-->
മറുനാട്ടില്‍ മാത്രം പൂത്തുലയാന്‍ വിധിക്കപ്പെട്ട ജന്മമാണ് മലയാളിയുടേത്. ഓണവും ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും പറശിനിക്കടവു മുത്തപ്പനുമൊക്കെ മലയാളിക്കൊപ്പം മറുനാട്ടിലെത്തി. കേരളത്തിലെ കലാകാരന്മാരുടെ ഓണം പ്രവാസിയുടെ വിളക്കത്താണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സൂറത്തില്‍ വിദ്യാഭ്യാസ- സാംസ്‌കാരിക -സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമായ കേരള കലാസമിതിയുടെ ജൂബിലി മലയാളി മഹാസംഗമം ശ്രദ്ധേയമായി. ആയിരക്കണക്കിന് സഹൃദയര്‍ ഒത്തുചേര്‍ന്ന മലയാളി മഹാസദസ്. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോണി ലൂക്കോസ്, വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ, ജയരാജ് വാര്യര്‍, ആര്‍ട്ടിസ്‌റ്റ് മദനന്‍, പായിപ്ര രാധാകൃഷ്‌ണന്‍ എന്നിവരെ ജൂബിലി പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഒരു സര്‍വകലാശാലയാകാന്‍ പിച്ചവയ്‌ക്കുന്ന വിദ്യാഭ്യാസ സമുച്ചയം കേന്ദ്രമന്ത്രി സി.ആര്‍. പാട്ടീല്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളാ കലാസമിതിയുടെ പ്രസിഡന്റ് സുരേഷ് പി. നായരുടെ സമര്‍ഥമായ സംഘാടക നേതൃത്വം എടുത്തുപറയേണ്ടതാണ്.
വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് ദിശാനിര്‍ദേശം നല്‍കാന്‍തക്ക കെല്‌പ് സൂറത് കേരള കലാസമിതി ആര്‍ജിച്ചിരിക്കുന്നുവെന്ന് പ്രശസ്‌ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു. കേരളത്തിന്റെ കലാസാഹിത്യ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും മലയാളി മഹാസംഗമവും ഭാവിയിലും തുടരാന്‍തക്ക പ്രസക്‌തിയുള്ളവയത്രെ. അരനൂറ്റാണ്ടു പിന്നിടുന്ന സമിതി സ്‌കൂളില്‍ ഒരു മഹാഗ്രന്ഥശാലയും മലയാള വിഭാഗവും ഞാന്‍ സ്വപ്‌നം കാണുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അടൂര്‍ പറഞ്ഞു.
പ്രഹരശേഷിയുള്ള
വിദൂഷകന്‍
ശ്രീനിവാസന്‍ സിനിമപോലെ പ്രഹരശേഷിയുള്ള ലാളിത്യം സൗഹൃദങ്ങളിലും സംഭാഷണങ്ങളിലും ശ്രീനിവാസന്‍ പുലര്‍ത്തിയിരുന്നതിനെക്കുറിച്ച്, ദീര്‍ഘകാലം അദ്ദേഹവുമായി ഇടപഴകിയ അനുഭവങ്ങളിലൂടെ ഓര്‍ത്തെടുക്കുകയാണ് ശ്രീകാന്ത് കോട്ടയ്‌ക്കല്‍. അഭിനയിക്കണമെങ്കില്‍ എഴുതിയേ തീരൂ എന്ന് വന്നപ്പോഴാണ് താന്‍ തിരക്കഥയെഴുതിയതെന്നും പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടുമാണ് അത് ചെയ്യിച്ചതെന്നും ശ്രീനിവാസന്‍. ശ്രീനിവാസന്‍ തന്റെ എഴുത്തിന്റെ പീരങ്കി കൂടുതലും തിരിച്ചുവച്ചത് കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കെതിരേയാണ്. കമ്യൂണിസ്‌റ്റ് ഗ്രാമത്തില്‍ ജനിച്ച്, നേതാക്കള്‍ക്കിടയില്‍ ആ അന്തരീക്ഷത്തില്‍ വളര്‍ന്നതാകാം അതിനു കാരണം. മാവോവാദം മണ്ടത്തരമെന്നും മൃഗങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനെന്ന മട്ടില്‍ കാട്ടില്‍ കഴിയുന്നവരാണ് നക്‌സലുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കാട്ടില്‍ പോയി ചര്‍ച്ച ചെയ്‌ത്, നാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ കയറി ഏതെങ്കിലും പോലീസുകാരെക്കൊണ്ട് കൈ ചോരയില്‍ മുക്കി പതിക്കുകയല്ല വേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. (മാതൃ. ആഴ്‌ച. ജനു. 11).
2025-മികച്ച കൃതികള്‍
കഴിഞ്ഞവര്‍ഷത്തെ വായനയില്‍ മികവുതോന്നിയ നാലു പുസ്‌തകങ്ങളെക്കുറിച്ച് ഗ്രന്ഥകാരനും സഹൃദയനും മികച്ച വായനക്കാരനും മുന്‍ ദൂരദര്‍ശന്‍ ഡയറക്‌ടര്‍ ജനറലുമായ കെ. കുഞ്ഞിക്കൃഷ്‌ണന്‍ പറയുന്നതില്‍ വിശ്വാസ്യത ഏറുന്നുണ്ട്. സേതുവിന്റെ ആത്മകഥ-'അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍' സുധാമേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍', ജി.ആര്‍. ഇന്ദുഗോപന്റെ 'ആനോ', പ്ര?ഫ. എം.ആര്‍. ചന്ദ്രശേഖരന്റെ ആത്മകഥ സംഗ്രാമ പര്‍വങ്ങള്‍ എന്നിവയാണ് ആ കൃതികള്‍. പ്രസാധകരുടെയോ കൂലിപ്പടയുടെയോ വൈതാളികരുടെയോ പൊയ്‌ക്കാലുകളില്‍ പുരസ്‌കാര കേമത്തരങ്ങള്‍ ഉയര്‍ത്തി പുരയ്‌ക്കകത്തു കയറി നില്‍ക്കുന്ന ചില കൃതികള്‍ കാലപ്പഴക്കത്തില്‍ ക്ലാവ് പിടിച്ച് പോകാം. എഴുത്തിലും ചിന്തയിലും പ്രതികരണങ്ങളില്‍ അഭിജാതമായൊരു ഏകാന്ത ഗരിമ പുലര്‍ത്തുന്ന കെ. കുഞ്ഞിക്കൃഷ്‌ണനെ വിശ്വസിക്കാം; അതല്ലേ പ്രധാനം.
വയലിന്റെ ഗന്ധങ്ങള്‍
വയനാട്ടിലെ വനഗ്രാമവും നെല്ലറയുമായ ചേകാടിയിലെ വയലുകള്‍ക്ക് ഗന്ധകശാലയുടെയും ജീരകശാലയുടെയും ഗന്ധമാണ്. മൂന്നു നൂറ്റാണ്ടുമുമ്പേ കബനി നദി കടന്നെത്തിയ ചെട്ടിമാരാണ് ചേകോടിയില്‍ പൊന്നുവിളയിച്ചത്. മാനന്തവാടിപ്പുഴയും പനമരംപുഴയും കൂടല്‍കടവില്‍ ഒന്നായി കബനിയായി മാറുന്നു. ഉടമകളും തൊഴിലാളികളും ഈ വയല്‍ ഗ്രാമത്തില്‍ ഒന്നുതന്നെ. ഗോത്ര-വന-പുഴ-വയല്‍ സംസ്‌കൃതിയുടെ സംഗമഭൂമി. ചേകോടിയില്‍ വയലുകള്‍ക്ക് അതിരില്ല, വേലിയില്ല. കരഭൂമിയില്‍പ്പോലും മതില്‍ക്കെട്ടുകളില്ല. അടിയുടേതും ചെട്ടികളുടേതുമായ മൂന്നു പുല്‍വീടുകള്‍ മാത്രം. പുല്‍പ്പള്ളി നക്‌സലാക്രമണ സമയത്ത് ചേകോടിയിലെ ജന്മിമാരുടെ പത്തായങ്ങള്‍ കൊള്ളയടിച്ചുവെന്ന് അജിതയുടെ ഓര്‍മക്കുറിപ്പുകളിലുണ്ട്. ഇന്നിപ്പോള്‍ സഞ്ചാരികള്‍ക്കുള്ള റിസോര്‍ട്ടുകളും പുല്‍വീടുകളും ഗോത്രസങ്കേതവും സുകുവേട്ടന്റെ ചായക്കടയും അജയന്റെ കാപ്പിക്കടയുമാണുള്ളതെന്ന് പ്രദീപ് മാനന്തവാടി. (കൗമുദി വാരാന്ത്യം-ഡിസം. 28).
ഓങ്‌സാന്‍സൂചി
ധാര്‍മ്മികതയുള്ള ഒരു നേതാവിനെയാണ് ഒരു കാലത്ത് ഓങ്‌സാന്‍ സൂചികയില്‍ കാണാനായതെന്ന് എ.ജെ. ഫിലിപ്പ്. അവര്‍ ഒരു പ്രതീകമായിരുന്നു. കീഴടങ്ങുന്നതിനുപകരം പീഡനവും വിട്ടുവീഴ്‌ചയ്‌ക്കു പകരം നിശബ്‌ദതയും അധികാരത്തിനുമേല്‍ അഭിമാനവും തെരഞ്ഞെടുത്തു അവര്‍. കുറ്റകൃത്യങ്ങളിലൊന്നും അവര്‍ പെട്ടില്ല. 1991-ല്‍ നോബല്‍ സമ്മാനിതനായി. പട്ടാളം എതിരായിട്ടും വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും ജയില്‍ജീവിതം. മലയാളി മാധ്യമപ്രവര്‍ത്തകനായ എം. ശിവറാമാണ് റംഗൂണില്‍നിന്ന് അതിസാഹസികമായി രാഷ്‌ട്രപിതാവും സൂചിയുടെ പിതാവുമായ ഓങ്‌സാനെ കൊലപ്പെടുത്തിയ വാര്‍ത്ത ലോകത്തെ അറിയിച്ചതെന്നും ഫിലിപ്പ്. (മാധ്യമം ജനു. 1).
വൃക്ഷ വൈജ്‌ഞാനികം
പാണ്ഡവ വനവാസകാലത്ത് ശമിവൃക്ഷത്തിലാണ് അവര്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. നാഗ്‌പ്പൂരില്‍നിന്നു കൊണ്ടുവന്ന രണ്ടു ശമി വൃക്ഷങ്ങള്‍ തന്റെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെന്ന് വൃക്ഷവൈദ്യന്‍കൂടിയായ കെ. ബിനു. അശ്വവിദ്യയും അക്ഷവിദ്യയും വൃക്ഷവൈജ്‌ഞാനികത്തില്‍ വര്‍ണിക്കുന്നുണ്ട്. പഞ്ചവടി, കൃഷിഗീത, മൃതസഞ്‌ജീവനി തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതിലുണ്ട്. കാവില്‍ മരിച്ച മരങ്ങളുടെ അവകാശം ഒരു പ്രത്യേക സമുദായക്കാര്‍ക്കായിരുന്നു. നാല്‌പാമരങ്ങളും കല്ലരയാലുംകൂടി ചേര്‍ന്ന അഞ്ചുതരം വൃക്ഷങ്ങളുടെ ഇടമാണ് രാമായണത്തിലെ പഞ്ചവടി. അതിരു തിരിക്കുന്നതിന് പാലക്കാടന്‍ പനകള്‍ നട്ടുവരാറുണ്ട്. (ലക്ഷദ്വീപില്‍ കാലാകാലങ്ങളായി തെങ്ങുകള്‍ കൂട്ടമായി ചേര്‍ത്തു നട്ടാണ് മൂലകളും അതിരുകളും അടയാളപ്പെടുത്തുന്നത്). വൃക്ഷവൈജ്‌ഞാനികത്തിലെ ലേഖനങ്ങള്‍ ഓരോന്നും ബൃഹദ് ഗ്രന്ഥങ്ങള്‍ക്കുള്ള വിത്തുകളാണെന്നും കെ. ബിനു. ഗോവ രാജ്‌ഭവനില്‍ നടന്ന വൃക്ഷ വൈജ്‌ഞാനിക സദസില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും പായിപ്ര രാധാകൃഷ്‌ണനും ചേര്‍ന്ന് എഡിറ്റു ചെയ്‌ത ഈ കൃതി. ഡോ. കെ. മുരളി പായിപ്ര, ഡോ. വിജയന്‍ ചാലാട്, പ്രഫ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. പി. മനോഹരന്‍, ഡോ. സിന്ധു എ, കെ.കെ. മാരാര്‍, ഡോ. നിയ എന്നിവരുടെ പ്രൗഢബന്ധങ്ങളും ആര്‍ട്ടിസ്‌റ്റ് മദനന്റെ രേഖാചിത്രങ്ങളും ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. (കലാകൗമുദി നവം. 30) കറന്റ് തൃശൂര്‍: 175 രൂപ).
പ്രണയ മോചനം
വിവാഹമോചനത്തേക്കാള്‍ കൂടുതല്‍ പ്രണയമോചനം ഉണ്ടാകാനിടയുണ്ട്. എല്ലാ പ്രണയങ്ങളും വിവാഹത്തിലേക്കോ എല്ലാ വിവാഹങ്ങളും പ്രണയത്തിലേക്കോ പരിണമിക്കാറില്ലല്ലോ? ടര്‍ക്കിഷ് എഴുത്തുകാരി, എലിഫ് ഷഫാക്കിന്റെ പ്രണയനിയമങ്ങളിലൊന്ന് വെബിനിവേശത്തില്‍ റാംമോഹന്‍ പാലിയത്ത് ഉദ്ധരിക്കുന്നു. പ്രണയത്തിനു മുമ്പും പിമ്പും ഒരേ വ്യക്‌തിതന്നെയാണെങ്കില്‍ അതിനര്‍ത്ഥം അവിടെ കാര്യമായ പ്രണയം സംഭവിച്ചിട്ടില്ല എന്നാകുന്നു. വിവാഹമോചിതരായ പ്രിയദര്‍ശനും ലിസിയും ദമ്പതിമാരെപ്പോലെ പഴയമട്ടില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഫോട്ടോയും ശ്രദ്ധേയമാകുന്നു. (മാതൃ. ആഴ്‌ച. ജനു. 11).
പ്രണയ ഹത്യ
ആകാശച്ചുരുള്‍മുടിത്തുമ്പില്‍ വിറപൂണ്ട് നെറ്റിയിലൂടെ മഴയുടെ തീര്‍ത്ഥയാത്ര. ചോലയായ്, അരുവിയായ്. മലയിടുക്കുകള്‍, ചോലപ്പൂവാടികള്‍, താഴമ്പൂക്കാടുകള്‍ താണ്ടി, ഒടുവിലൊരു പ്രണയഹത്യ. (വിനീത വേണാട്ട്).