-->
വാഷിങ്‌ടണ്‍ ഡിസി/ടെഹ്‌റാന്‍: ഇറാനില്‍ സംഘര്‍ഷം തുടരവേ സൈനിക വിന്യാസം പ്രഖ്യാപിച്ച് യു.എസ്. ദക്ഷിണ ചൈനാ കടലില്‍നിന്നുള്ള യു.എസ്. പടക്കപ്പല്‍ വ്യൂഹത്തെ പശ്‌ചിമേഷ്യ ഉള്‍പ്പെടുന്ന യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) മേഖലയിലേക്ക് പുനര്‍വിന്യസിച്ചതായി പെന്റഗണ്‍ അറിയിച്ചു.
ഒരു വിമാനവാഹിനിക്കപ്പലും, ഒന്നിലധികം യുദ്ധക്കപ്പലുകളും, ഒരു അന്തര്‍വാഹിനിയും അടങ്ങുന്നതാണ് ഈ പടക്കപ്പല്‍ വ്യൂഹം. യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലാണ് ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നത്. എന്നാല്‍, കപ്പല്‍ ഇറാനു സമീപമെത്താന്‍ ഒരാഴ്‌ച സമയമെടുക്കും.
ഇറാനുമേലുള്ള സമ്മര്‍ദം ശക്‌തമാക്കുന്നതിനിടെയാണ് അമേരിക്ക സൈനിക നീക്കം പുറത്തുവിട്ടത്. നേരത്തെ പ്രക്ഷോഭകാരികള്‍ക്കു വധശിക്ഷ നല്‍കിയാല്‍ ഇറാനെ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു പ്രതികരണമായി സമരക്കാര്‍ക്കു വധശിക്ഷ നല്‍കുകയില്ലെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി ഇറാന്‍ അറിയിച്ചിരുന്നു. അതേ സമയം, ഇറാന്‍ നേതാക്കള്‍ക്കും ആ രാജ്യവുമായി ബന്ധമുള്ള കമ്പനികള്‍ക്കുമെതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. 11 വ്യക്‌തികളും 12 കമ്പനികളും ഉപരോധം നേരിടേണ്ടിവരും. യു.എ.ഇ, ബ്രിട്ടന്‍, സിംഗപുര്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇറാന്‍ ബന്ധങ്ങളുള്ള കമ്പനികളും ഉപരോധം നേരിടുന്നവയില്‍ ഉള്‍പ്പെടും.
അമേരിക്കയുടെ ഏതു വിധത്തിലുള്ള പ്രകോപനത്തെയും നേരിടാന്‍ തയാറാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്(ഐ.ആര്‍.ജി.സി) പ്രഖ്യാപിച്ചു. സാമ്പത്തിക- സൈബര്‍- രാഷ്‌ട്രീയ യുദ്ധങ്ങളെ നേരിടാനും തങ്ങള്‍ തയാറാണെന്നു ഐ.ആര്‍.ജി.സി. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കരാമി അറിയിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ ശക്‌തമാകുന്ന സാഹചര്യത്തില്‍, പ്രക്ഷോഭകാരികളെ പിന്തുണയ്‌ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യു.എസില്‍ സജീവമാണ്. ഇതിനിടയിലുള്ള സൈനിക നീക്കം യു.എസ്. പ്രതിരോധ തന്ത്രങ്ങളിലെ നിര്‍ണായകമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പശ്‌ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, വടക്കുകിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലായി 21 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ മേഖലയാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ ഈജിപ്‌ത്, ഇറാഖ്, അഫ്‌ഗാനിസ്‌ഥാന്‍, ഇറാന്‍, പാകിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
മേഖലയിലെ ഏറ്റവും വലിയ യു.എസ്. സൈനിക കേന്ദ്രമായ ഖത്തറിലെ 'അല്‍ ഉദൈദ്' വ്യോമത്താവളത്തിലെ ഉദ്യോഗസ്‌ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നീക്കം. സൗദി അറേബ്യയിലെ യു.എസ്. എംബസി തങ്ങളുടെ ഉദ്യോഗസ്‌ഥരോട് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.