-->
ന്യൂഡല്‍ഹി: ഇറാനിലെ സംഘര്‍ഷം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നു റിപ്പോര്‍ട്ട്. വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെ ഇന്ത്യക്ക് ഉറ്റചങ്ങാതിയായിരുന്ന ബംഗ്ലാദേശിനെ നഷ്‌ടമായിരുന്നു. ഷെയ്‌ഖ് ഹസീന സര്‍ക്കാര്‍ മാറി മുഹമ്മദ് യൂനിസ് സര്‍ക്കാര്‍ വന്നതോടെ ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വഷളായി. ഇറാന്‍ സംഘര്‍ഷം ഇന്ത്യയുടെ തന്ത്രപ്രധാനമായ, സാമ്പത്തിക, നയതന്ത്ര താല്‍പ്പര്യങ്ങളെ നേരിട്ട് ബാധിക്കുമെന്നാണു റിപ്പോര്‍ട്ട്.
ഇറാനിലെ മതപുരോഹിത നേതൃത്വത്തിനു പൊതുജനരോഷം നേരിടാന്‍ കഴിയുമോ എന്നതല്ല ഇന്ത്യയുടെ പ്രശ്‌നം. മറിച്ച്, ഇറാന്‍ ഒരു ഏകീകൃത, സ്‌ഥിരതയുള്ള രാജ്യമായി തുടരുന്നതിലാണ് ഇന്ത്യയുടെ താല്‍പര്യം. വിശ്വസിക്കാവുന്ന പങ്കാളിയെന്ന നിലയില്‍ ഇറാനെ നഷ്‌ടപ്പെടുന്നത് ന്യൂഡല്‍ഹിയുടെ വിദേശനയത്തില്‍ തിരിച്ചടിയാകൃം. ഇന്ത്യയുടെ ഇറാന്‍ നയം രൂപീകരിച്ചത് യാഥാര്‍ത്ഥ്യബോധത്തോടെയാണ്, ഇറാനെ ഇന്ത്യ ഒരിക്കലും ഒരു പ്രത്യയശാസ്‌ത്രപരമായ സഖ്യകക്ഷിയായി കണ്ടിട്ടില്ല. ഈ ബന്ധം അത്യാവശ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വളര്‍ന്നുവന്നത്.പാകിസ്‌താന്‍ അഫ്‌ഗാനിസ്‌ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഭൂമിമാര്‍ഗം തടഞ്ഞപ്പോള്‍, പടിഞ്ഞാറോട്ടുള്ള ഇന്ത്യയുടെ ഏക പ്രായോഗിക പാത ഇറാനിലൂടെയായി. കാലക്രമേണ, ടെഹ്‌റാന്‍ ഒരു തന്ത്രപ്രധാനമായ ബാലന്‍സറായും ഉയര്‍ന്നുവന്നു. പാകിസ്‌ഥാന്റെ സ്വാധീനം കുറച്ചുകൊണ്ട്, പശ്‌ചിമേഷ്യയില്‍ കൂടുതല്‍ വിശാലമായ, അണിചേരാത്ത സമീപനം സ്വീകരിക്കാന്‍ ഇന്ത്യയെ അനുവദിച്ചു.ബംഗ്ലാദേശ് രാഷ്‌ട്രീയപരമായ അനിശ്‌ചിതത്വത്തെ അഭിമുഖീകരിക്കുന്നു, പാകിസ്‌താന്‍ ശത്രുപക്ഷത്ത് തുടരുന്നു, ചൈന ദക്ഷിണേഷ്യയിലും പശ്‌ചിമേഷ്യയിലും ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്ക ആഗോളകാര്യങ്ങളില്‍ പ്രവചനാതീതത ശൈലിയിലാണു മുന്നോട്ടുപോകുന്നത്. ആ സാഹചര്യങ്ങളില്‍, ഇറാനിലെ അസ്‌ഥിരത അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങില്ല.
ദശാബ്‌ദങ്ങളായി, പാകിസ്‌താന്‍ വഴി കടന്നുപോകാതെ അഫ്‌ഗാനിസ്‌ഥാനിലേക്കും മധ്യേഷ്യയിലേക്കും എത്താന്‍ ഇന്ത്യയെ സഹായിച്ച വാതില്‍ ടെഹ്‌റാന്‍ ആയിരുന്നു. ഈ യുക്‌തി ചബാഹാര്‍ തുറമുഖ പദ്ധതിക്ക് ജന്മം നല്‍കി. ഇന്ത്യയുടെ മറ്റൊരു ഇടനാഴി സൃഷ്‌ടിക്കാനും പ്രതികൂലമായ ഭൂമിശാസ്‌ത്രപരമായ പരിമിതികളില്‍നിന്ന് രക്ഷപ്പെടാനുമുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ കരുത്തുപകര്‍ന്നു. ഇറാനിലെ നീണ്ട അസ്‌ഥിരതയോ തര്‍ക്കത്തിലുള്ള അധികാര കൈമാറ്റമോ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ഇന്ത്യ - ഇറാന്‍ വ്യാപാരം പരിമിതമാണെന്ന് വിമര്‍ശകര്‍ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നു. ഇരു രാജ്യങ്ങളുടെയും വാര്‍ഷിക വ്യാപാരം 130 - 170 കോടി ഡോളറിന്റേതാണ്.അത് ഇന്ത്യയുടെ ആഗോള വാണിജ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. യു.എസ്. ഉപരോധം കാരണം എണ്ണ ഇറക്കുമതി ഇല്ലാതായി. പ്രധാനമായും ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ മാത്രമേ അവശേഷിക്കുന്നുള്ളൂ.
പക്ഷേ, ഇറാനിലെ ആദ്യത്തെ 10 കയറ്റുമതി പങ്കാളികളില്‍ ഇന്ത്യ ഇപ്പോഴും ഉള്‍പ്പെടുന്നു. ഇതു ബന്ധത്തിന് ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ആഴമുണ്ടെന്നതിന്റെ സൂചനയാണ്.രണ്ടാമതായി, ഇറാനിലെ അടിസ്‌ഥാന സൗകര്യങ്ങളില്‍, പ്രത്യേകിച്ച് ചബാഹാറില്‍ ഇന്ത്യ ഇതിനകം വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ആ നിക്ഷേപം ഇപ്പോള്‍ അപകടത്തിലാണ്. ഇറാന്‍ ഇന്ത്യക്ക് എളുപ്പത്തില്‍ പകരം വയ്‌ക്കാന്‍ കഴിയുന്ന ഒരു വ്യാപാര പങ്കാളിയല്ല.പാകിസ്‌താന്റെ പ്രാദേശിക സ്വാധീനം പരിമിതപ്പെടുത്തുന്നതില്‍ ഇറാന്‍ നിശബ്‌ദവും നിര്‍ണായകവുമായ പങ്ക് വഹിച്ചിട്ടുണ്ട്. പാകിസ്‌താന്റെ നിലപാടുകളെ, കശ്‌മീര്‍ വിഷയത്തില്‍ പോലും ഇറാന്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. 1990കളില്‍, പാകിസ്‌താന്‍ അഫ്‌ഗാനിസ്‌ഥാനില്‍ ആധിപത്യം ഉറപ്പാക്കാന്‍ താലിബാന്റെ പിന്തുണ തേടിയപ്പോള്‍, ഇറാനും ഇന്ത്യയും ആ തന്ത്രത്തെ എതിര്‍ക്കുന്നതില്‍ ഒരുമിച്ചു.
ഈ സംയോജനം അഫ്‌ഗാനിസ്‌ഥാന്റെ രാഷ്‌ട്രീയ ഭാവി രൂപീകരിക്കുന്നതില്‍ പാകിസ്‌താന് സ്വതന്ത്രമായി ഇടപെടാന്‍ തടസ്സമുണ്ടാക്കി. ദക്ഷിണേഷ്യയില്‍ മുസ്ലീം ലോകത്തിന്റെ ഏക ശബ്‌ദമായി സ്വയം അവതരിപ്പിക്കാനുള്ള ഇസ്ലാമാബാദിന്റെ കഴിവിനെയും അത് കുറച്ചു.ഇറാന്‍ ദുര്‍ബലമായാല്‍, ആ നിയന്ത്രണം അപ്രത്യക്ഷമാകും. ഇറാന്‍ നയതന്ത്രപരമായും ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട്. 1990കളുടെ മധ്യത്തില്‍ പാകിസ്‌താന്‍ കശ്‌മീരിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ നടത്തിയ ശ്രമത്തിനിടെ, ടെഹ്‌റാന്‍ ന്യൂഡല്‍ഹിക്കൊപ്പം നിന്നു. ഇറാനില്‍ ഭരണമാറ്റം ഉണ്ടാകുകയും ഇന്ത്യക്ക് ശത്രുതയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്‌താല്‍ വലിയ നഷ്‌ടമായി മാറും. പശ്‌ചിമേഷ്യയിലെ ഏറ്റവും വലിയ ഷിയാ ശക്‌തിയെന്ന നിലയില്‍ ഇറാന്റെ പങ്ക് ഇന്ത്യയുടെ നയതന്ത്രത്തിന് നിശബ്‌ദമായി ഗുണം ചെയ്‌തിട്ടുണ്ട്.ഐ.എസ്, താലിബാന്‍ തുടങ്ങിയ സുന്നി തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരേ ഇറാന്‍ ഒരു പ്രതിരോധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാനിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ഇന്ത്യക്ക് മറ്റൊരു അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇറാന്‍ ദീര്‍ഘകാല അസ്‌ഥിരത നേരിടുകയോ ദുര്‍ബലവും ബാഹ്യമായി ആശ്രയിക്കുന്നതുമായ ഒരു സര്‍ക്കാര്‍ സ്‌ഥാപിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, ചൈനക്ക് പിടിമുറുക്കാന്‍ കഴിയും. ചബാഹാറിലെ ഇന്ത്യയുടെ മിതമായ സാന്നിധ്യം പോലുള്ളവ നിഷ്‌കരുണം ഒഴിവാക്കപ്പെടാം.