Wednesday, March 11, 2026 Last Updated 57 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.34 PM

ട്രംപ്‌ കുറ്റവാളി, തിരിച്ചടി നല്‍കുമെന്ന്‌ ഇറാന്‍

uploads/news/2026/01/821325/int0.jpg

ടെഹ്‌റാന്‍: കലാപത്തിന്റെ പേരില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെ കുറ്റപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി. ട്രംപ്‌ കുറ്റവാളിയാണെന്നും കുറ്റംചെയ്‌തത്‌ രാജ്യത്തിന്‌ അകത്തുള്ളവരാണെങ്കിലും പുറത്തുള്ളവരാണെങ്കിലും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. കലാപം നിയന്ത്രണ വിധേയമാണെന്ന സൂചന നല്‍കാന്‍ രണ്ടാഴ്‌ച നീണ്ട ഇന്റര്‍നെറ്റ്‌ നിരോധനം അവസാനിപ്പിക്കാന്‍ ഇറാന്‍ നടപടി തുടങ്ങി. എസ്‌.എം.എസ്‌. സേവനങ്ങള്‍ പുനരാരംഭിച്ചു. ഇന്റര്‍നെറ്റ്‌ ലഭ്യത രണ്ട്‌ ശതമാനമായി ഉയര്‍ന്നു.
യു.എസും ഇസ്രയേലും ആസൂത്രണം ചെയ്‌ത കലാപത്തില്‍ ആയിരക്കണക്കിന്‌ ആളുകള്‍ കൊല്ലപ്പെട്ടതായി ഖമനേയി പറഞ്ഞു. ട്രംപിനെ ഇറാന്‍ 'കുറ്റവാളി' ആയി കണക്കാക്കും. സമീപകാല പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്വം അമേരിക്ക വഹിക്കണം. അമേരിക്കയുടെ ലക്ഷ്യം ഇറാനെ വിഴുങ്ങുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍, ഖമനേയിയുടെ ആരോപണങ്ങളോട്‌ ട്രംപ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. 'പ്രസിഡന്റ്‌ ട്രംപിനൊപ്പം കളിക്കരുത്‌' എന്നായിരുന്നു വൈറ്റ്‌ ഹൗസ്‌ വക്‌താവിന്റെ പ്രതികരണം.
അതേസമയം, ഇറാനില്‍ പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കുറയുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്റര്‍നെറ്റ്‌ ലഭ്യത നിയന്ത്രിക്കപ്പെട്ടതിനാല്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ വ്യക്‌തമല്ലത്തതാകാം കാരണമെന്നാണ്‌ അവരുടെ വിശദീകരണം. 'സുരക്ഷാ ഉദ്യോഗസ്‌ഥര്‍ സ്‌ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഇപ്പോഴും മോട്ടോര്‍ബൈക്കുകളില്‍ പട്രോളിങ്‌ നടത്തുന്നുണ്ട്‌, എന്നാല്‍ പൊതുവേ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക്‌ മടങ്ങിയിട്ടുണ്ട്‌'- തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഷിറാസിലുള്ള ഒരു സ്‌ത്രീ ബി.ബി.സി. പേര്‍ഷ്യനോട്‌ പറഞ്ഞു. ഡിസംബര്‍ 28 ന്‌ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ആരംഭിച്ച പ്രക്ഷോഭം സര്‍ക്കാര്‍ വിരുദ്ധ കലാപമായി മാറുകയായിരുന്നു.
കരുതലോടെ ഇന്ത്യ

കൂടുതല്‍ അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ നിര്‍ദേശിച്ചു. സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ആവശ്യമായതെല്ലാം ചെയ്യാന്‍ പ്രതിജ്‌ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
രണ്ടാഴ്‌ച മുമ്പാണ്‌ ഇറാനിലെ പ്രതിസന്ധി രൂക്ഷമായതെന്ന്‌ അവിടെനിന്നു മടങ്ങിയെത്തിയവര്‍ പ്രതികരിച്ചു. 'ഞങ്ങള്‍ ഒരു മാസത്തോളമായി അവിടെയുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്‌ചകളായി മാത്രമാണ്‌ ഞങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിട്ടത്‌... ഞങ്ങള്‍ പുറത്തേക്ക്‌ പോകുമ്പോള്‍, പ്രക്ഷോഭകര്‍ കാറിന്‌ മുന്നിലേക്ക്‌ വരും. ബഹളം കണ്ട്‌ ഭയന്ന്‌ ഞങ്ങള്‍ മടങ്ങും. ഇന്റര്‍നെറ്റ്‌ നിശ്‌ചലമായതുകൊണ്ട്‌, കുടുംബാംഗങ്ങളെ ഒന്നും അറിയിക്കാന്‍ കഴിഞ്ഞില്ല. എംബസിയുമായിപോലും ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞില്ല.'- മടങ്ങിയെത്തിയവരില്‍ ഒരാള്‍ പറഞ്ഞു.

Ads by Google
Saturday 17 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW