-->
ന്യൂയോര്‍ക്ക്: ഓട്ടിസം എന്ന അവസ്ഥയുള്ള ബാര്‍ബി പാവയെ അവതരിപ്പിച്ച് യുഎസ് കമ്പനി മാറ്റ്ല്‍. മനുഷ്യരിലെ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പാവയെ അവതരിപ്പിച്ചതെന്ന് ബാര്‍ബിയുടെ നിര്‍മ്മതാക്കളായ മാറ്റ്ല്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് പുതിയ പാവയെ അവതരിപ്പിച്ചത്. ഡൗണ്‍ സിന്‍ഡ്രോം, കാഴ്ചപരിമിതി, വെള്ളപ്പാണ്ട് തുടങ്ങിയ അവസ്ഥകളുള്ള ബാര്‍ബിയെ മാറ്റ്ല്‍ മുന്‍പിറക്കിയിട്ടുണ്ട്.
ഓട്ടിസ്റ്റിക് സെല്‍ഫ് അഡ്വക്കസി നെറ്റ്വര്‍ക്കുമായിച്ചേര്‍ന്ന് 18 മാസമെടുത്താണ് പുതിയ ബാര്‍ബിയെ രൂപകല്‍പ്പന ചെയ്തത്. ഓട്ടിസം എന്ന അവസ്ഥയുള്ളവരെല്ലാം കാഴ്ചയില്‍ ഒരേപോലെയല്ല. ചിലരില്‍ ഈ അവസ്ഥ ശാരീരപ്രകൃതിയില്‍ പ്രകടമാകില്ല. അതിനാല്‍, ഓട്ടിസമുള്ളവരുടെ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ചാണ് പാവയുടെ നിര്‍മിതി. കണ്ണ്, കൈമുട്ട്, കൈത്തണ്ട തുടങ്ങിയവയുടെ രൂപകല്പനയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് സന്നദ്ധസംഘടനയുടെ പ്രതിനിധി നൂര്‍ പര്‍വേസ് പറഞ്ഞു. സംസാരിക്കാന്‍ പ്രയാസപ്പെടുന്ന ഓട്ടിസം ബാധിതരില്‍ ചിലര്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതിനാല്‍ പിങ്ക് ടാബ്ലെറ്റും കയ്യില്‍ നല്‍കി. യുഎസിലിറങ്ങിയ പാവയൊന്നിന് 11.87 ഡോളറാണ് (1070 രൂപ) വില.