Friday, March 13, 2026 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.33 PM

'ഗ്രീന്‍ലാന്‍ഡ്‌ എനിക്ക്‌ വേണം

uploads/news/2026/01/821320/sun1.jpg

കടയില്‍ കണ്ട വര്‍ണാഭമായ ഒരു കളിപ്പാട്ടത്തിനു വേണ്ടി വാശിപിടിച്ച്‌ കരയുന്ന കൊച്ചു കുട്ടികളില്ലേ? ലോകത്തെ ഏറ്റവും ശക്‌തമായ രാജ്യത്തിന്റെ പ്രസിഡന്റ്‌ ഇത്തരമൊരു 'വാശി'യുമായി വരുമ്പോള്‍ സംഗതി അല്‍പം ഗൗരവമാകും. പറഞ്ഞു വരുന്നത്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെക്കുറിച്ചാണ്‌. അദ്ദേഹം കണ്ണുവച്ചിരിക്കുന്നത്‌ ഒരു കളിപ്പാട്ടത്തിലല്ല, മറിച്ച്‌ ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിലാണ്‌!
'ഗ്രീന്‍ലാന്‍ഡ്‌ എനിക്ക്‌ വേണം' എന്ന ട്രംപിന്റെ വാശി കണ്ട്‌ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡ്‌ ഭരണകൂടവും നെറ്റി ചുളിച്ചു കാണും. 'വില്‍ക്കാനുള്ളതല്ല' എന്ന്‌ അവര്‍ കട്ടായം പറഞ്ഞിട്ടും അമേരിക്കന്‍ പ്രസിഡന്റ്‌ വിട്ടുകൊടുക്കാന്‍ ഭാവമില്ല.
എന്തിനാണ്‌ ഈ മഞ്ഞുമൂടിയ ഭൂമിക്കായി അമേരിക്ക ഇത്രയധികം മോഹിക്കുന്നത്‌? കേവലം ഒരു റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടത്തിനപ്പുറം, ആഗോള രാഷ്‌ട്രീയത്തിലെ ചതുരംഗക്കളിയായി ഗ്രീന്‍ലാന്‍ഡ്‌ മാറുന്നത്‌ എങ്ങനെയാണ്‌?
പേരില്‍ പച്ചപ്പുണ്ടെങ്കിലും ശരിക്കും വെളുത്ത പുതപ്പിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഈ ദ്വീപിന്റെ രഹസ്യങ്ങളും, അവിടെ മറഞ്ഞിരിക്കുന്ന കോടിക്കണക്കിന്‌ രൂപയുടെ ധാതുസമ്പത്തും, വന്‍ശക്‌തികള്‍ തമ്മിലുള്ള പോരും ചേരുമ്പോള്‍ ഗ്രീന്‍ലാന്‍ഡ്‌ ഒരു കൗതുകം മാത്രമല്ല, വരുംകാലത്തെ ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്ന കേന്ദ്രം കൂടിയാവുകയാണ്‌.
നോക്കെത്താ ദൂരത്തോളം വെളുത്ത മഞ്ഞു പുതച്ചു കിടക്കുന്ന ഈ ദ്വീപിന്‌ ഗ്രീന്‍ലാന്‍ഡ്‌ (പച്ചപ്പുള്ള നാട്‌) എന്ന്‌ പേരിട്ടത്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു കബളിപ്പിക്കലായിരുന്നു. അതിനു പിന്നിലാകട്ടെ 'എറിക്‌ ദ്‌ റെഡ്‌' എന്ന തന്ത്രശാലിയായ ഒരു നാവികന്റെ കുബുദ്ധിയും!
എ.ഡി 982-ലാണ്‌ സംഗതി നടക്കുന്നത്‌. ഐസ്ലന്‍ഡില്‍ ഒരു കൊലപാതകം നടത്തി നാടുകടത്തപ്പെട്ടയാളായിരുന്നു എറിക്‌. തന്റെ കപ്പലുമായി വടക്കോട്ട്‌ തുഴഞ്ഞ അദ്ദേഹം ചെന്നെത്തിയത്‌ വിജനമായ, മഞ്ഞുറഞ്ഞ ഈ ഭീമന്‍ ദ്വീപിലാണ്‌. മൂന്ന്‌ വര്‍ഷത്തെ ഏകാന്തവാസത്തിന്‌ ശേഷം തിരികെ ഐസ്ലന്‍ഡിലെത്തിയ എറിക്കിന്‌ ഒരു ലക്ഷ്യമുണ്ടായിരുന്നു; താന്‍ കണ്ടെത്തിയ ഈ പുതിയ ഭൂമിയിലേക്ക്‌ കൂടുതല്‍ ആളുകളെ താമസിപ്പിക്കാന്‍ കൊണ്ടുപോകണം.
പക്ഷേ, 'മഞ്ഞു കട്ടകള്‍ മാത്രം നിറഞ്ഞ ഒരു മരുഭൂമി കണ്ടെത്തിയിട്ടുണ്ട്‌, അങ്ങോട്ട്‌ വരുന്നോ?' എന്ന്‌ ചോദിച്ചാല്‍ ആരെങ്കിലും കൂടെ വരുമോ? ഒരിക്കലുമില്ല. അവിടെയാണ്‌ എറിക്‌ തന്റെ ബുദ്ധി പ്രയോഗിച്ചത്‌. മഞ്ഞു മൂടിക്കിടന്ന ആ നാടിന്‌ അദ്ദേഹം
'ഗ്രീന്‍ലാന്‍ഡ്‌' എന്ന്‌ പേരിട്ടു.
'പേര്‌ കേള്‍ക്കുമ്പോള്‍ നല്ല പച്ചപ്പുള്ള സ്‌ഥലമാണെന്ന്‌ കരുതി ആളുകള്‍ ഇവിടേക്ക്‌ വരാന്‍ കൊതിക്കു' എന്നായിരുന്നു എറിക്കിന്റെ കണക്കുകൂട്ടല്‍.
അദ്ദേഹം വിചാരിച്ചതുപോലെ തന്നെ നടന്നു! പച്ചപ്പും കൃഷിയിടങ്ങളും സ്വപ്‌നം കണ്ട്‌ 25 കപ്പലുകളിലായി നൂറുകണക്കിന്‌ ആളുകള്‍ എറിക്കിനൊപ്പം പുറപ്പെട്ടു. അവിടെ ചെന്നിറങ്ങിയപ്പോഴാണ്‌ അവര്‍ സത്യം മനസ്സിലാക്കിയത്‌ചുറ്റും കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന മഞ്ഞ്‌ മാത്രം! എങ്കിലും ആ പേര്‌ അവിടെ ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു. ഒരുപക്ഷേ, ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയല്‍ എസേ്‌റ്ററ്റ്‌ പരസ്യം എന്ന്‌ ഈ പേരിനെ വിളിക്കാം.
കൗതുകകരമായ മറ്റൊരു കാര്യം കൂടി, ഗ്രീന്‍ലാന്‍ഡിന്‌ തൊട്ടടുത്തുള്ള 'ഐസ്ലന്‍ഡ്‌' യഥാര്‍ത്ഥത്തില്‍ പച്ചപ്പുള്ള മനോഹരമായ സ്‌ഥലമാണ്‌. പക്ഷേ അതിന്റെ പേര്‌ കേട്ടാല്‍ അവിടെ മഞ്ഞ്‌ മാത്രമാണെന്നേ നമുക്ക്‌ തോന്നു.
പുറംലോകത്തിന്‌ ഗ്രീന്‍ലാന്‍ഡ്‌ ഒരു വെളുത്ത മരുഭൂമിയാണെങ്കില്‍, അവിടുത്തെ അരലക്ഷത്തിനു മേല്‍ വരുന്നജനങ്ങള്‍ക്ക്‌ അത്‌ അവരുടെ പ്രിയപ്പെട്ട വീടാണ്‌. അതിശൈത്യത്തെ തോല്‍പ്പിക്കുന്ന ആത്മബലത്തിന്റെ കഥയാണ്‌ ഗ്രീന്‍ലാന്‍ഡിലെ ജനജീവിതം.
ഗ്രീന്‍ലാന്‍ഡിലെ ജനസംഖ്യയില്‍ 90 ശതമാനത്തോളവും 'ഇന്‍യൂട്ട്‌' വംശജരാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി മഞ്ഞില്‍ വേട്ടയാടി ജീവിച്ചവരുടെ പിന്മുറക്കാര്‍. ഇവിടെ റോഡുകളേക്കാള്‍ കൂടുതല്‍ കടല്‍പ്പാതകളാണ്‌. ഒരു ഗ്രാമത്തില്‍ നിന്ന്‌ മറ്റൊരു ഗ്രാമത്തിലേക്ക്‌ പോകാന്‍ കാറുകളല്ല, മറിച്ച്‌ ബോട്ടുകളോ ഹെലികോപ്‌റ്ററുകളോ വേണം. മഞ്ഞുകാലത്ത്‌ നായകള്‍ വലിക്കുന്ന സ്ലെഡ്‌ജുകളും സ്‌നോ മൊബീലുകളുമാണ്‌ ഇവരുടെ പ്രധാന വാഹനങ്ങള്‍.
കൃഷി അസാധ്യമായ ഈ മണ്ണില്‍ ഭക്ഷണത്തിനായി അവര്‍ ആശ്രയിക്കുന്നത്‌ കടലിനെയാണ്‌. സീലുകള്‍, തിമിംഗലങ്ങള്‍, വിവിധതരം മത്സ്യങ്ങള്‍ എന്നിവയാണ്‌ ഇവരുടെ പ്രധാന ആഹാരം. സസ്യഭക്ഷണം കുറവായതുകൊണ്ട്‌ തന്നെ മൃഗക്കൊഴുപ്പില്‍ നിന്നാണ്‌ അവര്‍ ശരീരത്തിനുവേണ്ട ഊര്‍ജം കണ്ടെത്തുന്നത്‌. പച്ചക്കറികള്‍ക്കും മറ്റും ഡെന്മാര്‍ക്കില്‍ നിന്നുള്ള വിമാനങ്ങളെ കാത്തിരിക്കണം. അതുകൊണ്ട്‌ തന്നെ ഗ്രീന്‍ലാന്‍ഡിലെ കടകളില്‍ ഒരു ആപ്പിളിനോ തക്കാളിക്കോ സ്വര്‍ണത്തിന്റെ വിലയായിരിക്കും!
ഗ്രീന്‍ലാന്‍ഡിലെ നഗരങ്ങളിലെത്തിയാല്‍ മറ്റൊരു കാഴ്‌ച കാണാംചുവപ്പും മഞ്ഞയും നീലയും പച്ചയും നിറമുള്ള മനോഹരമായ വീടുകള്‍. മഞ്ഞുപുതച്ച വെളുത്ത പശ്‌ചാത്തലത്തില്‍ വീടുകള്‍ പെട്ടെന്ന്‌ തിരിച്ചറിയാനാണ്‌ ഇങ്ങനെ കടുത്ത നിറങ്ങള്‍ നല്‍കുന്നത്‌. പണ്ട്‌ കാലത്ത്‌ ഓരോ വീടിന്റെയും നിറം നോക്കി അത്‌ ആരുടേതാണെന്ന്‌ മനസ്സിലാക്കാമായിരുന്നു. ആശുപത്രികള്‍ക്ക്‌ മഞ്ഞ നിറവും കടകള്‍ക്ക്‌ ചുവപ്പ്‌ നിറവും നല്‍കുന്ന രീതി ഉണ്ടായിരുന്നു.
ഇന്ന്‌ പഴയതുപോലെ മഞ്ഞുകട്ടകള്‍ കൊണ്ട്‌ നിര്‍മിച്ച 'ഇഗ്ലൂ'കളില്‍ ആരും താമസിക്കുന്നില്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റും സ്‌മാര്‍ട്‌ഫോണും ആധുനിക സൗകര്യങ്ങളുമുള്ള വീടുകളുണ്ട്‌. എങ്കിലും വേട്ടയാടലും മീന്‍പിടുത്തവും അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഇന്നും തുടരുന്നു. രാത്രിയില്‍ ആകാശത്ത്‌ തെളിയുന്ന അത്ഭുത പ്രതിഭാസമായ 'അറോറ ബൊറിയാലിസ്‌' നോക്കി ഉറങ്ങുന്ന ഈ മനുഷ്യര്‍ക്ക്‌ കാലാവസ്‌ഥാ വ്യതിയാനം ഇന്ന്‌ വലിയൊരു ഭീഷണിയാണ്‌. മഞ്ഞുരുകുന്നത്‌ അവരുടെ വേട്ടയാടല്‍ രീതികളെയും യാത്രാമാര്‍ഗങ്ങളെയും വല്ലാതെ ബാധിക്കുന്നുണ്ട്‌.
ട്രംപിന്റെ ആവശ്യം കേട്ട്‌ പലരും നെറ്റിചുളിച്ചെങ്കിലും, അമേരിക്കയ്‌ക്ക് ഇത്‌ കേവലം ഒരു തമാശയോ പെട്ടെന്നുണ്ടായ മോഹമോ അല്ല. ഭൂപടം ഒന്ന്‌ പരിശോധിച്ചാല്‍ ഗ്രീന്‍ലാന്‍ഡിന്റെ സ്‌ഥാനം എത്രത്തോളം തന്ത്രപരമാണെന്ന്‌ മനസ്സിലാക്കാം. അമേരിക്കയുടെ അടുത്തും, റഷ്യയുടെ വടക്കന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുമുള്ള ഒരു 'കാവല്‍പ്പുര'യാണിത്‌. ആര്‍ട്ടിക്‌ സമുദ്രത്തില്‍ റഷ്യയും ചൈനയും തങ്ങളുടെ സൈനിക-സാമ്പത്തിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, അത്‌ തടയാന്‍ അമേരിക്കയ്‌ക്ക് ഗ്രീന്‍ലാന്‍ഡിനേക്കാള്‍ മികച്ച മറ്റൊരു താവളമില്ല. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന കണ്ണിയായ പിറ്റുഫിക്‌ സ്‌പേസ്‌ ബേസ്‌ നിലവില്‍തന്നെ ഇവിടെയുണ്ട്‌.
മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രിക്‌ വാഹനങ്ങള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ അപൂര്‍വ ധാതുക്കളുടെ വന്‍ ശേഖരം ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞുപാളികള്‍ക്കടിയിലുണ്ട്‌. നിലവില്‍ ഇത്തരം ധാതുക്കള്‍ക്കായി ലോകം 80 ശതമാനവും ചൈനയെയാണ്‌ ആശ്രയിക്കുന്നത്‌. ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അമേരിക്കയ്‌ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ ഗ്രീന്‍ലാന്‍ഡിലെ ഈ നിധി സ്വന്തമാക്കിയേ തീരൂ.
ട്രംപിന്‌ മുന്‍പും പല യു.എസ്‌ പ്രസിഡന്റുമാരും ഈ ദ്വീപ്‌ വാങ്ങാന്‍ ചെക്ക്‌ ബുക്കുമായി ഡെന്മാര്‍ക്കിനെ സമീപിച്ചിട്ടുണ്ട്‌. 1867-ല്‍ അലാസ്‌ക വാങ്ങിയതിന്‌ പിന്നാലെ ഗ്രീന്‍ലാന്‍ഡിലും അമേരിക്ക കണ്ണുവച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‌ ശേഷം 1946-ല്‍ പ്രസിഡന്റ്‌ ഹാരി ട്രൂമാന്‍ 100 ദശലക്ഷം ഡോളര്‍ (ഏകദേശം 700 കോടി രൂപ) നല്‍കി ഗ്രീന്‍ലാന്‍ഡ്‌ വാങ്ങാന്‍ ഔദ്യോഗികമായി തന്നെ ശ്രമിച്ചു.
അമേരിക്ക സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും ഭൂമിശാസ്‌ത്രപരമായി ഗ്രീന്‍ലാന്‍ഡിനോട്‌ ഏറ്റവും അടുത്ത്‌ സ്‌ഥിതി ചെയ്യുന്ന രാജ്യം കാനഡയാണ്‌. ഗ്രീന്‍ലാന്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗവും കാനഡയിലെ എല്‍സ്‌മിയര്‍ ദ്വീപും തമ്മില്‍ 26 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ഈ രണ്ട്‌ ഭൂപ്രദേശങ്ങളെയും വേര്‍തിരിക്കുന്നത്‌ നാരെസ്‌ എന്ന കടലിടുക്കാണ്‌. കാനഡയും ഗ്രീന്‍ലാന്‍ഡും തമ്മില്‍ ഇപ്പോള്‍ ഒരു കര അതിര്‍ത്തിയുമുണ്ട്‌. ഹാന്‍സ്‌ എന്ന ചെറിയ ദ്വീപിനെ ചൊല്ലിയുള്ള ദശാബ്‌ദങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍, 2022-ല്‍ ആ ദ്വീപിനെ വിഭജിച്ച്‌ ഇരു രാജ്യങ്ങളും ഔദ്യോഗികമായി കര അതിര്‍ത്തി പങ്കിടാന്‍ തീരുമാനിച്ചു.
ഗ്രീന്‍ലാന്‍ഡിന്‌ അടുത്തുള്ള മറ്റൊരു രാജ്യം ഐസ്ലാന്‍ഡാണ്‌. ഏകദേശം 320 കിലോമീറ്റര്‍ അകലെയാണിത്‌. അമേരിക്കയിലെ മെയ്‌ന്‍ സംസ്‌ഥാനത്തുനിന്ന്‌ ഗ്രീന്‍ലാന്‍ഡിലേക്ക്‌ ഏകദേശം 2,500 കിലോമീറ്റര്‍ ദൂരമുണ്ട്‌.
ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നുന്ന ഒരു സംശയമാണ്‌, ഇതൊരു സ്വതന്ത്ര രാജ്യമാണോ അതോ വെറുമൊരു ദ്വീപാണോ എന്നത്‌. ഇതിനുള്ള ഉത്തരം അല്‍പം സങ്കീര്‍ണമാണ്‌. ഗ്രീന്‍ലാന്‍ഡ്‌ ഭൂമിശാസ്‌ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോട്‌ ചേര്‍ന്നുനില്‍ക്കുമ്പോഴും, രാഷ്‌ട്രീയമായി യൂറോപ്പിലെ കൊച്ചുരാജ്യമായ ഡെന്മാര്‍ക്കിന്റെ ഭാഗമാണ്‌. എങ്കിലും അവര്‍ക്ക്‌ സ്വന്തമായി ഒരു ഭരണഘടനയും പാര്‍ലമെന്റും സര്‍ക്കാരുമുണ്ട്‌. 1979-ല്‍ ഇവര്‍ക്ക്‌ സ്വയംഭരണാധികാരം ലഭിച്ചു. 2009-ല്‍ നടന്ന ജനഹിതപരിശോധനയിലൂടെ ഈ അധികാരം കൂടുതല്‍ വിപുലമാക്കി. ഇവിടുത്തെ തലസ്‌ഥാനമായ നൂക്ക്‌ കേന്ദ്രീകരിച്ചാണ്‌ ഭരണം നടക്കുന്നത്‌.
ഗ്രീന്‍ലാന്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഡെന്മാര്‍ക്കിന്‌ ഇടപെടാന്‍ കഴിയില്ല. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്‌ഥിതി, ഖനനം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങള്‍ ഗ്രീന്‍ലാന്‍ഡ്‌ സര്‍ക്കാരും വിദേശകാര്യം, പ്രതിരോധം, കറന്‍സി (ഡാനിഷ്‌ ക്രോണ്‍), സുരക്ഷ എന്നിവ ഡെന്മാര്‍ക്കുമാണ്‌ കൈകാര്യം ചെയ്യുന്നത്‌.
ഗ്രീന്‍ലാന്‍ഡ്‌ സമ്പന്നമായ ധാതുശേഖരം ഉള്ള നാടാണെങ്കിലും അവരുടെ സമ്പദ്‌വ്യവസ്‌ഥയുടെ വലിയൊരു ഭാഗം ഡെന്മാര്‍ക്ക്‌ നല്‍കുന്ന സബ്‌സിഡിയെ ആശ്രയിച്ചാണ്‌. ഓരോ വര്‍ഷവും കോടിക്കണക്കിന്‌ ഡോളറാണ്‌ ഡെന്മാര്‍ക്ക്‌ ഇവിടേക്ക്‌ നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ പൂര്‍ണമായൊരു സ്വാതന്ത്ര്യം സാമ്പത്തികമായി ഗ്രീന്‍ലാന്‍ഡിന്‌ ഇപ്പോള്‍ എളുപ്പമല്ല.
ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളുടെ സമ്മതമില്ലാതെ ആ ദ്വീപിന്റെ പദവി മാറ്റാന്‍ ഡെന്മാര്‍ക്കിന്‌ കഴിയില്ല. 'ഗ്രീന്‍ലാന്‍ഡ്‌ വില്‍ക്കാനുള്ളതല്ല' എന്ന്‌ അവിടുത്തെ പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞതും ഈ അധികാരം ഉള്ളതുകൊണ്ടാണ്‌.
'പുതിയ സില്‍ക്ക്‌ റോഡ്‌'

കാലാവസ്‌ഥാ വ്യതിയാനം മൂലം ആര്‍ട്ടിക്‌ മഞ്ഞുരുകുന്നത്‌ ലോക വ്യാപാര ഭൂപടത്തെത്തന്നെ മാറ്റിമറിക്കുകയാണ്‌. വരും കാലത്ത്‌ ലോകത്തിന്റെ ടോള്‍ ബൂത്തായി ഗ്രീന്‍ലാന്‍ഡ്‌ മാറിയേക്കാം. നിലവില്‍ ഏഷ്യയില്‍ നിന്ന്‌ യൂറോപ്പിലേക്ക്‌ കപ്പലുകള്‍ പോകുന്നത്‌ സൂയസ്‌ കനാല്‍ വഴിയാണ്‌. എന്നാല്‍ ഗ്രീന്‍ലാന്‍ഡിന്‌ മുകളിലൂടെയുള്ള വടക്കന്‍ പാത പൂര്‍ണമായും തുറക്കപ്പെട്ടാല്‍ യാത്രാദൂരം ഏകദേശം 40 ശതമാനത്തോളം കുറയും. ഇത്‌ ഇന്ധനലാഭവും സമയലാഭവും നല്‍കുന്നതിനാല്‍ വന്‍കിട കപ്പല്‍ കമ്പനികള്‍ ഇതിനായി കാത്തിരിക്കുകയാണ്‌.
ഈ പാതകള്‍ക്ക്‌ കാവല്‍ നില്‍ക്കാന്‍ കഴിയുന്ന രാജ്യത്തിന്‌ ആഗോള വ്യാപാരത്തിന്മേല്‍ വലിയ നിയന്ത്രണം ലഭിക്കും. ആ കവാടത്തിന്റെ താക്കോല്‍ ഗ്രീന്‍ലാന്‍ഡിന്റെ കൈവശമാണ്‌.
അമേരിക്കയെ ഗ്രീന്‍ലാന്‍ഡിലേക്ക്‌ ഇത്ര വേഗത്തില്‍ ഓടിയെത്താന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം ചൈനയുടെ ഇടപെടലുകളാണ്‌. ഭൂമിശാസ്‌ത്രപരമായി ആര്‍ട്ടിക്കുമായി ബന്ധമില്ലെങ്കിലും ആര്‍ട്ടിക്കിനു സമീപമുള്ള രാജ്യമാണ്‌ തങ്ങള്‍ എന്നു സ്വയം പ്രഖ്യാപിച്ചാണ്‌ ചൈനയുടെ നീക്കങ്ങള്‍.
കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗ്രീന്‍ലാന്‍ഡില്‍ മൂന്ന്‌ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ ചൈനീസ്‌ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഗ്രീന്‍ലാന്‍ഡില്‍ ചൈനീസ്‌ സാന്നിധ്യം വരുന്നത്‌ തങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന്‌ കണ്ട്‌ അമേരിക്ക ഡെന്മാര്‍ക്കിന്‌ മേല്‍ സമ്മര്‍ദം ചെലുത്തുകയും ആ നീക്കം തടയുകയും ചെയ്‌തു. ചൈനയുടെ വിഖ്യാതമായ 'ബെല്‍റ്റ്‌ ആന്‍ഡ്‌ റോഡ്‌' പദ്ധതിയുടെ ഭാഗമായി 'പോളാര്‍ സില്‍ക്ക്‌ റോഡ്‌' വികസിപ്പിക്കാന്‍ അവര്‍ക്ക്‌ പദ്ധതിയുണ്ട്‌. ഗ്രീന്‍ലാന്‍ഡിലെ ഖനന മേഖലയില്‍ നിക്ഷേപം നടത്തിക്കൊണ്ട്‌ അവിടുത്തെ രാഷ്‌ട്രീയത്തില്‍ സ്വാധീനം ഉറപ്പിക്കാനാണ്‌ ചൈന ശ്രമിക്കുന്നത്‌.
ആയുധ നിര്‍മ്മാണത്തിന്‌ ആവശ്യമായ അപൂര്‍വ ധാതുക്കളുടെ ഖനനം ചൈനീസ്‌ കമ്പനികള്‍ കൈക്കലാക്കിയാല്‍, ഭാവിയില്‍ അമേരിക്ക ചൈനയെ ആശ്രയിക്കേണ്ടി വരുമെന്ന ഭയമാണ്‌ ട്രംപിന്റെയും മറ്റ്‌ യു.എസ്‌. നേതാക്കളുടെയും ഉറക്കം കെടുത്തുന്നത്‌.
ആഗോളതാപനം മൂലം ഭൂമി ചൂടാകുമ്പോള്‍ അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌ ഈ മഞ്ഞുദ്വീപാണ്‌. പക്ഷേ, ഈ മഞ്ഞുരുകല്‍ ഗ്രീന്‍ലാന്‍ഡിന്‌ നല്‍കുന്നത്‌ ഒരേസമയം ഭീഷണിയും ചില പുതിയ സാധ്യതകളുമാണ്‌.
ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ക്ക്‌ കിലോമീറ്ററുകളോളം കനമുണ്ട്‌. ഈ മഞ്ഞ്‌ മുഴുവന്‍ ഉരുകിയാല്‍ ലോകത്തെ സമുദ്രനിരപ്പ്‌ ഏകദേശം ഏഴു മീറ്ററോളം ഉയരുമെന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. അതായത്‌, കൊച്ചിയും ലണ്ടനും ന്യൂയോര്‍ക്കുമെല്ലാം വെള്ളത്തിനടിയിലാകാന്‍ ഗ്രീന്‍ലാന്‍ഡിലെ ഒരു ചെറിയ മാറ്റം മതി. ഓരോ വര്‍ഷവും ശതകോടിക്കണക്കിന്‌ ടണ്‍ മഞ്ഞാണ്‌ ഇവിടെ ഉരുകി കടലില്‍ ചേരുന്നത്‌.
മഞ്ഞുരുകുന്നത്‌ അവിടുത്തെ തദ്ദേശീയരായ ഇന്‍യൂട്ടുകളുടെ ജീവിതം ദുസ്സഹമാക്കുന്നു. മഞ്ഞുകാലത്ത്‌ കടല്‍ ഉറച്ചു നില്‍ക്കുമ്പോഴാണ്‌ അവര്‍ സ്ലെഡ്‌ജുകളില്‍ പോയി വേട്ടയാടുന്നത്‌. എന്നാല്‍, ഇപ്പോള്‍ മഞ്ഞ്‌ പാളികള്‍ക്ക്‌ മുന്‍പത്തെപ്പോലെ ഉറപ്പില്ല. പലപ്പോഴും മഞ്ഞ്‌ പാളികള്‍ക്കിടയില്‍ പെട്ട്‌ വേട്ടക്കാര്‍ അപകടത്തില്‍പ്പെടുന്നു. മഞ്ഞുരുകുന്നതോടെ ധ്രുവക്കരടികള്‍ക്കും മറ്റ്‌ ജീവിവര്‍ഗങ്ങള്‍ക്കും ആഹാരം കണ്ടെത്താന്‍ പ്രയാസമാകുന്നു.
മഞ്ഞുരുകുന്നത്‌ ലോകത്തിന്‌ ആപത്താണെങ്കിലും ഗ്രീന്‍ലാന്‍ഡിന്‌ അത്‌ പുതിയ വാതിലുകള്‍ തുറക്കുന്നു. മഞ്ഞ്‌ പുതച്ചു കിടന്നതുകൊണ്ട്‌ ഖനനം അസാധ്യമായിരുന്ന പലയിടങ്ങളും ഇപ്പോള്‍ തെളിഞ്ഞു വരികയാണ്‌. നേരത്തെ പറഞ്ഞ അപൂര്‍വ ധാതുക്കളും സ്വര്‍ണവും എണ്ണയുമെല്ലാം ഈ മഞ്ഞുപാളികള്‍ക്ക്‌ താഴെയാണ്‌. മഞ്ഞുരുകുന്നത്‌ ഖനനം എളുപ്പമാക്കും എന്നത്‌ വന്‍കിട കമ്പനികളെയും രാജ്യങ്ങളെയും സന്തോഷിപ്പിക്കുന്നു.
ഒരുകാലത്ത്‌ ഒന്നും വിളയാതിരുന്ന തെക്കന്‍ ഗ്രീന്‍ലാന്‍ഡില്‍ ഇപ്പോള്‍ ചെറിയ തോതില്‍ ഉരുളക്കിഴങ്ങും മറ്റ്‌ പച്ചക്കറികളും കൃഷി ചെയ്യാന്‍ സാധിക്കുന്നുണ്ട്‌. അന്തരീക്ഷത്തിലെ ചൂട്‌ കൂടുന്നത്‌ പുല്ലുകള്‍ വളരാന്‍ കാരണമാകുന്നതിനാല്‍ ആടുവളര്‍ത്തലും ഇപ്പോള്‍ സജീവമാകുന്നു. എറിക്‌ ദ്‌ റെഡ്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ആഗ്രഹിച്ച 'പച്ചപ്പ്‌' ഒരുപക്ഷേ കാലാവസ്‌ഥാ വ്യതിയാനത്തിലൂടെ ഗ്രീന്‍ലാന്‍ഡിന്‌ ലഭിച്ചേക്കാം.

ഇ.പി. ഷാജുദീന്‍

Ads by Google
Saturday 17 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW