-->
ഇന്ന് പ്രണയബന്ധങ്ങള്‍ വിവാഹത്തിലേക്ക് എത്തുന്നത് സാധാരണമാണെങ്കിലും ഇന്ത്യന്‍ മാതാപിതാക്കളെ സംബന്ധിച്ച് മക്കളുടെ പ്രണയം അംഗീകരിച്ചുകൊടുക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ പെട്ടെന്ന് ഒരു ദിവസം ഇതാണെന്റെ ബോയ്ഫ്രണ്ട് എന്നും പറഞ്ഞ് ഒരു യുവാവിനൊപ്പമുള്ള ചിത്രം അമ്മയ്ക്ക് കാണിച്ചുകൊടുത്താല്‍ എന്തായിരിക്കും അവസ്ഥ. അതുപോലെ ഒരു യുവതി തന്റെ അമ്മയ്ക്ക് ഒരു യുവാവിനൊപ്പമുള്ള ചിത്രം കാണിച്ചുകൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. എന്നാല്‍, യുവതി കാണിച്ചുകൊടുക്കുന്നത് എഐ വച്ചുണ്ടാക്കിയ ഒരു ചിത്രമാണ് എന്നതാണ് രസം. ഇത് തന്റെ കാമുകനാണ് എന്നും പറഞ്ഞാണ് ചിത്രം അമ്മയെ കാണിച്ചുകൊടുക്കുന്നത്.
ലഖ്‌നൗവില്‍ നിന്നുള്ള പവനി എന്ന യുവതിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പവനി അമ്മയ്ക്ക് ഒരു ഫോട്ടോ കാണിച്ചുകൊടുക്കുന്നത് കാണാം. ആ ഫോട്ടോയില്‍ പവനിക്കൊപ്പം ഒരു യുവാവും ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. എന്നാല്‍, ഈ ഫോട്ടോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് എന്ന് അവളുടെ അമ്മയ്ക്ക് അറിയില്ല. അമ്മ അപ്പോള്‍ തന്നെ അവളോട് 'ഇത് ആരാണ്' എന്ന് ചോദിക്കുന്നുണ്ട്. അതെന്റെ ഫ്രണ്ട് ആണെന്നും രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ അമ്മയെ കാണാന്‍ വരുമെന്നുമാണ് പവനിയുടെ മറുപടി. അതോടെ അമ്മ ആകെ പരിഭ്രമിച്ചു തുടങ്ങി. പിന്നാലെ ദേഷ്യവും വന്നു
വിവാഹം കഴിക്കണമെങ്കില്‍ ഇനിയും എട്ട് വര്‍ഷമെങ്കിലും കഴിയണം എന്നാണ് അമ്മ യുവതിയോട് പറയുന്നത്. അപ്പോള്‍ പവനിയുടെ മറുപടി '10 വര്‍ഷം വേണമെങ്കിലും കാത്തിരിക്കാന്‍ അവന്‍ തയ്യാറാണ്' എന്നാണ്. അതുകൂടി കേട്ടതോടെ അമ്മ പൊട്ടിത്തെറിക്കുമെന്ന മട്ടായി. വീണ്ടും അവളോട് ഇതാരാണ് എന്ന് ചോദിക്കുന്നത് കേള്‍ക്കാം. 'എന്റെ ജീവിതത്തിന്റെ പ്രണയമാണവന്‍' എന്നെല്ലാം പവനി പറയുന്നുണ്ട്. 'താന്‍ മരണത്തെ തൊട്ട് തിരികെ വന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ അവള്‍ കുറിച്ചിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് അനേകങ്ങള്‍ കമന്റ് നല്‍കിയിട്ടുണ്ട്.