Thursday, March 12, 2026 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 12.44 PM

‘സിനിമാകഥാപാത്രങ്ങൾക്ക് ജാനകി/സീത എന്നോ പേരിടുന്നതിനെപ്പോലും എതിർക്കുന്നു’വെന്ന് മുഖ്യമന്ത്രി; രാഷ്ട്രീയ പ്രസ്താവനയ്ക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന്​ കേന്ദ്രമന്ത്രി സുരേഷ്ഗോപി

uploads/news/2026/01/821110/Untitled-04.jpg
Chief minister and suresh gopi's clash on School Kalolsavam (Image Source: Instagram)

വ്യത്യസ്ത രാഷ്​‍ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ ഒരേ വേദിയില്‍ ഒരുമിച്ചെത്തിയാല്‍ ഇവരുടെ പ്രസംഗം പരസ്പരം പഴി ചാരിയും കുറ്റപ്പെടുത്തിയുമൊക്കെ വന്നുപോകാറുണ്ട്. ചിലതൊക്കെ നേരിട്ട് തന്നെ പറയുന്നതാണെങ്കില്‍ മറ്റ് ചിലത് കുറിക്കു കൊള്ളുന്ന രീതിയില്‍ പേര് പരാമര്‍ശിക്കാതെ പറയുന്നതായിരിക്കും.
ഇപ്പോഴിതാ അങ്ങനെയൊരു വേദിയില്‍ ഒരുമിച്ചെത്തിയത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുമായിരുന്നു. തൃശൂരിൽ 64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയാണ് ഇവരുടെ വാക്പോരിന് വേദിയായി മാറിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മതത്തിന്റെ പേരിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടാനുള്ള ആയുധമായി കലയെ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
‘‘കല കേവലം സന്തോഷം നൽകാൻ മാത്രമല്ല, ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും വർഗീയതയ്‌ക്കെതിരെ പോരാടാനും ഉപകരിക്കം. മതത്തിന്റെ പേരിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടാനുള്ള ആയുധമായി കലയെ ഉപയോഗിക്കണം. ഫ്യൂഡൽ കാലഘട്ടത്തിൽ കലകൾ ചില പ്രത്യേക ജാതികളിലോ മതങ്ങളിലോ മാത്രം ഒതുങ്ങിനിന്നിരുന്നുവെന്നും അയിത്തം പോലുള്ള അനാചാരങ്ങൾ നിലനിന്നിരുന്നു. എന്നാൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വരവോടെ കലകൾ എല്ലാവരുടേതുമായി മാറി. ഇതിൽ സ്കൂൾ കലോത്സവങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രശസ്ത ഗായകൻ കലാമണ്ഡലം ഹൈദരാലി മതത്തിന്റെ പേരില്‍ ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. മറ്റൊരു മതത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ ഒരാളെ അപമാനിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കലാകാരന്മാരെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, കലയുടെ അടിസ്ഥാനത്തിലാണ് കാണേണ്ടത്. ക്രിസ്മസ് കരോളുകൾ ആക്രമിക്കപ്പെടുന്നതും സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകി എന്നോ സീത എന്നോ പേരിടുന്നതിനെപ്പോലും എതിർക്കുന്നതാണ് പുതിയ കാലത്തെ പ്രവണത. മുസ്ലീങ്ങൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പനയിൽ പങ്കെടുക്കരുതെന്നും വാദിക്കുന്നവർ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണ്.
ഇത്തരം വിഭജന ചിന്തകളെ പുതിയ തലമുറ തള്ളിക്കളയണമെന്നും ജാതിയോ മതമോ നോക്കാതെ കലയെ നെഞ്ചേറ്റണം. മനുഷ്യരെ ഭിന്നിപ്പിക്കുന്ന ആശയങ്ങളെ തള്ളിക്കളഞ്ഞ് മനസ്സുകളെ ഒന്നിപ്പിക്കുന്ന കലയെ ഉയർത്തിപ്പിടിക്കണമെന്നതാകണം ഈ കലോത്സവത്തിന്റെ സന്ദേശം...’’ എന്നാണ് വിമര്‍ശിച്ചും തന്റെ നിലപാടുകള്‍ അറിയിച്ചും മുഖ്യമന്ത്രി പറഞ്ഞത്. തൃശൂരിലെ തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ ‘സൂര്യകാന്തി’ വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പരാമർശങ്ങൾ അടങ്ങിയ പ്രസംഗത്തിന് പിന്നാലെ സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, താൻ രാഷ്ട്രീയ മറുപടികൾക്ക് മുതിരുന്നില്ലെന്ന് വ്യക്തമാക്കി.
‘‘ഭാവിയിൽ ഏറ്റവും വ്യക്തിത്വം പേറുന്ന കുഞ്ഞുങ്ങൾക്കായുള്ളതാണ് ഈ വേദി. അതിന് അതിന്റെ ഗരിമയുണ്ട്. ഗരിമ നിലനിൽക്കുന്ന ഈ വേദിയിൽ രാഷ്ട്രീയം കലർത്തിയുള്ള മറുപടി പറയുന്നില്ല. സത്യം എന്തെന്ന് ജനങ്ങൾക്കറിയാം. ഒരു കാര്യം പറയുമ്പോൾ അതിന്റെ മുഴുവൻ സത്യവും ജനങ്ങളെ അറിയിക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കണം.
ഈ മഹത്തായ ചടങ്ങിന്റെ അന്തസ്സും പ്രാധാന്യവും കണക്കിലെടുത്ത് രാഷ്ട്രീയ പ്രസ്താവനകൾക്ക് മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം പരാമർശങ്ങൾക്ക് വ്യക്തമായ മറുപടിയുണ്ട്, അത് ജനങ്ങൾക്ക് അറിയാം....’’ എന്നാണ് സുരേഷ്ഗോപി പറഞ്ഞത്.
ക്രിസ്മസ് ആഘോഷങ്ങൾക്കു നേരേയുണ്ടായ അക്രമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചതും അതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അതിനോട് അതൃപ്തി പ്രകടിപ്പിച്ചതും സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ രാഷ്ട്രീയ ചർച്ചയുടെയും വേദിയാക്കി.

നേരത്തെ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര് നൽകിയപ്പോൾ ‘താമര’യെ ഒഴിവാക്കിയത് വിവാദമായിരുന്നു. ബിജെപിയുടെയും യുവമോർച്ചയുടെയും പ്രതിഷേധത്തെത്തുടർന്ന് പിന്നീട് ഒരു വേദിക്ക് താമര എന്ന് പേര് നൽകിയിരുന്നു. 1956-ൽ എറണാകുളത്ത് വെറും 200 പേരുമായി ആരംഭിച്ച കലോത്സവം ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായി മാറിയിരിക്കുകയാണ്. ജനുവരി 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 14,000-ത്തോളം വിദ്യാർത്ഥികളാണ് 249 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. ‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

Ads by Google
Friday 16 Jan 2026 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW