-->
എന്നത്തെയും പോലെ പ്രത്യേകതകളൊന്നുമില്ലാത്ത വിരസമായ ഒരു ദിവസം തന്നെയായിരുന്നു അന്നും അയാള്‍ക്ക്. അസാധാരണ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമെന്ന സൂചനയൊന്നും അന്ന് ഉണ്ടായിരുന്നുമില്ല. കടല്‍ തീരത്ത് നില്‍ക്കുമ്പോള്‍ ഒരായിരം ഓര്‍മകള്‍ തിരമാലകളെപ്പോലെ ആര്‍ത്തലച്ചെത്തും.
ഏതെങ്കിലും പരിചയക്കാരെ കണ്ടാല്‍ തീര്‍ന്നു, എല്ലാം മറന്ന് അല്‍പ നേരം കടലിന്റെ സൗന്ദര്യത്തില്‍ അലിഞ്ഞു ചേരാനാണ് വരുന്നതെന്ന ബോധമില്ലാതെ കലപില കൂട്ടുന്ന പൊങ്ങച്ചങ്ങള്‍ക്ക് ചെവി കൊടുക്കാനാകും പിന്നെ വിധി.
ഈ പാലത്തില്‍ നിന്നാല്‍ എല്ലാം ഒഴിവാക്കാം. ജീവിതത്തിന്റെ ഏകാന്തതയ്‌ക്ക് തണലായി, നിരന്തരമായ എഴുത്തിന്റെയും വായനയുടെയും വിരസതയ്‌ക്കിടയില്‍ അല്‍പം ആശ്വാസമായി... എല്ലാം അയാള്‍ക്ക് കടലായിരുന്നു. അയാളുടെ സ്വപ്‌നങ്ങളുടെ ആകെത്തുകയായിരുന്നു കടല്‍. സന്തോഷവും ദു:ഖവും ഇരു കൈകളും നീട്ടി ഒരു പോലെ ഏറ്റുവാങ്ങുന്ന കടല്‍...
പാലത്തിന്റെ കൈ വരികളില്‍ പിടിച്ച് കടലിന്റെ ഭംഗി നോക്കി നില്‍ക്കുമ്പോഴാണ് പാലത്തിന്റെ അങ്ങേത്തലയ്‌ക്കല്‍ നില്‍ക്കുന്ന പെണ്‍കുട്ടി അയാളുടെ കണ്ണുകളില്‍ പെട്ടത്. ഏകാന്തത ഭംഗപ്പെടുത്താനെത്തിയ അവളോട് അയാള്‍ക്ക് വെറുപ്പാണ് തോന്നിയത്.
സ്വയം ഏകാന്തത മാറ്റാന്‍ വന്നിട്ട് മറ്റുള്ളവരുടെ കാര്യം ആലോചിച്ച് സമയം കളയേണ്ടതെന്തിനെന്ന ചിന്തയുമായി അയാള്‍ അയാളുടെ ലോകത്തേക്ക് പോയി. അതിനിടയിലെപ്പോഴോ കേട്ട ശബ്‌ദമാണ് അയാളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. പാലത്തില്‍ നിന്നും എന്തോ താഴെ വീണതു പോലെ. ശബ്‌ദം കേട്ട് എവിടെ നിന്നൊക്കെയോ ആളുകള്‍ ഓടിക്കൂടി. എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്ക് മനസ്സിലായില്ല.
പെട്ടെന്നാണ് പാലത്തില്‍ നിന്ന പെണ്‍കുട്ടിയെ അവിടെ കണ്ടില്ലല്ലോയെന്ന് ഒരു ഞെട്ടലോടെ അയാള്‍ മനസ്സിലാക്കുന്നത്. അവള്‍ താഴേക്ക് ചാടിയതാണോ? എങ്കില്‍ താന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവളെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ലേ എന്ന കുറ്റബോധം അയാളെ വല്ലാതെ വേട്ടയാടി.
ഓടിക്കൂടിയ ആളുകള്‍ക്കിടയില്‍ നിന്നും അവളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും ഇപ്പോള്‍ താഴേക്ക് ചാടും എന്നയാള്‍ പ്രതീക്ഷിച്ചു. തനിക്ക് നീന്തലറിയാമായിരുന്നെങ്കില്‍ എന്ന് അയാള്‍ ആശിച്ച നിമിഷം കൂടിയായിരുന്നു അത്. എങ്കിലും വന്നവരുടെ ആവേശം അയാളെ വല്ലാതെ സന്തോഷിപ്പിച്ചു. ഇക്കാലത്തും ഇങ്ങനെയുള്ള ചെറുപ്പക്കാരുണ്ടല്ലോ എന്ന് അയാള്‍ അഭിമാനത്തോടെ ഓര്‍ത്തു. പക്ഷേ സമയം കടന്നു പോകുന്നതല്ലാതെ ആരും താഴേക്ക് ചാടുന്നില്ല. ''ഇത്രേം നേരം ഇവിടെ വെറുതെ നോക്കിക്കൊണ്ടു നിന്നിട്ട്... ഇത്തിരി നേരത്തെ ചാടിയിരുന്നെങ്കില്‍ നല്ലക്ല ിയര്‍ പടം കിട്ടിയേനെ...'' ആരുടെയോ ശബ്‌ദം ആള്‍ക്കൂട്ടത്തില്‍ നിന്നു മുഴങ്ങി.
''ആരോ ചതിച്ചതാകണം...''. ആള്‍ക്കൂട്ടത്തില്‍ നിന്നും അഭിപ്രായങ്ങളുയര്‍ന്നു.
''അല്ലെങ്കില്‍ ഇപ്പോള്‍ എന്തെങ്കിലും കാരണം തന്നെ വേണമെന്നില്ല, ജീവിതം അവസാനിപ്പിക്കാന്‍.'' മറ്റാരുടെയോ അഭിപ്രായം.
''ഇത്തിരി വെളിച്ചം കൂടിയുണ്ടായിരുന്നെങ്കില്‍... ''
വെളിച്ചമില്ലാത്ത ലോകത്ത് ജീവനായി കേഴുന്ന അവളുടെ ചിത്രം പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ആരോ പറഞ്ഞു. കേട്ടറിഞ്ഞ് വീണ്ടും വീണ്ടും ആളുകള്‍ കൂടിക്കൊണ്ടിരുന്നു, അവളുടെ അവസാന ഞരക്കങ്ങള്‍ക്കു മേല്‍ മൊബൈല്‍ ക്യാമറകളുടെ വെളിച്ചം പതിഞ്ഞു കൊണ്ടിരുന്നു. അപ്പോഴേക്കും ഫെയ്‌സ്ബുക്കിലേക്കും വാട്‌സാപ്പിലേക്കും സംഭവത്തിന്റെ തല്‍സമയ വീഡിയോ പങ്കു വയ്‌ക്കപ്പെടാനും ലൈക്ക് നേടാനും തുടങ്ങിയിരുന്നു.