‍നിന്ന്‌ അവര്‍ക്ക്‌ ഏറ്റവും വലിയ നേട്ടം ലഭിച്ചു, തൊട്ടുപിന്നാലെ മാലെഗാവില്‍നിന്ന്‌ 20 സീറ്റുകള്‍ ലഭിച്ചു.

എന്‍.സി.പി.

അജിത്‌ പവാറിന്റെയും ശരദ്‌ പവാറിന്റെയും എന്‍.സി.പികള്‍ക്ക്‌ യോജിച്ചുള്ള പോരാട്ടം നേട്ടമായില്ല. പുനെ, പിംപ്രിക്കൊ ചിഞ്ച്‌വാഡ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ നിയന്ത്രണം നേടാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. സംസ്‌ഥാന തലത്തില്‍ ബി.ജെ.പിയുമായി സഖ്യത്തിലുള്ള അജിത്‌ പവാറിന്‌ ഇത്‌ വലിയ തിരിച്ചടിയായിരിക്കും. ഈ നഷ്‌ടങ്ങള്‍ അദ്ദേഹത്തിന്റെ സാധ്യതകളെ സാരമായി ബാധിക്കും. നിലവിലെ ഭരണസഖ്യത്തിലെ അദ്ദേഹത്തിന്റെ നിലനില്‍പ്‌ തന്നെ ചോദ്യചെയ്യപ്പെടാം.

Ads by Google
Saturday 17 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW