Thursday, March 12, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 11.23 AM

‘അസുഖത്തിന് നല്‍കിയ മരുന്നിനോ, ബുദ്ധിമുട്ടില്‍ കൊടുത്ത പൈസയ്ക്കോ അവര്‍ക്ക് അയിത്തമില്ല; പളനിയിലെ പഞ്ചാമൃതം കൊടുത്തപ്പോള്‍ മാത്രം അയിത്തം...’ വൈറല്‍ പോസ്റ്റുമായി ഡോ. ആശാ ഉല്ലാസ്

uploads/news/2026/01/821104/Untitled-2.jpg
Dr Asha Ullas about secularism in kerala (Image Source: Facebook)

ജാതിക്കും മതത്തിനും മേലെയാണ് പരസ്പരമുള്ള സ്നേഹവും ബഹുമാനവുമെന്ന് ഇടതടവില്ലാതെ പറയുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇങ്ങനെ പറയുമ്പോഴും ചിലരുടെ മനസ്സിലിപ്പോഴും ജാതിയും മതവും വലിയ തോതില്‍ വേരുറപ്പിച്ചിട്ടുണ്ട്. ഇതരമതസ്ഥർ നൽകുന്ന ആഹാരത്തിന് പോലും മതത്തിന്റെ അതിർവരമ്പുകൾ സൃഷ്ടിക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് ഡോ. ആശാ ഉല്ലാസ്. അസുഖം വരുമ്പോൾ താൻ നൽകുന്ന മരുന്നിനും, ആവശ്യം വരുമ്പോൾ താൻ നൽകുന്ന പണത്തിനും അയിത്തം കാണാത്ത പെന്തക്കോസ്ത് വിശ്വാസികൾ താൻ നൽകിയ ക്ഷേത്രപ്രസാദത്തിന് മാത്രം അയിത്തം കാട്ടിയെന്നാണ് ആശാ ഉല്ലാസിന്റെ കുറിപ്പ്.
‘‘വീടിന്റെ അയൽവക്കത്തു ക്രിസ്ത്യൻ ഫാമിലിക്ക് രാവിലെ പളനിയിൽ നിന്ന് കൊണ്ട് വന്ന പഞ്ചാമൃതം കൊടുക്കാൻ പോയി..
അവർ വാങ്ങിയില്ല. കാരണമായി പറഞ്ഞത്...അവർ ബന്ധിക്കോസ് ആണ്. ഞങ്ങളുടെ വിശ്വാസപ്രകാരം വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടു അമ്പലത്തിൽ നിന്ന് കൊണ്ട് വരുന്ന പ്രസാദം അവർ കഴിക്കില്ലെന്ന്...വേദ പുസ്തകത്തിലെ പത്തു കല്പനകളിൽ ഒന്നാണ് ഇതെന്ന്.
ഞാനല്ലാതെ അന്യ ദൈവം നിനക്കുണ്ടാകരുത് മീതെ സ്വർഗ്ഗത്തിലെങ്കിലും താഴെ ഭൂമിയില്ലെങ്കിലും ഭൂമിക്ക് മീതെ വെള്ളത്തിലെങ്കിലും യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നോവിക്കുകയോ നമസ്കരിക്കുകയോ ചെയ്യരുത്...
അവരെനിക്ക് ഈ വിഷയത്തിൽ ഒരു ക്ലാസ്സ്‌ തന്നെ എടുത്തു തന്നു.... ഞാൻ തർക്കിക്കാൻ ഒന്നും പോയില്ല.. നമ്മൾ എന്തിന് മറ്റുള്ളവരുടെ ആത്മീയവും മതപരമായവുമായ വിശ്വാസങ്ങളിൽ ഇടപെടണം...പക്ഷെ ഈ കുടുംബം എത്രയോ തവണ അസുഖവുമായി വന്നപ്പോ ഞാൻ മരുന്ന് കൊടുത്തിട്ടുണ്ട്.പൈസക്ക് ബുദ്ധിമുട്ട് വന്നപ്പോ ഞാൻ സഹായിച്ചിട്ടുണ്ട്... അപ്പോഴൊന്നും അവർക്ക് അയിത്തമൊന്നും തോന്നിയില്ലേ...
എന്റെ ഭർത്താവും മോനും ശബരിമലയിൽ പോയിട്ട് വന്നപ്പോ കിട്ടിയ അരവണപായസവും ഉണ്ണിയപ്പവും എന്റെ മുസ്ലിം സുഹൃത്തുക്കൾക്ക് കൊടുത്തിട്ടുണ്ട്. ക്രിസ്ത്യൻ ഫാമിലി ഉണ്ടാക്കിയ ഈസ്റ്റെർ അപ്പം ഞാൻ സന്തോഷത്തോടെ കഴിച്ചിട്ടുണ്ട്. എന്തിന് മെക്കയിലും മദീനയിലും പോയപ്പോ മുസ്ലിം സുഹൃത്തുക്കൾ കൊണ്ട് വന്ന സംസം വെള്ളം എന്റെ പൂജമുറിയിൽ ഉണ്ട്.... ഒരു പ്രസാദം കഴിച്ചെന്നു കരുതി ഒരാളുടെയും മത സൗഹാർദ്രം ഒന്നും തകരാൻ പോകുന്നില്ല...ആദ്യമായിട്ടാ ഇങ്ങനെ ഒരു അനുഭവം അത്കൊണ്ട് വിഷമം കൊണ്ട് എഴുതിപ്പോയതാണ്...’’ എന്നാണ് ഡോ. ആശാ ഉല്ലാസ് കുറിച്ചിരിക്കുന്നത്. നിരവധി പേര്‍ ആശാ ഉല്ലാസിന്റെ പോസ്റ്റിനെ പിന്തുണച്ചും മറ്റ് ചിലര്‍ പ്രതികൂലമായും കമന്റുകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇതിനു മുമ്പും സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നെഴുതി ഡോ. ആശാ ഉല്ലാസ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Ads by Google
Friday 16 Jan 2026 11.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW