-->
മലയാളസിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ വിസ്മയമായ മോഹന്‍ലാല്‍, കേരളത്തിന്റെ പടനായകന്‍ ‘സഖാവ് പിണറായി’ എന്ന് സംസ്ഥാനമെമ്പാടും സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്നത് കാണാന്‍ ആരാധകരും പാര്‍ട്ടിപ്രവര്‍ത്തകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ അഭിമുഖം നടത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. ഇക്കഴിഞ്ഞ ദിവസം ഈ അഭിമുഖത്തിന്റെ ടീസര്‍ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള അഭിമുഖത്തിന്റെ‘കണ്ടും മിണ്ടിയും ഇരുവര്‍’ എന്ന പരിപാടിയുടെ ടീസർ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് ചിത്രീകരിച്ച ഈ അഭിമുഖം, രാഷ്ട്രീയവും വ്യക്തിപരവുമായ ഒട്ടേറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണെന്ന സൂചന നല്‍കുന്നുണ്ട്. പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്ന മോഹൻലാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജിവിതത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തം.
‘മുഖ്യമന്ത്രിക്കിഷ്ടം രജനികാന്തിന്റെ സിനിമകളാണെന്ന് കേട്ടിട്ടുണ്ട്...? എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം. ‘അതെ...പൊതുവില്‍ ഞാന്‍ ആക്ഷന്‍ പടങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ്...’ എന്നാണ് മുഖ്യമന്ത്രി പറയുന്ന മറുപടി. സിനിമയിലെ ഏതെങ്കിലും രംഗങ്ങൾ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടിവന്നിട്ടുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് മോഹൻലാൽ ചോദിക്കുന്നുണ്ട്. തല്ലുകൊണ്ട് ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവത്തെ കുറിച്ചും മുഖ്യമന്ത്രി പങ്കുവക്കുന്നുണ്ട്. തന്റെ സിനിമയിലെ ഏതെങ്കിലും ഡയലോഗ് ഓർമയുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ‘ദിനേശനും ദാസനും’ എന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുന്നതും ഇരുവരും ചിരിക്കുന്നതും ടീസറിലുണ്ട്.
‘മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്?, തുടങ്ങിയ കൗതുകകരമായ ചോദ്യങ്ങൾക്കൊപ്പം, ‘ജീവിതത്തിൽ എന്നെങ്കിലും പശ്ചാത്താപം തോന്നിയ കാര്യമുണ്ടോ?’ എന്ന ഗൗരവമേറിയ ചോദ്യവും ലാൽ ഉയർത്തുന്നുണ്ട്. അതിനുള്ള പിണറായി വിജയന്റെ മറുപടികളിലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ടീസർ അവസാനിക്കുന്നത്. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ എന്നതാണ് അഭിമുഖത്തിന്റെ ടാഗ്ലൈൻ.
1.15 മിനിറ്റ് നീളുന്നതാണ് ടീസർ. മോഹൻലാലും ടീസർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്ത് എം ബി സനിൽ കുമാർ എന്നിവരാണ് വീഡിയോയിലുള്ളത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് ഈ പരിപാടിയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യ ദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായി നടത്തിയ ചിത്രീകരണത്തെക്കുറിച്ച് അധികമാരെയും അറിയിച്ചില്ല. അതേസമയം മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഇതിന്റെ ഭാഗമായതെന്നും വിവരമുണ്ട്.
തിരുവനന്തപുരത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയാണ് ഇത്തരമൊരു ആശയത്തിലേക്ക് ഇരുവരും എത്തിയത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ സമാനമായ രീതിയിൽ അഭിമുഖം നടത്തി ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും സർക്കാരിന്റെ പ്രവർത്തനങ്ങളും ലാലുമായുള്ള ഹൃദ്യമായ സംഭാഷണത്തിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോൾ അത് വലിയൊരു ദൃശ്യാനുഭവമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.