Wednesday, March 11, 2026 Last Updated 30 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.33 PM

ഗാസയുടെ സമാധാനം: രണ്ടാംഘട്ട ചര്‍ച്ച തുടങ്ങും

കെയ്‌റോ: ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച രണ്ടാംഘട്ട ചര്‍ച്ച ഉടന്‍. കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഹമാസ്‌ നേതാക്കളും മറ്റ്‌ പലസ്‌തീനിയന്‍ വിഭാഗങ്ങളുടെ പ്രതിനിധികളും ഈജിപ്‌ തലസ്‌ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്‌. ഹമാസ്‌ നിരായുധീകരണം, ഗാസയില്‍നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റം എന്നിവയാണു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
'സമാധാന ബോര്‍ഡിന്റെ' മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 15 അംഗ പലസ്‌തീനിയന്‍ സാങ്കേതിക വിദഗ്‌ധരുടെ കമ്മിറ്റി രൂപീകരിക്കുന്നതും ചര്‍ച്ചയാകും. ബോര്‍ഡിന്റെ ചെയര്‍മാനായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെയാണു പരിഗണിക്കുന്നത്‌. കമ്മിറ്റിയുടെ രൂപീകരണം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്‌പ്പാണെന്നു മുതിര്‍ന്ന ഹമാസ്‌ നേതാവ്‌ ബസ്സെം നയിം പ്രതികരിച്ചു. സായുധരായ പലസ്‌തീനിയന്‍ വിഭാഗങ്ങളുടെ നിരായുധീകരണം, പുനര്‍നിര്‍മാണം, ദൈനംദിന ഭരണം എന്നിവയുമായി ബന്ധപ്പെട്ട അടുത്ത ഘട്ടങ്ങളെക്കുറിച്ച്‌ അനിശ്‌ചിതത്വം നിലനില്‍ക്കുന്നുണ്ട്‌. വിട്ടുവീഴ്‌ചകള്‍ക്കില്ലെന്ന സൂചനയാണ്‌ ഇസ്രയേല്‍ നല്‍കുന്നത്‌. തങ്ങളുടെ ഉദ്യോഗസ്‌ഥര്‍ കിഴക്കന്‍ ഗാസയിലെ ബഫര്‍ സോണില്‍ തുടരുമെന്ന്‌ ഇസ്രായേല്‍ ആവര്‍ത്തിക്കുന്നുണ്ട്‌. സമാധാന ബോര്‍ഡില്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുള്ള ബള്‍ഗേറിയന്‍ നയതന്ത്രജ്‌ഞനും രാഷ്‌ട്രീയക്കാരനുമായ നികൊളായ്‌ മ്ലാഡെനോവും പലസ്‌തീനിയന്‍ സായുധ ഗ്രൂപ്പുകളുടെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. വരും ദിവസങ്ങളില്‍ ട്രംപ്‌ സാങ്കേതിക വിദഗ്‌ധരുടെ 15 അംഗ കമ്മിറ്റിയിലെ അംഗങ്ങളെ പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. പലസ്‌തീന്‍ വൈസ്‌ പ്രസിഡന്റ്‌ ഹുസൈന്‍ അല്‍ഷെയ്‌ഖ്‌ ഗാസ സമാധാന പദ്ധതി മുന്നോട്ട്‌ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്‌തു. ഗാസയിലെ സ്‌ഥാപനങ്ങള്‍ വെസ്‌റ്റ്‌ ബാങ്കിലെ പലസ്‌തീന്‍ അതോറിറ്റി നടത്തുന്ന സ്‌ഥാപനങ്ങളുമായി ബന്ധിപ്പിക്കണമെന്നും, 'ഒരു രാജ്യം, ഒരു നിയമം, ഒരു നിയമപരമായ ആയുധം' എന്ന തത്വം പാലിക്കണമെന്നും അദ്ദേഹം വാദിച്ചു. അതേ സമയം, ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫ്‌ പ്രഖ്യാപിച്ചു. വിറ്റ്‌കോഫിന്റെ ആദ്യ പ്രസ്‌താവനയില്‍ ഇസ്രായേല്‍ പിന്മാറ്റം, മാനുഷിക സഹായവും അവശ്യവസ്‌തുക്കളും ഗാസയിലേക്ക്‌ പ്രവേശിപ്പിക്കാന്‍ അനുവദിക്കുക തുടങ്ങിയവയെക്കുറിച്ച്‌ പരാമര്‍ശമുണ്ടായിരുന്നില്ല. വെടിനിര്‍ത്തല്‍ കരാറിന്റെ മറ്റ്‌ മധ്യസ്‌ഥരായ ഈജിപ്‌ത്‌, തുര്‍ക്കി, ഖത്തര്‍ എന്നിവര്‍ ഒരു സംയുക്‌ത പ്രസ്‌താവനയില്‍, ഗാസയില്‍ സ്‌ഥിരതയും മാനുഷിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള ഒരു 'പ്രധാന മുന്നേറ്റമാണ്‌' പ്രഖ്യാപനം എന്ന്‌ വ്യക്‌തമാക്കി. 20 ലക്ഷത്തിലധികം പലസ്‌തീനികള്‍ക്ക്‌ പൊതു സേവനങ്ങള്‍ നല്‍കുന്നതിന്‌ പുതിയ ഭരണ സംവിധാനത്തിന്‌ ചുമതലയുണ്ടാകും. എന്നാല്‍ അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധനസഹായത്തെക്കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്‌.
ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച്‌, പുനര്‍നിര്‍മാണത്തിന്‌ 5000 കോടി ഡോളറിലധികം ചെലവ്‌ വരും. അതിന്റെ ചെറിയ ഭാഗം മാത്രമാണു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. സമാധാന പ്രക്രിയ വര്‍ഷങ്ങളോളം എടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അറബ്‌, രാജ്യാന്തര ദാതാക്കളുടെ പിന്തുണയോടെയുള്ള ലോക ബാങ്കിന്റെ ഒരു പ്രത്യേക ഫണ്ടില്‍നിന്ന്‌ ധനസഹായം നല്‍കും.

Ads by Google
Thursday 15 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW