Wednesday, March 11, 2026 Last Updated 36 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.33 PM

ആരോഗ്യപ്രശ്‌നം: യാത്രികര്‍ ഐ.എസ്‌.എസില്‍നിന്ന്‌ മടങ്ങിയെത്തി

uploads/news/2026/01/820986/int1.jpg

വാഷിങ്‌ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയ(ഐ.എസ്‌.എസ്‌.)ത്തില്‍നിന്നു ആരോഗ്യകാരണങ്ങളാല്‍ ഒഴിപ്പിക്കപ്പെട്ട നാല്‌ ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ മൈക്ക്‌ ഫിന്‍കെ, സീന കാര്‍ഡ്‌മാന്‍, ജപ്പാന്റെ കിമിയ യൂയി, റഷ്യയുടെ ഒലെഗ്‌ പ്ലാറ്റനോവ്‌ എന്നിവരാണു മടങ്ങിയെത്തിയത്‌. ഇവരിലൊരാളുടെ ആരോഗ്യപ്രശ്‌നമാണു മടക്കയാത്ര നേരത്തെയാക്കാന്‍ കാരണമായത്‌. 1998ല്‍ ബഹിരാകാശ നിലയം ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്‌ഥാപിച്ചതിനുശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ ബഹിരാകാശ യാത്രികരെ ഒഴിപ്പിക്കുന്നത്‌ ഇതാദ്യമായാണ്‌.
'ക്രൂ11' എന്നറിയപ്പെടുന്ന സംഘത്തെ ആരോഗ്യപരിശോധനകള്‍ക്കുശേഷം പ്രത്യേക കേന്ദ്രത്തിലേക്കു കൊണ്ടുപോയി. രോഗിയായ ബഹിരാകാശ യാത്രികന്‍ സുഖമായിരിക്കുന്നതായി നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജാരെഡ്‌ ഐസക്‌മാന്‍ പറഞ്ഞു.റഷ്യന്‍ ബഹിരാകാശ യാത്രികന്‍ സെര്‍ജി കുഡ്‌സ്വര്‍ചെക്കോവിനും മറ്റ്‌ രണ്ടുപേര്‍ക്കുമാണ്‌ ഇപ്പോള്‍ ഐ.എസ്‌.എസിന്റെ നിയന്ത്രണം. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ ഒന്നിനാണു 'ക്രൂ11' ഐ.എസ്‌.എസിലെത്തിയത്‌. സാധാരണയായി ആറര മാസത്തെ താമസമാണ്‌ അവര്‍ ലക്ഷ്യമിട്ടിരുന്നത്‌. ഫെബ്രുവരി പകുതിയോടെയാണ്‌ ആ ദൗത്യം പൂര്‍ത്തിയാകേണ്ടതായിരുന്നു. ഭൂമിയില്‍നിന്ന്‌ ഏകദേശം 400 കിലോമീറ്റര്‍ അകലത്തിലാണു രാജ്യാന്തര ബഹിരാകാശ നിലയം. അതു ദിവസവും 16 തവണ ഭൂമിയെ ചുറ്റുന്നു.
മണിക്കൂറില്‍ 28,163 കിലോമീറ്റര്‍ വേഗത്തിലാണു ഭൂമിയെ ചുറ്റുന്നത്‌. ബഹിരാകാശത്തെക്കുറിച്ചും മൈക്രോഗ്രാവിറ്റിയില്‍ ജീവിക്കുന്ന മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിവയിലുള്ള സ്വാധീനത്തെക്കുറിച്ചും ശാസ്‌ത്രീയ പഠനങ്ങള്‍ നടത്തുകയാണു ഐ.എസ്‌.എസിലെത്തുന്ന യാത്രികരുടെ ദൗത്യം. മുമ്പ്‌ രണ്ട്‌ തവണ മാത്രമാണ്‌ ആരോഗ്യപരമായ കാരണങ്ങളാല്‍ ബഹിരാകാശ ദൗത്യങ്ങള്‍ നേരത്തെ അവസാനിപ്പിച്ചിട്ടുള്ളത്‌.1985ല്‍, സോവിയറ്റ്‌ കോസ്‌മോനോട്ട്‌ വ്ലാഡിമിര്‍ വാസ്യൂട്ടിനും സഹയാത്രികര്‍ക്കും സല്യൂട്ട്‌ 7 ബഹിരാകാശ നിലയത്തിലേക്കുള്ള അവരുടെ ദൗത്യം മൂന്നുമാസം മുന്‍പേ അവസാനിപ്പിച്ച്‌ മടങ്ങേണ്ടിവന്നു. 1987ല്‍, ഹൃദയമിടിപ്പിലെ അസ്വാഭാവികത സോവിയറ്റ്‌ കോസ്‌മോനോട്ട്‌ അലക്‌സാണ്ടര്‍ ലവേകൈനെ മിര്‍ ബഹിരാകാശ നിലയത്തില്‍നിന്ന്‌ നേരത്തെ പുറത്തുപോകാന്‍ കാരണമായി.

Ads by Google
Thursday 15 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW